Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

34,000 അടി മുകളിൽ, ചൈനീസ് വിമാനം നമ്പർ മാറ്റിയത് എന്തിന്?

Boeing-747

കിം ‍ജോങ് ഉന്നിനെ സിംഗപ്പൂർ ചർച്ചയ്ക്ക് എത്തിച്ച വിമാനം ഉത്തര കൊറിയ ആവശ്യപ്പെട്ട പ്രകാരമാണ് നൽകിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എയർ ചൈനയുടെ ബോയിങ് 747 ജെറ്റ് കിം ജോങ് ഉൻ തന്നെയാണ് ആവശ്യപ്പെട്ടതെന്നും ചൈന അറിയിച്ചു. എന്നാൽ വാടകയ്ക്ക് ആണോ ഫ്രീ ആണോ എന്നത് സംബന്ധിച്ച് വ്യക്തത നൽകിയില്ല.

ജൂൺ 10 ന് രാവിലെ ഉത്തര കൊറിയയിൽ നിന്നു തിരിച്ച വിമാനം ചൈന വഴി സംഗപ്പൂരിൽ എത്തുമ്പോഴേക്കും ചില മാറ്റങ്ങളൊക്കെ സംഭവിച്ചതും ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ട്. ചൈനയിലെ പ്രീമിയർ ലി കെക്യാങ് വിദേശ യാത്രകൾക്കായി ഉപയോഗിക്കുന്ന വിമാനമാണ് കിമ്മിന്റെ യാത്രയ്ക്ക് വിട്ടു നൽകിയത്. വ്യക്തിപരമായ ആവശ്യത്തിന് ബോയിങ് 747 വിമാനം വേണമെന്നാണ് കിം ജോങ് ഉൻ ചൈനയോടു ആവശ്യപ്പെട്ടത്.

എന്നാൽ, പ്രാദേശിക സമയം രാവിലെ 8.30ന് പ്യോങ്യാംഗ് എയർപോർട്ടിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ വിമാനത്തിന്റെ നമ്പർ സിഎ122 എന്നായിരുന്നു. പിന്നീട് ബെയ്ജിങ്ങിന് മുകളിലെത്തുമ്പോൾ, അതായത് 34,000 അടി ഉയരത്തിൽ വച്ച് കിമ്മിന്റെ വിമാനത്തിന്റെ നമ്പർ മാറ്റി. സിംഗപ്പൂരിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ വിമാനത്തിന്റെ നമ്പർ സിഎ61 എന്നായിരുന്നു. എയർട്രാഫിക് കണ്‍ട്രോൾ അധികൃതർ ആശയവിനിമയത്തിനായി ഈ നമ്പർ ആണ് ഉപയോഗിക്കുന്നത്.

ചൈനയിലെ രാഷ്ട്രീയ നേതാക്കൾ നാലു ബോയിങ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. B-2443, B-2445, B-2447, B-2472 എന്നിവയാണിത്. ചൈനീസ് പ്രസിഡന്റ ഉപയോഗിക്കുന്നത് ബി–2472 വിമാനമാണ്. എന്നാൽ കിം ജോങ് ഉൻ യാത്ര ചെയ്തത് 20 വർഷം പഴക്കമുള്ള ബി–2447 വിമാനത്തിലാണ്.

സോവിയറ്റ് നിർമിത കൊറിയൻ വിമാനമായ ഇലുഷിൻ Il-62 ഇതുവരെ ഇത്രയും ദൂരം പറന്നിട്ടില്ല. ഇതിനാലാണ് ചൈനയുടെ സഹായം തേടിയത്. എന്നാൽ ട്രംപ് എയർഫോഴ്സ് വണ്ണിൽ വന്നിറങ്ങുമ്പോൾ കുറഞ്ഞത് മികച്ച വിമാനത്തിൽ യാത്ര ചെയ്യണമെന്ന് കിമ്മും ആഗ്രഹിച്ചിരിക്കുമെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, കിം ജോങ് ഉന്നിന് ചൈയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണിത്. യാത്രയുടെ പൂർണ്ണ സുരക്ഷയും ചൈന തന്നെയാണ് ഏറ്റെടുത്തത്. എന്നാൽ ലാൻഡ് ചെയ്യാതെ, പറക്കുന്നതിനിടെ വിമാനത്തിന്റെ നമ്പർ മാറ്റിയതിന് പിന്നിലെ രഹസ്യമെന്താണെന്നാണ് മിക്കവരും ചോദിക്കുന്നത്. ഇതും ചൈനയുടെ സുരക്ഷയുടെ ഭാഗമായിരുന്നോ?

related stories