റഫാലില്‍ അനിൽ അംബാനി എത്തിയ വഴി... റിപ്പോർട്ടുമായി ‘ഫ്രാൻസ് 24’

റഫാൽ യുദ്ധവിമാന ഇടപാടിൽ അനുബന്ധ കരാറിന് അനിൽ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തത് ആരാണെന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചോദ്യം ഉയർത്തി ഫ്രഞ്ച് ടിവി ചാനലും. റഫാൽ ഇന്ത്യയിൽ സൃഷ്ടിച്ചിട്ടുള്ള രാഷ്ട്രീയ കോളിളക്കം സംബന്ധിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഫ്രാൻസ് 24 ചാനലാണ് തങ്ങളുടെ ഓൺലൈൻ പതിപ്പിൽ വാർത്ത നൽകിയിട്ടുള്ളത്. അനിൽ അംബാനിക്കെതിരെ ശക്തമായ വിമർശനമുള്ള ലേഖനത്തിലൊരിടത്താണ് ഫ്രഞ്ച് കമ്പനിയായ ഡസോൾട്ട് അല്ലെങ്കിൽ അനിൽ അംബാനിയുടെ കമ്പനിയെ അനുബന്ധ കരാറിന് തിരഞ്ഞെടുത്തത് ആരെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യം ആവർത്തിക്കുന്നത്. ഡസോൾട്ട് ആ പേര് നിർദേശിച്ചാൽ‌ തന്നെ കരാറിന്‍റെ രാഷ്ട്രീയവും സാമ്പത്തികവുമായ വ്യാപ്തി പരിശോധിക്കുമ്പോൾ ഇതു സംബന്ധിച്ച് ഇന്ത്യൻ സർക്കാര്‍ പ്രതികരിക്കാതിരുന്നത് അദ്ഭുതമാണെന്ന വിദഗ്ധ വിലയിരുത്തലും ലേഖനം പങ്കുവയ്ക്കുന്നുണ്ട്.

വ്യോമയാന മേഖലയിൽ മുൻപരിചയമില്ലാത്ത അനിൽ അംബാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും ആരാധകനുമാണെന്ന് ലേഖനത്തിൽ പറയുന്നു. 2016 ൽ മോദിക്കയച്ച ജന്മദിന സന്ദേശത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ നേതാക്കൻമാരുടെ നേതാവായും രാജാക്കൻമാരുടെ രാജാവായും കണ്ണുകള്‍ തുറന്നുവച്ച് സ്വപ്നം കാണുന്ന വ്യക്തിയായും അനിൽ അംബാനി വിശേഷിപ്പിച്ചത് ആരാധനയുടെ ആഴം വ്യക്തമാക്കുന്ന ഒന്നാണ്. 

പ്രധാമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലെത്തി റഫാൽ ഉടമ്പടി പ്രഖ്യാപിക്കുന്നതിന് 13 ദിവസം മുൻപ് മാത്രം രൂപീകൃതമായ റിലയൻസ് ഡിഫൻസിന് അനുബന്ധ കരാർ ലഭിച്ചത്. മോദിക്കൊപ്പം ഫ്രാൻസിലെത്തിയ വ്യവസായ പ്രമുഖരിൽ അംബാനിയുമുണ്ടായിരുന്നു എന്നതും ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജീവ് ഗാന്ധി സർക്കാരിനെ വീഴ്ത്തിയ ബൊഫോഴ്സ് ഇടപാടു പോലെ 2019ലെ തിരഞ്ഞെടുപ്പിൽ റഫാൽ ഇടപാടു ബിജെപി സർക്കാരിനെ താഴെയിടുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷയെന്നും ലേഖനം പറയുന്നു. വൻകിട മുതലാളികളോടുള്ള സൗഹൃദം സംബന്ധിച്ച ആരോപണങ്ങൾ മോദിയെ എന്നും വേട്ടയാടിയിട്ടുണ്ട്. 2019 പൊതുതിരഞ്ഞെടുപ്പിനോട് അടുക്കുമ്പോൾ ഇത് വർധിച്ചിരിക്കുകയാണ്. സമ്പന്നരായ വ്യക്തികളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള സ്വകാര്യ സംഭാവനകൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് എന്നും ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ബിജെപി ഇതിനെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തിയതായാണ് ന്യൂഡൽഹി ആസ്ഥാനമായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോം പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നതെന്നും ലേഖനം പറയുന്നു.