‘വാങ്ങുന്നത് ജെറ്റ് അല്ല, യുദ്ധോപകരണങ്ങളുള്ള റഫാൽ’ മന്ത്രിമാർക്ക് ഡോവലിന്റെ ക്ലാസ്

റഫാല്‍ ഇടപാടില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ഫലപ്രദമായി നേരിടുന്നതിന് നരേന്ദ്ര മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് രണ്ടരമണിക്കൂര്‍ നീണ്ട മാരത്തോണ്‍ ക്ലാസ് നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജെറ്റ് വിമാനത്തിനല്ല അതില്‍ ഉള്‍പ്പെടുത്തുന്ന യുദ്ധോപകരണങ്ങള്‍ക്കാണ് കൂടുതല്‍ പണം ചിലവാക്കിയതെന്നാണ് വിദഗ്ധര്‍ വിശദീകരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഡിഫന്‍സ് പ്രൊഡക്‌ഷന്‍ സെക്രട്ടറി അജയ് കുമാര്‍ എന്നിവരാണ് മന്ത്രിസഭയെ കാര്യങ്ങള്‍ പഠിപ്പിച്ചത്. 

രണ്ട് സര്‍ക്കാരുകള്‍ തമ്മിലാണ് റഫാല്‍ കരാറെന്നും അതുകൊണ്ടു തന്നെ അഴിമതിക്ക് സാധ്യത തന്നെ കുറവാണ്. ആധുനിക യുദ്ധോപകരണങ്ങളോടെ എത്തുന്ന റഫാല്‍ ജെറ്റുകള്‍ ഭാവിയില്‍ ഇന്ത്യന്‍ സേനക്ക് മുതല്‍കൂട്ടാകും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് 150 മിനിറ്റ് നീണ്ട ക്ലാസില്‍ അജിത് ഡോവലും അജയ്കുമാറും വിശദീകരിച്ചത്. 

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റഫാല്‍ കരാറിനെതിരെ വലിയ തോതില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുള്ളപ്പോള്‍ ഇതുമായി ബന്ധപ്പെട്ട നിര്‍മാണ കരാര്‍ സ്വകാര്യ സ്ഥാപനത്തിന് നല്‍കിയതടക്കം വിവാദമായിരുന്നു. 

യുപിഎ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ മികച്ചതാണ് നിലവില്‍ ഫ്രാന്‍സുമായുള്ള റഫാല്‍ കരാറെന്നാണ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദം. അന്ന് ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നത് മാത്രമായിരുന്നു കരാറിലുണ്ടായിരുന്നത്. ഇത്തരം വിമാനങ്ങള്‍ പറത്താനാകുമെന്നല്ലാതെ പ്രതിരോധരംഗത്ത് വലിയ ഉപകാരമില്ല. ഈ പോര്‍ വിമാനങ്ങള്‍ക്ക് ആവശ്യമായ പ്രതിരോധ ഉപകരണങ്ങള്‍ കൂടി കരാറില്‍ ഉള്‍പ്പെടുത്തുകയാണ് എന്‍ഡിഎ ചെയ്തതെന്ന് ജെയ്റ്റ്‌ലി ന്യായീകരിക്കുന്നു. 

സര്‍ക്കാരുകള്‍ തമ്മിലാണ് കരാര്‍ നടക്കുന്നത്. നേരത്തെ ഉറപ്പിച്ചതിനേക്കാള്‍ 20 ശതമാനം കുറഞ്ഞ തുകയ്ക്കാണ് കരാര്‍ ഇപ്പോഴെന്നും 2007ലേയും 2016ലേയും കറന്‍സി വിനിമയത്തിലുണ്ടായ വ്യത്യാസം കൂടി കണക്കിലെടുക്കണമെന്നും ജെയ്റ്റ്‌ലി പറയുന്നു. പ്രതിരോധ സാങ്കേതിക വിദ്യ വാങ്ങിച്ചെടുക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ യാതൊരു ശ്രദ്ധയും ചെലുത്തിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. രാജ്യത്ത് 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ചതിന് ശേഷം നിരവധി വിദേശ കമ്പനികള്‍ പ്രതിരോധ മേഖലയില്‍ മുതല്‍ മുടക്കാന്‍ തയ്യാറായിട്ടുണ്ട്. പൊതുമേഖലക്കൊപ്പം സ്വകാര്യമേഖലയെകൂടി കണക്കിലെടുക്കണമെന്നാണ് സര്‍ക്കാര്‍ നയമെന്നും ജെയ്റ്റ്‌ലി വിശദീകരിക്കുന്നു. 

എട്ട് മാസങ്ങള്‍ക്കുശേഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി സര്‍ക്കാരിന്റെ ഈ നീക്കം. ക്ലാസില്‍ പങ്കെടുത്ത മന്ത്രിമാര്‍ അടുത്ത ഒരാഴ്ച്ചക്കുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊതുപരിപാടികളില്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് സര്‍ക്കാര്‍ നയം വിശദമാക്കുന്ന ക്യാംപയിനാണ് ലക്ഷ്യമിടുന്നത്.