യുദ്ധവിമാന കച്ചവടത്തിനു പിന്നിൽ നിരവധി രഹസ്യ, പരസ്യങ്ങൾ

ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങുന്ന 36 റഫാൽ പോർവിമാനങ്ങളും തുടർ വിവാദങ്ങളുമാണ് ഇപ്പോഴത്തെ മുഖ്യ ചർച്ചാ വിഷയം. ഇന്ത്യ ഇതിനു മുൻപും പോർവിമാനങ്ങൾ വാങ്ങിയിട്ടുണ്ട്. എന്നാൽ ഇത്രയും വിവാദങ്ങൾ ഉണ്ടായ ചരിത്രമില്ല. റഫാൽ പോർവിമാനത്തിന്റെ പേരിൽ മാത്രം ഇത്രയും വിവാദമുണ്ടാകാൻ കാരണമെന്താണ്? എന്താണ് റഫാലിന്റെ ഗുണങ്ങൾ? ജെറ്റ് വിമാനങ്ങളും റഫാലും തമ്മിലെന്താണു വ്യത്യാസം?

പോർവിമാന കച്ചവടം ചെറിയ കാര്യമല്ല

ലോകത്ത് നിരവധി രാജ്യങ്ങൾ ഓരോ വർഷവും പോർവിമാനങ്ങളും മറ്റു സൈനിക വിമാനങ്ങളും വാങ്ങുന്നുണ്ട്. രാജ്യസുരക്ഷയ്ക്കായി ചെറിയ പോർവിമാനങ്ങൾ മുതൽ അത്യാധുനിക ശേഷിയുള്ള വിമാനങ്ങൾ വരെ മിക്ക രാജ്യങ്ങളും കോടികൾ മുടക്കിയാണു വാങ്ങുന്നത്. കൈയില്‍ വേണ്ടുവോളം പണമുള്ള രാജ്യങ്ങൾ അത്യാധുനിക പോർവിമാനങ്ങൾ വാങ്ങുമ്പോൾ മറ്റു ചില രാജ്യങ്ങൾ പഴയ തലമുറയിലുള്ള പോർവിമാനങ്ങളും പഴയ സാങ്കേതിക വിദ്യകളും വാങ്ങുന്നു.

അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, യൂറോപ്യൻ യൂണിയന്‍...

ലോകത്തെ മൊത്തം പോര്‍വിമാന കച്ചവടവും നിയന്ത്രിക്കുന്നത് അമേരിക്കയും റഷ്യയും തന്നെയാണ്. തൊട്ടുപിന്നാലെ ചൈനയും ഫ്രാന്‍സും. സാങ്കേതികമായി ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ് പോർവിമാന കച്ചവടം. ഷോറൂമിൽ പോയി വാഹനം വാങ്ങുന്നതു പോലെ പോർവിമാന കച്ചവടം നടക്കില്ല. പ്രതിരോധ മേഖലയിലെ വിവിധ പോര്‍വിമാനങ്ങളുടെയും ചരക്കു കടത്തു വിമാനങ്ങളുടെയും ടെക്നോളജിയും വിലയും വ്യത്യസ്തമാണ്.

അത്യാധുനിക സംവിധാനങ്ങളുള്ള പോർവിമാനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് ഭാവിയിൽ കാര്യമായി വലിയ മാറ്റമൊന്നും നടത്താനാകില്ല. പോർവിമാനം നിർമിച്ചു നൽകുന്ന കമ്പനികളുടെ സാങ്കേതിക സഹായം തേടേണ്ടിവരും. ചില കമ്പനികൾ കരാർ പ്രകാരം പോർവിമാന ടെക്നോളജി/gx കൈമാറ്റം ചെയ്യാറുണ്ട്. എന്നാൽ യുഎസ് പോർവിമാനങ്ങളുടെ ടെക്നോളജി കൈമാറ്റം അപൂർവമാണ്. മികച്ച പോർവിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്നത് അമേരിക്കയും റഷ്യയും തന്നെയാണ്. ഏറ്റവും കൂടുതൽ രാജ്യങ്ങൾ ഉപയോഗിക്കുന്നതും ഇവരുടെ പോർവിമാനങ്ങളാണ്.

ഫ്രാൻസിന്റെ റഫാൽ

ഈ മേഖലയിൽ വർഷങ്ങളായി പരിചയസമ്പത്തുള്ള അമേരിക്കയും റഷ്യയും ചൈനയും വിവിധ സീരീസിലുള്ള നിരവധി മോഡൽ പോർവിമാനങ്ങൾ നിർമിക്കുമ്പോൾ ഫ്രാൻസും യൂറോപ്യൻ യൂണിയനും ഒരൊറ്റ മോഡൽ പോർവിമാനങ്ങൾ മാത്രമാണ് പുറത്തിറക്കുന്നത്. ഫ്രാൻസിന്റേത് റഫാലും യൂറോപ്യന്‍ യൂണിയന്റെത് യൂറോ ഫൈറ്റർ ടൈഫൂണുമാണ്.

യുഎസിന്റെ എഫ് സീരീസിലുള്ള പോർവിമാനങ്ങളുടെ നിരവധി പതിപ്പുകൾ ഗൾഫ് രാജ്യങ്ങളും പാക്കിസ്ഥാനും ഇസ്രയേലും അടക്കമുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. റഷ്യയുടെ സുഖോയ്, മിഗ്ഗ് പോർവിമാനങ്ങൾ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്. ചൈനയുടെ ജെഎഫ് സീരീസിലുള്ള പോർവിമാനങ്ങൾ പാക്കിസ്ഥാൻ ഉൾപ്പടെയുള്ള ചില രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ട്.

എന്തു കൊണ്ട് പോർവിമാന കരാറുകൾ വൈകുന്നു?

രാജ്യസുരക്ഷയ്ക്കു വേണ്ട പോർവിമാനങ്ങൾ വാങ്ങുമ്പോൾ കരാർ ഒപ്പുവയ്ക്കാൻ വൈകുന്നതു പതിവാണ്. നിരവധി നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് പോർവിമാന കരാറുകൾ അവസാന ഘട്ടത്തിലെത്തുന്നത്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ, നയതന്ത്ര ബന്ധം കൂടിയായതിനാൽ കരാറിന്മേൽ വർഷങ്ങളോളം ചർച്ച നടക്കാറുണ്ട്. റഫാലിന്റെ കാര്യത്തിലും സംഭവിച്ചത് ഇതാണ്.

ഓരോ രാജ്യത്തിനും അവർ ആവശ്യപ്പെട്ട രീതിയിൽ വിമാനങ്ങൾ നിർമിച്ചു നൽകാൻ തയാറായാൽ മാത്രമേ കരാർ ചർച്ചകൾ മുന്നോട്ടു പോകൂ. റഫാലിന്റെ കാര്യത്തിൽഇന്ത്യ ആവശ്യപ്പെട്ടത് ഫ്രാൻസിന്റെ കൈവശമുള്ള റഫാലിനേക്കാൾ മികച്ച പോർവിമാനമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാൽ ഇന്ത്യയുടെ റഫാലിൽ എന്തൊക്കെ ഘടിപ്പിച്ചിട്ടുണ്ടാകുമെന്ന് ഇരു രാജ്യങ്ങളും വെളിപ്പെടുത്തില്ല. റഫാലിന്റെ ഇന്ത്യൻ പതിപ്പിലെ സംവിധാനങ്ങളുടെ പട്ടിക പുറത്തുവിട്ടാൽ ഇന്ത്യയ്ക്കു പുറത്തു തന്നെ അതു മറ്റൊരു വിവാദത്തിന് കാരണാകുമെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധർ പറയുന്നത്.

പോർവിമാനവും എൻജിനുകളും

പോർവിമാനങ്ങളുടെ ഏറ്റവും വലിയ ശക്തി എൻജിൻ തന്നെയാണ്. മിക്ക രാജ്യങ്ങൾക്കും സ്വന്തമായി പോർവിമാനം നിർമിക്കാൻ തടസ്സം നിൽക്കുന്നത് എൻജിൻ തന്നെയാണ്. ഇന്ത്യ തന്നെ വർഷങ്ങളോളം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയാണ് തേജസ്സിന്റെ എൻജിൻ വികസിപ്പിച്ചെടുത്തത്. ഇക്കാര്യത്തിൽ ഇന്ത്യ ഇന്നും കാര്യമായ മുന്നേറ്റം നടത്തിയിട്ടില്ല. കാവേരി എൻജിൻ നിർമിച്ച ഇന്ത്യ ഇക്കാര്യത്തിൽ പരാജയപ്പെട്ടതാണ്. ഇവിദേശ സഹായത്തോടെ ഇതു വീണ്ടും നിർമിക്കാനും നീക്കം നടക്കുന്നുണ്ട്.

വർഷങ്ങൾക്കു മുൻപ് റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയ അത്യാധുനിക പോർവിമാനം സുഖോയ്-30 ന് അന്നത്തെ സർക്കാർ പ്രത്യേകം എൻജിനുകളാണ് ആവശ്യപ്പെട്ടത്. ത്രസ്റ്റ് വെക്ടറിങ് എൻജിനായിരുന്നു ആവശ്യം. അന്ന് റഷ്യൻ വ്യോമസേനയുടെ പോർവിമാനങ്ങളിൽ പോലും ഈ എൻജിൻ ഉപയോഗിച്ചു തുടങ്ങിയിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി മാത്രം റഷ്യൻ ടെക് വിദഗ്ധർ മികച്ച എൻജിൻ വികസിപ്പിച്ചെടുക്കുകയായിരുന്നു. അന്ന് എൻജിന്റെ കാര്യത്തിൽ ഇന്ത്യ പ്രത്യേക താൽപര്യമെടുത്തതിനാൽ സുഖോയ് ഇന്നും പ്രതിരോധ വിപണിയിൽ വേറിട്ടുനിൽക്കുന്നു. ലോകത്തെ ഏറ്റവും മികച്ച എയർ സുപ്പീരിയോരിറ്റി പോർവിമാനങ്ങളിൽ ഒന്നാണ് ഇന്ത്യയുടെ സുഖോയ്–30 എംകെഐ. പല കാര്യങ്ങളിലും യുഎസ്, യൂറോപ്യൻ പോർവിമാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണിത്.

നാളെ: പോർവിമാനങ്ങളുടെ വിലയും ചില വസ്തുതകളും