ചുഴലിക്കാറ്റിൽ കോടികളുടെ വിമാനങ്ങൾ തകർന്നു; 'പ്രേതഭൂമി'യായി ഫ്ലോറിഡ

അമേരിക്കയെ വിറപ്പിച്ച മൈക്കിൾ ചുഴലിക്കാറ്റിൽ ഫ്ലോറിഡ നഗരം പ്രേതഭൂമിയായി. ആകാശത്തു നിന്നു പകർത്തിയ കാഴ്ചകൾ അമ്പരിപ്പിക്കുന്നതാണ്. അപ്രതീക്ഷിതമായി കരുത്താര്‍ജിച്ച മൈക്കിൾ ചുഴലിക്കാറ്റ് മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്ലോറിഡയില്‍ ആഞ്ഞടിച്ചത്. ‌

അമേരിക്കൻ വ്യോമസേനയുടെ അത്യാധുനിക പോർവിമാനങ്ങൾ വരെ തകർന്നു നിലത്തു കിടക്കുന്ന കാഴ്ചകൾ കാണാം. ടിൻഡൽ എയർഫോഴ്സ് ബേസിൽ നിന്നുള്ള ആകാശ കാഴ്ച ഞെട്ടിക്കുന്നതാണ്. നിരവധി പോർവിമാനങ്ങള്‍ പൊട്ടിപൊളിഞ്ഞ് തകർന്നു കിടക്കുന്നു. എന്നാൽ ഈ പോർവിമാനങ്ങൾ എങ്ങനെയാണ് തകർന്നതെന്നത് സംബന്ധിച്ച് യുഎസ് വ്യോമസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

വിമാനങ്ങൾ തകർന്നു കിടക്കുന്ന ചിത്രങ്ങൾ ചില ട്വിറ്റർ പേജുകളിലും ഫെയ്സ്ബുക് വിഡിയോകളിലുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോടിക്കണക്കിന് രൂപ വിലവരുന്ന എഫ്–22 റാപ്റ്റർ സ്റ്റെൽത്ത് പോര്‍വിമാനങ്ങൾ വരെ ചിറകൊടിഞ്ഞും മറിഞ്ഞും കിടക്കുന്നത് കാണാം. എത്ര വിമാനങ്ങൾ തകർന്നിട്ടുണ്ടെന്ന് വ്യക്തമല്ല.

ഇതിൽ ചില പോർവിമാനങ്ങൾ അറ്റകുറ്റപണികൾക്കായി ഷെഡിൽ കയറ്റിയതാണെന്നും ചുഴലിക്കാറ്റിൽ വിമാനങ്ങൾക്ക് വൻ നാശനഷ്ടം സംഭവിച്ചെന്നുമാണ് പേരുവെളിപ്പെടുത്താത്ത യുഎസ് വ്യോമസേന വക്താവ് പറഞ്ഞത്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ടിൻഡൽ എയർഫോഴ്സ് ബേസിൽ 55 എഫ്–22 പോർവിമാനങ്ങളുണ്ടെന്നാണ്. ഇതിൽ 33 എണ്ണം ചുഴലിക്കാറ്റ് വരും മുന്‍പെ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി. എന്നാൽ 22 പോര്‍വിമാനങ്ങൾ ടിൻഡൽ എയർഫോഴ്സ് വ്യോമതാവളത്തിൽ തന്നെ നിലനിർത്തി.

2005 ലാണ് എഫ്–22 റാപ്റ്റര്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ഒരു വിമാനത്തിന് 14.3 കോടി ഡോളറാണ് നിർമാണ ചിലവ്. എഫ്–22 പോർവിമാനത്തിന്റെ നിർമാണം 2011 ൽ തന്നെ ലോക്ക്ഹീഡ് മാർട്ടിൻ നിർത്തിവെച്ചിരുന്നു. ആകാശത്ത് നിന്ന് പകർത്തിയ വിഡിയോയിൽ എഫ്–16 ഫാൽക്കൺ, എഫ്–15 ഈഗിൾ, ക്യുഎഫ്–16എസ്, എംയു–2എസ് എന്നീ വിമാനങ്ങളും തകർന്നു കിടക്കുന്നത് കാണാം.

1992ലെ ആന്‍ഡ്രൂ ചുഴലിക്കാറ്റിനുശേഷം മേഖലയില്‍ വീശുന്ന ഏറ്റവും ശക്തമായ ചുഴലിയാണിത്. കാറ്റഗറി നാലില്‍ ഉള്‍പ്പെട്ട മൈക്കിൾ മെക്‌സിക്കന്‍ തീരത്താണ് ആദ്യം വീശിയത്. തീരത്താകെ കനത്തനാശം വിതച്ചാണു ചുഴലിക്കാറ്റ് ഫ്ലോറിഡയിലേക്കു നീങ്ങിയത്. കാറ്റിനുപിന്നാലെ കനത്ത മഴയും പ്രളയവുണ്ടായി.