ഇന്ത്യയ്ക്ക് കീഴടങ്ങി അമേരിക്ക; S–400 നു പകരം 114 എഫ്-16 വാങ്ങണമെന്ന് ട്രംപ് ഭരണകൂടം?

റഷ്യയിൽ നിന്ന് 40,000 കോടി രൂപയ്ക്ക് വ്യോമ പ്രതിരോധ സംവിധാനം എസ്–400 വാങ്ങുന്ന ഇന്ത്യയുടെ നീക്കത്തിനെതിരെ പുതിയ തന്ത്രവുമായി അമേരിക്ക. റഷ്യയിൽ നിന്ന് എസ്–400 വാങ്ങുന്നതിനു പകരമായി അമേരിക്കയിൽ നിന്ന് 114 എഫ്–16 പോർവിമാനങ്ങൾ വാങ്ങണമെന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം. ദേശീയ മാധ്യമങ്ങളാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്തുവിട്ടത്. 

റഷ്യയിൽ നിന്ന് എസ്–400 വാങ്ങിയാൽ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഇന്ത്യ പദ്ധതിയിൽ നിന്ന് പിൻമാറിയില്ല. ഇതോടൊപ്പം ഇന്ത്യയും റഷ്യയും കൂടുതല്‍ പ്രതിരോധ കരാറുകള്‍ ഒപ്പിടുന്നതിേലക്ക് വരെ കാര്യങ്ങളെത്തി.

റഷ്യന്‍ നീക്കങ്ങളെ മറികടക്കാൻ ഇന്ത്യയെ മറ്റൊരു വഴിക്ക് നയിച്ചുനോക്കാനാണ് ട്രംപ് ഭരണക്കൂടം ഇപ്പോൾ നീക്കം നടത്തുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യയിൽ പോർവിമാനം നിർമിക്കാമെന്നും ഇതിലൂടെ യുഎസ് ബന്ധം നിലനിർത്തണമെന്നുമാണ് ആവശ്യം. അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിനുമായി ചേർന്ന് 114 പോർവിമാനങ്ങൾ നിര്‍മിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് പദ്ധതിയുണ്ട്. എന്നാല്‍, ഇപ്പോൾ പാക്കിസ്ഥാന്റെ കൈവശമുള്ള എഫ്–16 പോർവിമാനം ഇന്ത്യയ്ക്ക് താൽപര്യമില്ലെന്നാണ് അറിയുന്നത്.

വ്യോമസേനയ്ക്ക് അടിയന്തരമായി വേണ്ട 114 പോര്‍വിമാനങ്ങൾ നിർമിക്കാൻ പ്രതിരോധ മന്ത്രാലയം നേരത്തെ തന്നെ ടെൻഡർ വിളിച്ചിരുന്നു. വിദേശ കമ്പനികളുടെ സഹായത്തോടെ 114 പോർവിമാനങ്ങൾ നിർമിക്കാൻ 1.25 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒന്ന്, രണ്ട് എന്‍ജിനുകളുള്ള പോർവിമാനങ്ങൾ നിര്‍മിക്കാനാണ് പദ്ധതി. ഈ പദ്ധതിയും റഷ്യയോ ഫ്രാൻസോ കൊണ്ടുപോയേക്കുമെന്ന ഭീതിയാണ് അമേരിക്കയുടെ പുതിയ ചാഞ്ചാട്ടത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇതോടൊപ്പം ചൈനയെ നേരിടാനും അമേരിക്കയ്ക്ക് ഇന്ത്യയുടെ സഹായം വേണ്ടതുണ്ട്.