ഇന്ത്യൻ സേനയ്ക്ക് പുതിയ ഹൊവിറ്റ്സർ പീരങ്കികൾ, വജ്ര തോക്കുകൾ

ഇന്ത്യൻ സേനയ്ക്ക് 30 വർഷത്തിനു ശേഷം ഹൊവിറ്റ്സർ (ചെറു പീരങ്കികൾ) കരുത്ത്. മഹാരാഷ്ട്ര ദേവ്‌ലാലിയിൽ നടന്ന ചടങ്ങിൽ എം 777 യുഎൽഎച്ച് ( അൾട്രാ ലൈറ്റ് ഹൊവിറ്റ്സർ ), കെ9 വജ്ര ടി പീരങ്കികൾ പ്രതിരോധ മന്ത്രി നിർമല സീതാരാമൻ ഏറ്റുവാങ്ങി.

പീരങ്കികൾ കൊണ്ടുപോകുന്നതിനുള്ള അത്യാധുനിക വാഹനവും ഇതോടൊപ്പമുണ്ട്. 1980കളിൽ ബൊഫോഴ്സ് ഇടപാടിനുശേഷം ഇതാദ്യമായാണ് അതേ വിഭാഗത്തിലുള്ള 155 എംഎം പീരങ്കി ഇന്ത്യ സ്വന്തമാക്കുന്നത്. 145 പീരങ്കികൾ 5070 കോടി രൂപയ്ക്ക് ഇന്ത്യ വാങ്ങും. യുഎസ് സേന ഉപയോഗിക്കുന്നതാണിവ.

അമേരിക്കൻ നിർമിത എം777 എടു ഹൊവിറ്റ്സർ പീരങ്കി, സ്വയം പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയൻ നിർമിത കെ-9 വജ്ര തോക്കുകൾ എന്നിവയാണ് പ്രധാന ആയുധങ്ങൾ. അമേരിക്കയിൽ നിന്ന് സർക്കാർ തല പ്രതിരോധ കരാറിലൂടെയാണ് ഭാരം കുറഞ്ഞ ഹൊവിറ്റ്സർ പീരങ്കികൾ ഇന്ത്യ സ്വന്തമാക്കിയത്. മഹീന്ദ്ര ഡിഫൻസ്-ബിഎഇ സിസ്റ്റംസ് എന്നിവയോടു ചേർന്നാണ് പീരങ്കികൾ സംയോജിപ്പിച്ചത്. 

ഭാരം കുറഞ്ഞതിനാൽ എവിടെയും കൊണ്ടുപോകാനും പെട്ടെന്ന് ഉപയോഗിക്കാനും സാധിക്കും. ഹെലികോപ്ടറിൽ ഘടിപ്പിക്കാൻ കഴിയുന്നതാണ് ഹൊവിറ്റ്സർ പീരങ്കികൾ. ഇന്ത്യയ്ക്ക് പുറമെ കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ഹൊവിറ്റ്സർ പീരങ്കികൾ ഉപയോഗിക്കുന്നുണ്ട്. എൽആൻഡ്ടിയാണ് കെ9 വജ്ര തോക്കുകൾ അസംബിൾ ചെയ്ത് പുറത്തിറക്കിയത്. മെയ്ക്ക് ഇന്‌ ഇന്ത്യയുടെ ഭാഗമായി കിട്ടാനുള്ള 90 തോക്കുകളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിർമിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു.