ധ്രുവ് ഹെലികോപ്റ്ററുകൾ മാലിയിൽ തുടരും, ചൈനയ്ക്ക് തിരിച്ചടി

മാലിയിൽ പുതിയ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് സ്ഥാനമേറ്റ് 24 മണിക്കൂറിനുള്ളിൽ തന്നെ ഇന്ത്യയ്ക്ക് അഭിമാനകരമായ വാർത്തയാണ് കേൾക്കാനായത്. ഇന്ത്യ സമ്മാനമായി നൽകിയ ഹെലികോപ്റ്ററുകൾ തിരിച്ചെടുക്കണമെന്ന നിലപാടിൽ നിന്ന് മാലിദ്വീപ് പിൻമാറി. മാലിയിലെ പുതിയ പ്രതിരോധമന്ത്രി മരിയ ദീദിയാണ് ഇന്ത്യ സമ്മാനിച്ച രണ്ട് ‌ഹെലികോപ്റ്ററുകൾ തിരച്ചെടുക്കേണ്ടെന്ന് അറിയിച്ചത്. ഇത് ചൈനയ്ക്ക് വൻ തിരിച്ചടിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധ മന്ത്രി നിർമ്മല സീതാരാമന്റെയും അടിയന്തര ഇടപെടലുകളാണ് മാലിയുടെ പുതിയ പ്രഖ്യാപനത്തിനു പിന്നിലെന്നാണ് കരുതുന്നത്.

സോലിഹിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുത്തിരുന്നു. 46 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സത്യപ്രതിജ്ഞയ്ക്ക് എത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം സോലിഹുമായി ചർച്ച നടത്തിയാണ് മോദി മടങ്ങിയത്.

സെപ്റ്റംബറിൽ നടന്ന തിരഞ്ഞെടുപ്പിലൂടെ അബ്ദുല്ല യമീനിനെ കീഴടക്കിയാണ് സോലിഹ് സ്ഥാനം പിടിച്ചെടുത്തത്. ചൈനയോടു അടുപ്പമുണ്ടായിരുന്ന യമീൻ ഇന്ത്യ നൽകിയ രണ്ടു ഹെലികോപ്റ്ററുകളും 50 സൈനികരെയും ഇന്ത്യ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വർഷങ്ങൾക്ക് മുൻപ് രാജ്യ സുരക്ഷയ്ക്കായി മാലി തന്നെ ധ്രുവ് വിഭാഗത്തിൽപെട്ട രണ്ടു ഹെലികോപ്റ്ററുകൾ ആവശ്യപ്പെട്ടത്. തുടർന്ന് ഇന്ത്യ സമ്മാനമായി രണ്ടു ഹെലികോപ്ടറുകൾ നല്‍കി. എന്നാൽ ഇതെല്ലാം ഇന്ത്യ തന്നെ തിരിച്ചെടുക്കണമെന്നായിരുന്നു മാലി അധികൃതർ ആവശ്യപ്പെട്ടിരുന്നത്.

അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടറുകളാണ് ഇന്ത്യ മാലിക്ക് നൽകിയിരുന്നത്. ഈ വിഭാഗത്തില്‍പെട്ട കോപ്ടർ വേണ്ടെന്നും ‌സമുദ്ര നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഡോണിയർ വിമാനങ്ങളാണ് ആവശ്യമെന്നുമായിരുന്നു മാലി അധികൃതർ നേരത്തെ പറഞ്ഞിരുന്നത്.

2013ൽ ഇന്ത്യ കോപ്ടർ സമ്മാനിച്ചപ്പോൾ രണ്ടു വർഷത്തേക്ക് നല്‍കിയ ലെറ്റർ ഒപ് എക്സ്ചേഞ്ചിന്റെ കാലാവധി അവസാനിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വർഷമായി മാലിയ്ക്ക് സൈനിക സഹായം നല്‍കുന്നത് ഇന്ത്യയാണ്. മാലിയിലെ സൈനികർക്ക് പരിശീലനവും മറ്റു സഹായങ്ങളും നല്‍കുന്നുണ്ട്. മാലിയുടെ പ്രതിരോധ സേനയെ സഹായിക്കാൻ ആറ് ഇന്ത്യൻ പൈലറ്റുമാര്‍ സേവനം ചെയ്യുന്നുണ്ട്. കൂടാതെ റഡാർ സാങ്കേതിക സഹായവും ഇന്ത്യയുടേതാണ്.