അമേരിക്കയെ വെല്ലുവിളിച്ച് മൂന്ന് ചൈനീസ് യുദ്ധവിമാനങ്ങൾ, ദൃശ്യങ്ങള്‍ പുറത്ത്

അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചൈനയുടെ മൂന്നു പോര്‍ വിമാനങ്ങളുടെ പരിശീലനപ്പറക്കലിന്റെ ദൃശ്യങ്ങള്‍ ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. ചൈനീസ് വ്യോമസേനയാണ് എട്ട് സെക്കൻഡ് മാത്രം ദൈര്‍ഘ്യമുള്ള പരിശീലനപ്പറക്കലിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജെ 20, ജെ 16, ജെ 10 സി എന്നീ പോര്‍വിമാനങ്ങള്‍ ചേര്‍ന്ന് പറക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

അമേരിക്കയുടെ എഫ് 22, എഫ് 35 പോര്‍വിമാനങ്ങള്‍ക്ക് ബദലായാണ് ചൈന ജെ 20 പോര്‍ വിമാനം നിര്‍മിച്ചതെന്നാണ് സൂചന. ജെ 20 പോര്‍ വിമാനങ്ങളുടെ മിസൈല്‍ വാഹക ശേഷിയുടെ വിവരങ്ങള്‍ ഈ മാസം ആദ്യം ചൈന പുറത്തുവിട്ടിരുന്നു. റഷ്യന്‍ സുഖോയ് 30 പോര്‍വിമാനത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ചൈനീസ് ജെ 16 പോര്‍വിമാനം. അമേരിക്കയുടെ എഫ് 35 പോര്‍വിമാനങ്ങള്‍ക്ക് ബദലായാണ് ഇവയെന്നാണ് കരുതപ്പെടുന്നത്. സൂപ്പര്‍സോണിക് ജെ 10 പോര്‍വിമാനങ്ങളുടെ മൂന്നാം തലമുറയാണ് ജെ 10 സി പോര്‍വിമാനങ്ങള്‍. അമേരിക്കയുടെ എഫ് 16ന് പകരമാണ് ചൈന ഈ പോര്‍വിമാനം വികസിപ്പിച്ചെടുത്തത്.

രാജ്യത്തിന്റെ മൂവര്‍ പടയാളികളെന്നാണ് ചൈന ഈ പോര്‍വിമാനങ്ങളെ വിശേഷിപ്പിച്ചത്. ചൈനയുടെ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്താന്‍ ശേഷിയുള്ളവയാണ് ഈ പോര്‍വിമാനങ്ങളെന്നും വ്യോമസേന അവകാശപ്പെടുന്നു. ഈവര്‍ഷമാദ്യവും മൂന്ന് പോര്‍വിമാനങ്ങളും ഒരുമിച്ച് സൈനികാഭ്യാസത്തിന് ഇറങ്ങിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ചൈനയുടെ ഔദ്യോഗിക ചാനലായ സിസിടിവി ജൂണ്‍ ഒന്നിന് സംപ്രേക്ഷണം ചെയ്തിരുന്നു.

ഒരു സംഘമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ളവയാണ് ഈ മൂന്ന് പോര്‍വിമാനങ്ങള്‍. ജെ 20 പോര്‍വിമാനം വായുവിലെ പ്രതിരോധങ്ങളെ തകര്‍ക്കുമ്പോള്‍ ഭൂമിയിലെ ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ ജെ 16, ജെ 10 സി പോര്‍വിമാനങ്ങള്‍ക്കാകും. ഒരേസമയം ഇത്തരത്തില്‍ ദ്വിമുഖ ആക്രമണം സംഘടിപ്പിക്കാന്‍ ശേഷിയുണ്ട് ചൈനയുടെ ഈ പോര്‍വിമാന പോരാളികള്‍ക്ക്.

2016 ലാണ് ആദ്യമായി ചൈനീസ് പോര്‍വിമാനമായ ജെ 20ന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവരുന്നത്. അപ്പോള്‍ തന്നെ അമേരിക്കന്‍ പോര്‍വിമാനമായ എഫ് 22വിന്റെ തനി പകര്‍പ്പാണിതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ചൈനീസ് ഹാക്കര്‍മാര്‍ ജയിലിലാവുകയും ചെയ്തതോടെ അമേരിക്കന്‍ യുദ്ധ സാങ്കേതികവിദ്യ ചൈന ഹാക്കര്‍മാരെ ഉപയോഗിച്ച് മോഷ്ടിച്ചതാണെന്ന ആരോപണം ഉയര്‍ന്നു. ഇത്തരം ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ചൈനീസ് ഭരണകൂടം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പോര്‍വിമാനം നിര്‍മിച്ചതെന്നാണ് അവകാശപ്പെടുന്നത്.