ബാറ്ററി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്മാർട്ട്ഫോൺ വരും, ആദ്യപരീക്ഷണം വിജയം

വായുവില്‍ നിന്നും ചാര്‍ജ് വലിച്ചെടുക്കുന്ന സ്മാർട്ട് ഫോണ്‍. സംഗതി എങ്ങനെയുണ്ടാവും? വെറുതെ സങ്കല്‍പ്പമല്ല, ഇത്തരത്തിലുള്ള ഫോണുകള്‍ വികസിപ്പിച്ചെടുക്കുന്നതിലും ശാസ്ത്രലോകം വിജയിച്ചു കഴിഞ്ഞു. വാഷിങ്ടണ്‍ സർവകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തിലൊരു സെല്‍ഫോണിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. കോള്‍ ചെയ്യാനോ മെസേജുകള്‍ അയക്കാനോ ഇതിനു ബാറ്ററിയുടെ ആവശ്യമില്ല. 

അന്തരീക്ഷത്തിലെ റേഡിയോ സിഗ്‌നലുകളില്‍ നിന്നാണ് ഇവയ്ക്ക് വേണ്ട ഊര്‍ജ്ജം സ്വീകരിക്കുന്നത്. ഒരു LED ലൈറ്റും സര്‍ക്യൂട്ട് ബോര്‍ഡുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. E ഇങ്ക് ഡിസ്‌പ്ലേയും കൂടുതല്‍ മികച്ച കോള്‍ ചെയ്യാനാവുന്നതുമായ പ്രോട്ടോടൈപ്പ് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗവേഷകർ പറഞ്ഞു‍.

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് അസോസിയേറ്റായ വംസി തല്ലയാണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്. വയര്‍ലെസ് കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട നിരവധി പരീക്ഷണങ്ങളില്‍ പങ്കാളിയാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ പ്രധാന കണ്ടുപിടിത്തങ്ങളില്‍ ഒന്നായ പാസീവ് വൈഫൈ സിസ്റ്റത്തിലും ഇദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബാക്ക്‌സ്‌കാറ്റര്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈഫൈ സിസ്റ്റമായിരുന്നു ഇത്. 

സാധാരണ വയര്‍ലെസ് സിസ്റ്റങ്ങളേക്കാള്‍ പതിനായിരം മടങ്ങ് കുറഞ്ഞ പവറാണ് ഇത് ഉപയോഗിക്കുന്നത്. സിഗ്‌നലുകളുടെ പ്രതിഫലനം ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. സിഗ്‌നലുകള്‍ തന്നെയാണ് ഇവിടെ ഊര്‍ജ്ജത്തിന്റെ ഉറവിടം.  മീഡിയം ആയി പ്രവര്‍ത്തിക്കുന്നതും സിഗ്‌നലുകള്‍ തന്നെയാണ്.

ഇതുകൂടാതെ വൈഫൈ സിഗ്‌നലുകള്‍ ഉപയോഗിച്ച് ക്യമറകളിലും ഇദ്ദേഹം പരീക്ഷണം നടത്തിയിട്ടുണ്ട്. മെഡിക്കല്‍ ഇംപ്ലാന്റുകളില്‍ ബ്ലൂടൂത്ത് സിഗ്‌നല്‍ വൈഫൈ ആയി ഉപയോഗിച്ച് സ്മാര്‍ട്ട് ഡിവൈസുകളുമായി സംവദിക്കുന്ന പരീക്ഷണങ്ങളിലും ഇദ്ദേഹം പങ്കാളിയായിരുന്നു. ഒന്നിലധികം ടെക്‌നോളജി ഉപയോഗിക്കുന്ന ബാക്ക്‌സ്‌കാറ്റര്‍ കമ്യൂണിക്കേഷന്‍ 'ഇന്റര്‍സ്‌കാറ്റര്‍ ടെക്‌നോളജി' എന്നാണു അറിയപ്പെടുന്നത്.  

പാസീവ് വൈഫൈ സിസ്റ്റവും റേഡിയോ ട്രാന്‍സ്മിഷന്‍ സിസ്റ്റങ്ങളില്‍ നടത്തുന്ന ഡിജിറ്റല്‍, അനലോഗ് ഓപ്പറേഷനുകളുമാണ് പുതിയ ബാറ്ററി ഇല്ലാത്ത ഫോണുകളുടെ പ്രധാനപ്പെട്ട ഭാഗം. അനലോഗ് സിഗ്‌നലുകളെ ഡിജിറ്റല്‍ സിഗ്‌നലുകളാക്കി മാറ്റുക എന്നത് ഏറെ ഊര്‍ജ്ജനഷ്ടമുള്ള കാര്യമാണ്. ബാറ്ററി ഇല്ലാത്ത സെല്‍ഫോണില്‍ നമ്പരുകള്‍ ഡയല്‍ ചെയ്യാന്‍ ഡിജിറ്റല്‍ ബാക്ക്‌സ്‌കാറ്റര്‍ സിഗ്‌നലുകളും വോയ്‌സ് കോള്‍ ചെയ്യാന്‍ അനലോഗ് ബാക്ക് സ്‌കാറ്റര്‍ സിഗ്‌നലുകളുമാണ് ഉപയോഗിക്കുന്നത്.

ഈ സെല്‍ഫോണ്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സെല്‍ഫോണ്‍ സിഗ്‌നലുകള്‍ പരിവര്‍ത്തനം ചെയ്യപ്പെടുകയും ഡിജിറ്റല്‍ സെല്ലുലാര്‍ നെറ്റ്‌വര്‍ക്കുമായി സെല്‍ഫോണ്‍ സിഗ്‌നലുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ബേസ് സ്റ്റേഷന്‍ വേണം. ഈ പരീക്ഷണഘട്ടത്തില്‍ പതിനഞ്ചു മീറ്റര്‍ ദൂരമുള്ള ബേസ് സ്റ്റേഷന്‍ ആയിരുന്നു ഉപയോഗിച്ചത്. പരീക്ഷണം പൂര്‍ണ്ണഘട്ടത്തില്‍ എത്തുമ്പോള്‍ ഉയര്‍ന്ന പവര്‍ കൈകാര്യം ചെയ്യുന്ന വൈഫൈ റൂട്ടറോ അല്ലെങ്കില്‍ സാധാരണ മൊബൈല്‍ ബേസ് സ്റ്റേഷനോ ആയിരിക്കും ഉപയോഗിക്കപ്പെടുക.

ഇപ്പോഴുള്ള പ്രോട്ടോടൈപ്പ് പ്രവര്‍ത്തിക്കുന്നത് ഒരു റേഡിയോ പോലെയാണ്. സംസാരിക്കുന്നതിനും കേള്‍ക്കുന്നതിനും വെവ്വേറെ ബട്ടന്‍ പ്രസ് ചെയ്യണം. കൂടുതല്‍ മികച്ച വേര്‍ഷനില്‍ പരീക്ഷണം നടത്തുകയാണ് ഗവേഷകര്‍. സാധാരണ മൊബൈല്‍ ഫോണിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഇവ നിര്‍മിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു മേന്മ.

More Mobile News