Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലക്കുറവിന്റെ ‘ഷവോമി മാജിക്ക്’ ഇന്ത്യയെ കീഴടക്കി, വന്‍ കമ്പനികൾ പൂട്ടേണ്ടിവരും?

Mi-smart-tv

മൂന്നു കൊല്ലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട് ഫോണ്‍ വില്‍പ്പനക്കാരനാവുക എന്നതായിരുന്നു ചൈനയിലെ തുടക്ക കമ്പനിയായിരുന്ന ഷവോമിയുടെ ലക്ഷ്യം. മുൻപ് കേട്ടിട്ടില്ലാത്ത ഒരു കമ്പനി, ഇങ്ങനെ ഉപയോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റിയ ചരിത്രം പല ധാരണകളെയും തിരുത്തിയെഴുതുന്നു. കേട്ടിട്ടുള്ള ബ്രാന്‍ഡുകളില്‍ മാത്രമെ ഉപഭോക്താക്കള്‍ വിശ്വാസമര്‍പ്പിക്കൂ തുടങ്ങിയ ചിന്തകള്‍ക്ക് ഇനി ചവറു കൂനയില്‍ വിശ്രമിക്കാം. നല്ല ഹാര്‍ഡ്‌വെയറും കാശു മുതലായെന്ന് ഉപയോക്താവിനു തോന്നിപ്പിക്കുന്ന വില്‍പ്പനാ തന്ത്രവും ഒത്തു ചേര്‍ന്നാല്‍ വിജയിക്കുമെന്നു തന്നെയാണ് ഷവോമിയുടെ ചരിത്രം കാണിച്ചു തരുന്നത്.

അങ്ങനെയിരിക്കെ, ഷവോമി ഇതാ ടിവി സെറ്റുകളുമായി കടന്നു വരുന്നു. അതും ഇന്ത്യയിലെ ആളുകള്‍ പിടിച്ചുപറിച്ചു കൊണ്ടുപോകുന്നു. ഇതാകട്ടെ മുന്തിയ ടെലിവിഷന്‍ നിര്‍മാതാക്കളായ എല്‍ജി, സാംസങ്, സോണി തുടങ്ങിയ കമ്പനികളുടെ നെഞ്ചിടിപ്പു കൂട്ടിയിരിക്കുന്നു. കാരണം, സമാന ഫീച്ചറുകളുള്ള അവരുടെ ടിവി സെറ്റുകള്‍ ഇരട്ടിയിലേറെ വിലയ്ക്കു മാത്രമെ വാങ്ങാനാകൂ എന്നത് ഷവോമി എന്ന കുട്ടി തിമിംഗലം വലുതാകും തോറും തങ്ങളെയും വിഴുങ്ങുമോ എന്ന ചിന്ത വമ്പന്‍ കമ്പനികള്‍ക്കും ഉണ്ടാക്കുന്നുണ്ടെങ്കില്‍ അദ്ഭുതപ്പെടേണ്ടതില്ല. പ്രത്യേകിച്ചും സ്മാര്‍ട് ഫോണ്‍ വില്‍പ്പനയില്‍ കുറിച്ച ചരിത്രം ഓര്‍ത്തെടുക്കുമ്പോള്‍. 

എന്നാല്‍, തങ്ങള്‍ പെട്ടെന്നൊന്നും പരിഭ്രാന്തരാകാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് പ്രമുഖ നിര്‍മാതാക്കള്‍ പറയുന്നത്. അതിനു ചില കാരണങ്ങളുമുണ്ട്. ഷവോമി ഇപ്പോള്‍ വില്‍ക്കുന്ന വിലയ്ക്ക് തങ്ങളുടെ പ്രൊഡക്ടുകള്‍ വില്‍ക്കാനാവില്ല എന്നാണ് മുന്‍നിര ടിവി നിര്‍മാതാക്കള്‍ പറയുന്നത്. അങ്ങനെ ചെയ്യേണ്ടി വന്നാല്‍ തങ്ങളുടെ വിലവിവരപ്പട്ടിക പൂര്‍ണ്ണമായും തിരുത്തി എഴുതുകയും ചെയ്യേണ്ടിവരുമത്രെ. അപ്പോള്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകുമോ? 

ഷവോമിയുടെ വിജയത്തിനു പിന്നില്‍ പ്രധാനമായും അവരുടെ പ്രൊഡക്ടുകള്‍ക്ക് ഇട്ടിരിക്കുന്ന വിലയാണ്. ഇതാകട്ടെ, ശരാശരി ഇന്ത്യക്കാരന്റെ മനസ്സറിഞ്ഞിട്ടതുമാണ്. ഒരുപക്ഷേ, ഇങ്ങനെ വിലയും ഹാര്‍ഡ്‌വെയര്‍ മികവും ഒത്തിണക്കാനായ മറ്റേതെങ്കിലും ബ്രാന്‍ഡ് ഇന്ത്യയില്‍ എത്തിയിട്ടുണ്ടോ എന്നു സംശയിക്കണം. വില കുറച്ചു വില്‍ക്കുന്ന കമ്പനികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവ തങ്ങള്‍ 'കാശില്ലാത്തതു കൊണ്ട് ഇതു വാങ്ങി' എന്നു വിളിച്ചു പറയുന്ന തരം ഉപകരണങ്ങളായിരുന്നു. എന്നാല്‍ ഷവോമി ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്കും വമ്പന്‍ ബ്രാന്‍ഡുകള്‍ക്കും ഇടയിലെവിടെയോ ആണ് തങ്ങളെ നിറുത്തിയിരിക്കുന്നത്. 

MiTV4A

ഷവോമി എന്തു ചെയ്തു?

ഒരു മാസത്തിനുള്ളില്‍ കമ്പനി മൂന്നു മോഡലുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. (കൂട്ടത്തില്‍ ഒന്നു പറയട്ടെ, കുറച്ചു ടിവയൊ ഫോണൊ എല്ലാം ഉണ്ടാക്കി ഇതെല്ലാം ഇന്ത്യക്കാരുടെ തലയില്‍ കെട്ടിവച്ചേക്കാം എന്നോര്‍ത്തു വരുന്ന കമ്പനിയല്ല ഷവോമി. അവരുടെ പ്രോഡക്ടുകളെല്ലാം ചൈനയില്‍ വിറ്റ് അവിടുത്തെ ജനങ്ങളുടെ പ്രതികരണമറിഞ്ഞ ശേഷമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. അതുകൊണ്ടു കൂടിയാണ് അവര്‍ ആത്മവിശ്വാസത്തോടെ ഇവിടെ അഴിഞ്ഞാടുന്നത്.) 32-ഇഞ്ച്, 43-ഇഞ്ച്, 55-ഇഞ്ച് എന്നീ ടിവി സെറ്റുകളാണ് അവര്‍ ഇപ്പള്‍ കൊണ്ടുവന്നിരിക്കുന്നത്. (ചൈനയില്‍ വേറെ മോഡലുകളും കമ്പനി വില്‍ക്കുന്നുണ്ട്.) ഇവയ്ക്ക് വിലയിട്ടിരിക്കുന്നത് യഥാക്രമം 13,999, 22,999, 39,999 രൂപയാണ്. ഇതാകട്ടെ സമാന ഫീച്ചറുകളുള്ള വമ്പന്‍ കമ്പനികളുടെതിനേക്കാള്‍ പകുതിയില്‍ താഴെയാണ്. 

ഒരു ടിവിയുടെ ആയുസ്

ഒരു സ്മാര്‍ട് ഫോണ്‍ കൊല്ലം കഴിയുമ്പോള്‍ എറിഞ്ഞു കളയാന്‍ പലര്‍ക്കും മടിയില്ല. (സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യരുത്. ഭൂമി ഇവെയ്സ്റ്റ് കൊണ്ട് അനുദിനം ദുര്‍ബലപ്പെടുന്നു എന്നതാണു കാരണം.) എന്നാല്‍ ഒരു ടിവി വാങ്ങുന്നയാള്‍ അത് അഞ്ചിലേറെ വര്‍ഷത്തേക്കാണ് സൂക്ഷിക്കാന്‍ ഉദ്ദേശിക്കുന്നത്. അപ്പോള്‍ സര്‍വീസ് ഒരു പ്രശ്‌നമാണ്. വമ്പന്‍ കമ്പനികള്‍ ഇന്ത്യയൊട്ടാകെ സര്‍വീസ് സെന്ററുകളോ, വിട്ടിലെത്തി സര്‍വീസു ചെയ്യാനുള്ള സ്റ്റാഫോ ഉള്ളവരാണ്. എന്നാല്‍ ഷവോമിക്ക് ഇത്തരമൊരു നെറ്റ്‌വർക്ക് സാധ്യമാകണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. 

ഷവോമിയുടെ വില്‍പ്പനാ തന്ത്രം

ഓണ്‍ലൈനിലൂടെ ഫ്‌ളാഷ് സെയിൽ നടത്തിയാണ് അവര്‍ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഒരു സെയിലിനു വാങ്ങാന്‍ പറ്റാത്തവര്‍ ഉത്ക്കണ്ഠയോടെ അടുത്ത സെയിലിനായി കാത്തിരിക്കുന്നു. അങ്ങനെ ഷവോമിയുടെ ഫോണ്‍ അല്ലെങ്കില്‍ ടിവി ഒക്കെ വാങ്ങേണ്ടത് ഉപയോക്താവിന്റെ ആവശ്യമായി മാറുന്നു. വളരെ കുറവ് എണ്ണം ടിവികളാണ് ഫ്‌ളാഷ് സെയിലിലൂടെ വിറ്റിരിക്കുന്നത് എന്നാണ് ചിലര്‍ പറയുന്നത്. 4,000-5,000 സെറ്റുകള്‍ മാത്രമാകും വിറ്റിട്ടുണ്ടാകുക എന്നാണ് ടിവി വ്യവസായത്തിലെ എക്‌സിക്യൂട്ടിവുകളുടെ വിലയിരുത്തല്‍. താമസിയാതെ ഷവോമി തങ്ങളുടെ ടിവികള്‍ കടകളിലും എത്തിക്കും. അവിടെയും കുറച്ച് എണ്ണം മാത്രമെ കാണൂ. അങ്ങനെ ഉപയോക്താവിന്റെ ഉത്കണ്ഠ നിലനിറുത്തുന്ന ഒരു വില്‍പ്പനാ തന്ത്രമായിരിക്കും അവര്‍ ഇറക്കുക എന്നാണ് ഒരു വിശ്വാസം.

mi-tv-4a

ബ്രാന്‍ഡ് വൈശിഷ്ട്യം

പ്രധാന ബ്രാന്‍ഡുകള്‍ പറയുന്നത് ഷവോമിയോ അത്തരം പുത്തന്‍ കമ്പനികളോ എന്തൊക്കെ ചെയ്താലും ബ്രാന്‍ഡ് വൈശിഷ്ട്യത്തില്‍ വിശ്വസിക്കുന്ന ഉപയോക്താക്കള്‍ അവര്‍ക്കു പിന്നാലെ പോകില്ല എന്നാണ്. ഷവോമി എത്ര ഫോണ്‍ വിറ്റാലും ഐഫോണിന്റെയോ അല്ലെങ്കില്‍ സാംസങ്ങിന്റെ S സീരിസിന്റെയോ നോട്ട് സീരിസിന്റെയൊ വില്‍പ്പനയ്ക്ക് ഒരു കുറവും വന്നിട്ടില്ല. എന്നാല്‍ താഴേക്കിടിയിലുള്ള ടിവി നിര്‍മാതാക്കളുടെ കാര്യം കഷ്ടത്തിലാകാനും വഴിയുണ്ട്. വൂ (Vu)) ബിപിഎല്‍, സാന്യോ തുടങ്ങിയ കമ്പനികള്‍ക്ക് പ്രശ്‌നം നേരിടാം. ഷവോമിയുടെ 55-ഇഞ്ച് 4-K HDR ടിവി ഇറക്കിയതിനു ശേഷം കൊഡാക് ഒരു 50-ഇഞ്ച് 4-K ടിവി 34,500 രൂപയ്ക്കു മാര്‍ക്കറ്റില്‍ എത്തിച്ചു. എന്നാല്‍ ഇങ്ങനെ ഒട്ടും ലാഭമെടുക്കാതെ എന്നു തോന്നിപ്പിക്കുന്ന ഷവോമിയുടെ വില്‍പ്പനാ തന്ത്രമിറക്കിയാല്‍ തങ്ങള്‍ക്കു പിടിച്ചു നില്‍ക്കാനാകില്ല എന്നാണ് ചെറിയ കമ്പനികള്‍ പറയുന്നത്. 

അതെ, തത്കാലം ഷവോമിയുടെ നീക്കങ്ങള്‍ കാത്തിരുന്നു കാണാനാണ് വമ്പന്‍ കമ്പനികളുടെ തീരുമാനം. തത്കാലം തങ്ങള്‍ക്കു ഭീഷണിയില്ലെന്ന് അവര്‍ പറയുന്നുണ്ടെങ്കിലും ഫോണിന്റെ കാര്യത്തില്‍ നേടിയതു പോലെ ഒരു വിജയം കരസ്ഥമാക്കാനായാല്‍ തങ്ങള്‍ക്കും ഷവോമി ഭാവിയില്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാമെന്നു തന്നെയാണ് അവരും വിശ്വസിക്കുന്നത്. കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി തങ്ങളുടെ പ്രൊഡക്ടുകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമമായാരിക്കും മുന്‍നിര കമ്പനികള്‍ ആദ്യം നടത്തുക. 

ഷവോമിയുടെ കടന്നു വരവ് ടിവി വ്യവസായത്തെയും അടിമുടി മാറ്റിമറിച്ചേക്കാം. ഹാര്‍ഡ്‌വെയറും ഫീച്ചറുകളും കാശു കുറഞ്ഞവരിലേക്കും എത്തുന്നു എന്നത് നല്ല കാര്യമാണ്. ഷവോമിയുടെ ഹാര്‍ഡ്‌വെയര്‍ പ്രശ്‌നമില്ലാതെ ദീര്‍ഘകാലം വര്‍ക്കു ചെയ്യുമോ? പ്രശ്‌നങ്ങള്‍ വന്നാല്‍ കമ്പനിക്ക് സര്‍വീസ് നല്‍കാന്‍ സാധിക്കുമോ? അങ്ങനെയൊക്കെ സാധിച്ചാല്‍ ഷവോമി എല്ലാ നിര്‍മാതാക്കള്‍ക്കും വെല്ലുവിളി ഉയര്‍ത്താം.

Xiaomi-Mi-TV-4A

മുന്‍നിര കമ്പനികള്‍ ലീകോ (LeEco) കമ്പനിയുടെ കഥയും ഓര്‍ത്തെടുത്തു. 2016ല്‍ ഷവോമിയെ പോലെ വിലകുറച്ചു ടിവി സെറ്റുകള്‍ വിറ്റ് മാര്‍ക്കറ്റു പിടിച്ചെടുക്കാന്‍ ശ്രമിച്ചവരാണ് അവര്‍. പക്ഷേ, ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഒന്നും സംഭവിപ്പിക്കാതെ അവര്‍ പൊടിയും തട്ടി പോയി.