സ്മാർട് ഫോണ്‍ ബാറ്ററി ലൈഫ് 6 മണിക്കൂര്‍ വർധിപ്പിക്കാനൊരു സൂത്രവിദ്യ!

സ്മാര്‍ട് ഫോണുകളുടെയും ടാബുകളുടെയും ബാറ്ററി ആറു മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാനുള്ള എളുപ്പവഴി കണ്ടെത്തിയിരിക്കുകയാണ് ചില ശാസ്ത്രജ്ഞര്‍. അവരുടെ പ്രധാന വാദം നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളുടെ, ബാറ്ററി കാര്‍ന്നു തിന്നുന്ന ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏതെങ്കിലും ക്ലൗഡ് സര്‍വീസിലേക്കു മാറ്റിയാല്‍ത്തന്നെ ബാറ്ററി ലൈഫില്‍ നാടകീയമായ മറ്റം കാണാമെന്നാണ്. ചിലപ്പോള്‍ ഈ മാറ്റം തന്നെ 60 ശതമാനം വരെ ബാറ്ററി ശേഷി വര്‍ധിപ്പിക്കുമെന്നാണ് അവര്‍ പറയുന്നത്. ഭാവിയില്‍ പല കമ്പനികളും അനുവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഒന്നാണിതെന്നത് ഇതേപ്പറ്റി അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു.

പ്രിയപ്പെട്ട ആപ്പുകളുടെ ഏതു ഭാഗമാണ് ഏറ്റവുമധികം ബാറ്ററി വലിക്കുന്നതെന്ന് കണ്ടെത്താനുള്ള ടൂളുകളുണ്ട്. അങ്ങനെ കണ്ടെത്തിയ ശേഷം കോഡ്-ഓഫ്‌ലോഡിങ് (code-offloading) എന്ന ടെക്‌നിക് ഉപയോഗിച്ച് ഇവയെ ക്ലൗഡിലേക്ക് അയയ്ക്കുകയാണ് ചെയ്യുന്നത്. ശരാശരി ബാറ്ററിലൈഫുള്ള ഒരു ശരാശരി ഫോണിന്റെ ആപ്പുകളിലെ എല്ലാ ആപ്പുകളുടെ ഭാഗങ്ങളെയും ഈ വിദ്യയിലൂടെ ക്ലൗഡിലേക്ക് അയച്ചുകഴിഞ്ഞാല്‍ അവയുടെ ബാറ്ററി പരമാവധി ആറു മണിക്കൂര്‍ വരെ ദീര്‍ഘിപ്പിക്കാമെന്നാണ് വാദം.

എന്നാല്‍, ഈ വിദ്യയിലൂടെ സ്മാര്‍ട് ഫോണ്‍ ബാറ്ററി ലൈഫ് മാത്രമല്ല, അടുത്ത തലമുറയിലെ ദുരന്ത നിവരാരണ റോബോട്ടുകളിലും ഉപയോഗിക്കാമെന്നും അവര്‍ പറയുന്നു. ബ്രിട്ടനിലെ ബേമിങ്ങാമിലെ ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇങ്ങനെ ബാറ്ററി ലൈഫ് ബൂസ്റ്റ് ചെയ്യാന്‍ അനുവദിക്കുന്ന ടൂളിന്റെ അപരിഷ്‌കൃത രൂപം ഇപ്പോള്‍ സൃഷ്ച്ചിരിക്കുന്നത്. ആപ്പുകള്‍ക്കുള്ളില്‍ ഏറ്റവുമധികം ബാറ്ററി ഉപയോഗിക്കുന്ന ഭാഗങ്ങളുടെ പ്രവര്‍ത്തനം ക്ലൗഡിലാക്കുന്നുവെന്നതാണ് ശാസ്ത്രജ്ഞര്‍ മുന്നോട്ടു വയ്ക്കുന്ന വാദം. അങ്ങനെ വരുമ്പോള്‍ ഫോണ്‍ എപ്പോഴും ഇന്റര്‍നെറ്റുമായി കണക്ടു ചെയ്തരിക്കേണ്ടിവരും. ഇന്നെല്ലാവരും തന്നെ ഫോണുകള്‍ അങ്ങനെ ഉപയോഗിക്കുന്നവരായതു കൊണ്ട് അത് ഒരു പ്രശ്‌നായാകന്‍ വഴിയില്ല. കമാന്‍ഡുകള്‍ ക്ലൗഡില്‍ നടപ്പാക്കപ്പെടുമ്പോള്‍ ഫോണിന്റെ ഘടകഭാഗങ്ങള്‍ക്ക് കുറച്ചു വിയര്‍ത്താല്‍മതി എന്ന കണ്ടെത്തലാണ് ഇതിനു പിന്നില്‍. പക്ഷേ, ഇത് സ്വകാര്യതയ്ക്ക ഭീഷണിയാകാം.

ഇതുവരെ രണ്ട് ആന്‍ഡ്രോയിഡ് ആപ്പുകളിലാണ് പരീക്ഷണം നടത്തിയിരിക്കുന്നതെന്ന് ഒരു ഗവേഷകന്‍ പറഞ്ഞു. 60 ശതമാനം ബാറ്ററി ലാഭിക്കാനായപ്പോള്‍ ഒരു എംബി (1MB) ഡേറ്റ മാത്രമാണ് ആവശ്യമായി വന്നതെന്നും അദ്ദേഹം പറയുന്നു. മറ്റൊരു ആപ്പില്‍ ഇത് 35 ശതമാനം ബാറ്ററി ഉപയോഗം കുറയ്ക്കാനായെന്ന് അദ്ദേഹം പറയുന്നു. ഇതിനാകട്ടെ നാലു കെബി (4 kb) ഡേറ്റ മാത്രമാണ് വേണ്ടിവന്നതെന്നും നിരീക്ഷിക്കുന്നു. അവർ നിര്‍മിച്ച ഈ ടൂളാണ് ബാറ്ററി തീർക്കുന്ന ആപ്പുകളുടെ ഭാഗങ്ങളെ ക്ലൗഡിലേക്ക് അയയ്ക്കുന്നതില്‍ ഏറ്റവും മികച്ചതെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. എന്നാല്‍ ഇവര്‍ മുന്നോട്ടു വയ്ക്കുന്ന മൊബൈല്‍ ക്ലൗഡ് കംപ്യൂട്ടിങ് എന്ന ആശയം അത്ര പുതിയതല്ല. ഇപ്പോള്‍ തന്നെ ഗൂഗിള്‍ മാപ്‌സ് നിങ്ങള്‍ക്ക് മാപ്പും മറ്റു ഡേറ്റയും എത്തിച്ചു തരുന്നത് അതിനു വേണ്ട കണക്കുകൂട്ടലുകള്‍ ക്ലൗഡില്‍ നടത്തിയ ശേഷമാണ്.

പുതിയ ടൂളിന് ഏതു മൊബൈല്‍ ആപ്പുമായും ബന്ധപ്പെടുത്തി പ്രവര്‍ത്തിപ്പിക്കാമെന്ന മെച്ചവും ഉണ്ട്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍ക്ക് ഈ സേവനം നല്‍കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.