Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുഡ്കോർട്ടില്‍ നിന്ന് സിനിമാ ടാക്കീസിലേക്ക്; ഇത് ആദിത്യൻ ‘ഹീറോ’ ആയ കഥ

adithyan-vs

കൊച്ചി∙ തമിഴ്നാട് സ്വദേശിയായ വി.എസ്.പ്രദീപ് ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ പഠിക്കാനായി ഹൈദരാബാദിലേക്ക് പോയപ്പോഴാണ് തമിഴ് സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ കഴിയില്ലെന്ന സത്യം മനസിലാക്കുന്നത്. റിലീസ് ചെയ്യുന്ന സിനിമകളെല്ലാം തെലുങ്ക് ഭാഷയില്‍. വ്യാജ സിഡികളും ഗുണമേന്‍മ കുറഞ്ഞ പ്രിന്റുകളുമാണ് തമിഴ് സിനിമ കാണാനുള്ള ഏക മാര്‍ഗം. സഹോദരനായ വി.എസ്.ആദിത്യനോട് ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോഴാണ് പുതിയ തമിഴ്സിനിമകള്‍ കാണാന്‍ കഴിയുന്ന ‘ഹീറോ ടാക്കീസ്’ ജനിക്കുന്നത്. ലഭിതമായ സംരംഭം പിന്നീട് ചരിത്രമായി.

ഇന്ത്യക്ക് പുറത്തു താമസിക്കുന്ന 2 മില്യന്‍ തമിഴ് ജനതയെ ലക്ഷ്യമിട്ടാണ് ‘ഹീറോ ടാക്കീസ്’ ആരംഭിച്ചത്. തമിഴ് ജനത ഏറെയുള്ള യുഎസിലും യുകെയിലും മലേഷ്യയിലും സിംഗപൂരിലും മാത്രമല്ല ഇറാഖ്, ചിലി എന്നിവിടങ്ങളിലും ഹീറോ ടാക്കീസിലൂടെ ഇന്ന് തമിഴ് സിനിമകളെത്തുന്നു. മറ്റു ഭാഷകളിലേക്കും ബിസിനസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ആദിത്യന്‍. നിര്‍മാതാക്കളില്‍നിന്നാണ് ഹീറോടാക്കീസ് പ്രിന്റുകള്‍ വാങ്ങുന്നത്.

ഹീറോ ടാക്കീസല്ല ആദിത്യന്റെ ആദ്യ സംരംഭം. പഠിച്ചിരുന്ന സ്ഥാപനത്തില്‍ ഫുഡ് കോര്‍ട്ട് നടത്തി ‘വ്യാപാരമേഖലയിലേക്ക്’ ഇറങ്ങിയ ആളാണ് ആദിത്യന്‍. തമിഴ്നാട്ടിൽ ഓരോ വർഷവും പുറത്തിറങ്ങുന്നത് ഇരുനൂറോളം സിനിമകളാണ്. ഇവയെല്ലാം പരമാവധി നാൾ തിയറ്ററിൽ കാണിക്കണമെന്നതാണ് നിര്‍മാതാക്കളുടെ ലക്ഷ്യം. എന്നാൽ ഈ രീതി മാറണമെന്ന് ആദിത്യന്‍ പറയുന്നു. സിനിമ സബ്സ്ക്രൈബ് ചെയ്ത് കാണുന്നതിനെപ്പറ്റിയും നിർമാതാക്കൾ ആലോചിക്കണം. 50 ദിവസമെങ്കിലും സിനിമ ഓടണമെന്നാണു പലരും കരുതുന്നത്. അതിന് വെള്ളി, ശനി, ഞായർ ദിവസങ്ങളാണു പ്രധാന ആശ്രയം. പക്ഷേ ഒട്ടേറെ സിനിമകള്‍ വരുന്നതിനാല്‍ ആ ദിവസങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താനാകില്ല. മികച്ച സിനിമയാണെങ്കിൽ തൊട്ടടുത്ത ആഴ്ചയിലും തിരക്കു കൂടും. മറ്റു സിനിമകൾ നഷ്ടത്തിലാവുകയും ചെയ്യും. ഇതെല്ലാം സിനിമ സബ്സ്ക്രൈബ് ചെയ്യുന്നതിലൂടെ മാറ്റാനാകും. ഇന്ത്യയ്ക്കു പുറത്താണ് ഹീറോടാക്കീസ് ഈ രീതി ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളത്. ഇന്ത്യയിൽ വ്യാപകമാകണമെങ്കില്‍ പരമ്പരാഗത രീതിയില്‍ നിന്നു നിര്‍മാതാക്കള്‍ മാറി ചിന്തിക്കണം. സാറ്റലൈറ്റ് റേറ്റിനും തിയേറ്റര്‍ കലക്‌ഷനും അപ്പുറത്തേക്കു സിനിമയുടെ വിപണനം സാധ്യമാക്കണം. നിര്‍മാതാക്കളുടെ കണ്ടന്റ് മാത്രം ആശ്രമിച്ച് മൂന്നോട്ടുപോകാനാകില്ല. അവര്‍ കണ്ടന്റ് നല്‍കിയില്ലെങ്കില്‍ ബിസിനസില്‍നിന്ന് നമ്മള്‍ പുറത്താകും. നെറ്റ്ഫ്ലിക്സ് അടക്കമുള്ളവര്‍ ഇതു മുന്നില്‍ കണ്ട് സ്വന്തം പ്രോഗ്രാമുകള്‍ നിര്‍മിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും ആദിത്യന്‍ പറഞ്ഞു.

∙ വിഡിയോ നിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങള്‍

കണ്ടന്റ് ക്വാളിറ്റി, ഔട്പുട്ട് ക്വാളിറ്റി: മികച്ച വിഡിയോകൾ പുറത്തിറക്കാന്‍ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട രണ്ടു കാര്യങ്ങൾ ഇവയാണെന്ന് ആദിത്യൻ പറയുന്നു. ഏതു വിഷയമാണ് വിഡിയോയിലൂടെ അവതരിപ്പിക്കുന്നത് എന്നതിലും ശ്രദ്ധയുണ്ടാകണം. ഔട്ട്പുട്ട് ക്വാളിറ്റിയിൽ വിഡിയോയുടെ പ്രസന്റേഷനും പ്രസക്തമാണ്. എത്രമാത്രം പണം മുടക്കുന്നുവെന്നതും വിഡിയോയുടെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഇന്ത്യയിൽ മികച്ച വിഡിയോ പുറത്തിറക്കുന്നതിനു കഴിവുള്ള ഒട്ടേറെ പേരുണ്ട്. പക്ഷേ അവരിൽ പണം നിക്ഷേപിക്കാൻ അധികമാരും തയാറാകുന്നില്ല. ഈ ടാലന്റ് പൂളിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് ആമസോണ്‍ പ്രൈമും നെറ്റ്ഫ്ലിക്സുമെല്ലാം ചെയ്യുന്നത്. മികച്ച കണ്ടന്റാണെങ്കില്‍ എത്ര പണം മുടക്കാനും ഇത്തരം കമ്പനികള്‍ തയാറാകുന്നു. ഇത് ഭാവിയിൽ മറ്റു നിര്‍മാണ കമ്പനികളും മാതൃകയാക്കുമെന്നാണു കരുതുന്നതെന്നും ആദിത്യൻ പറഞ്ഞു.

എത്രമാത്രം കണ്ടന്റ് നൽകുന്നുവെന്നതല്ല ഓരോ പ്രേക്ഷകനും ആവശ്യമായ വിഡിയോകൾ കൃത്യമായി നൽകുന്നതിലാണ് സ്ട്രീമിങ് സൈറ്റിന്റെ വിജയമെന്ന് ബ്രൈറ്റ്കോവ് ഏഷ്യ ജനറൽ മാനേജർ ബെൻ മൊറേൽ. ഡിസ്നി പ്ലസ് എന്ന പേരിൽ പുതുതായി ആരംഭിക്കാനിരിക്കുന്ന സ്ട്രീമിങ് സൈറ്റിനെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. നിലവിൽ നെറ്റ്ഫ്ലിക്സില്‍ പകുതിയോളം കണ്ടന്റ് ഡിസ്നിയുടേതായുണ്ട്. ഡിസ്നിയുടെ സ്വന്തം സൈറ്റ് വരുന്നതോടെ ഇവ നഷ്ടമാകുമോ എന്ന ആശങ്കയാണ് ചോദ്യത്തിൽ ഉന്നയിച്ചത്. എന്നാൽ ഓരോ പ്രേക്ഷകനും ആവശ്യമായ വിഡിയോ കൃത്യമായി ലഭ്യമാക്കിയാൽ കണ്ടന്റിന്റെ കാര്യത്തിൽ പ്രശ്നമുണ്ടാകില്ലെന്നും ബെൻ മൊറേൽ പറഞ്ഞു. നെറ്റ്ഫ്ലിക്സ് ഈ രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്നും ബെൻ വ്യക്തമാക്കി. 

related stories