ഇത് മഹാദ്ഭുതം, എറിഞ്ഞുടച്ചാലും സ്ക്രീൻ പൊട്ടില്ല, ഇതാവണം സ്മാർട്ട്ഫോൺ ഡിസ്പ്ലെ!

ടെക് ലോകത്ത് അതിവേഗം വളർന്നുക്കൊണ്ടിരിക്കുന്ന മേഖലയാണ് സ്മാർട്ട്ഫോൺ വിപണി. ദിവസവും പുതിയ കണ്ടെത്തലുകളും ഗവേഷണങ്ങളുമാണ് ഈ രംഗത്ത് നടക്കുന്നത്. കൂടുതൽ മികച്ച സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിക്കാന്‍ മുൻനിര കമ്പനികളെല്ലാം ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. അതെ, സ്മാർട്ട്ഫോൺ പ്രേമികളെ തേടി മറ്റൊരു ശുഭവാർത്ത കൂടി വന്നിരിക്കുന്നു, താഴെ വീണാലും എറിഞ്ഞുടച്ചാലും തകരാത്ത സ്ക്രീനും ബോഡിയുമായി ഉഗ്രൻ സ്മാർട്ട്ഫോൺ വരുന്നുവെന്ന വാർത്ത.

മിക്ക സ്മാർട്ട്ഫോണുകളുടെയും പ്രധാന പോരായ്മ സ്ക്രീനിന്റെ ശേഷി തന്നെയാണ്. ചുമ്മാ താഴെ വീണാൽ പോലും പൊട്ടുന്ന സ്ക്രീനാണ് മിക്ക സ്മാർട്ട്ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വടക്കൻ അയർലൻഡിലെ ക്യൂൻസ് സര്‍വകലാശാലയിലെ ഗവേഷകർ. ഒരിക്കലും പൊട്ടാത്ത സ്ക്രീനും ബോഡിയും നിർമിക്കാമെന്നാണ് ഇവർ കണ്ടെത്തിയത്. തറയിൽ വീണാലും എന്തിന് എറിഞ്ഞുടക്കാൻ ശ്രമിച്ചാൽ പോലും തകരാത്ത സ്ക്രീനുള്ള സ്മാർട്ട്ഫോൺ നിർമിക്കാമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.

ഇത്തരം സ്ക്രീനും ബോഡിയും നിർമിക്കാൻ ചെലവും കുറവാണ്. ഉരുക്കിനേക്കാൾ 200 മടങ്ങ് ഉറപ്പുള്ളതാണ് ഗവേഷകർ കണ്ടെത്തിയ സ്ക്രീൻ. ‘സി-60’ എന്ന പ്രത്യേകതരം രാസപദാർഥങ്ങൾ ഉപയോഗിച്ചാണ് ഒരിക്കലും പൊട്ടാത്ത ഗ്ലാസുകൾ നിർമിക്കുന്നത്. സിലിക്കണിനോടു സാമ്യമുള്ള ഗ്ലാസ് ഗ്രാഫൈറ്റ്, ഹെക്സാഗോണൽ ബോറോൺ നൈട്രേറ്റ് എന്നിവയുടെ സംയുക്തമാണ് ഇതിൽ‌ ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം, വിപണിയിൽ ലഭ്യമായ ഗ്ലാസുകളേക്കാൾ കൂടുതൽ പ്രകാശം കടത്തിവിടാൻ ശേഷിയുളള പുതിയ ഗ്ലാസിലൂടെ  വൈദ്യുതി തരംഗങ്ങൾക്കും പ്രവഹിക്കാൻ ശേഷിയുണ്ട്. ഈ ഗ്ലാസുമായി സ്മാർട്ട്ഫോൺ നിർമിച്ചാൽ ബാറ്ററി ലൈഫ് കൂടുതൽ ലഭിക്കുമെന്നും ഗവേഷകർ പറയുന്നു. മിറാക്കിൾ മെറ്റീരിയൽ എന്ന അദ്ഭുത ഗ്ലാസ് ടെക്നോളജി സ്മാർട്ട് ഫോൺ കമ്പനികളെല്ലാം സ്വീകരിക്കുമെന്നാണ് കരുതുന്നത്.