വിലക്കുറവ് മാജിക്കിൽ ഇന്ത്യ പിടിച്ചടക്കാൻ ചൈനീസ് കമ്പനികൾ, കൂടെ സാംസങും!

ഇന്ത്യയില്‍ ഈ വര്‍ഷം 27 കോടി മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്യപ്പെടുമെന്ന് പഠനം. ഇതില്‍ 13 കോടി സ്മാര്‍ട്ട് ഫോണുകളായിരിക്കുമെന്ന് സൈബർമീഡിയ റിസർച്ച് റിപ്പോർട്ടുകൾ പറയുന്നു. ഇത്തവണയും സാംസങ് തന്നെയായിരിക്കും വിപണിയിലെ നേതാവ്. നിലവില്‍ രാജ്യത്തെ മൊബൈൽ വിപണിയുടെ പകുതിയും സാംസങിന്റെ കയ്യിലാണ്.

'ഈ വര്‍ഷം മാറ്റങ്ങള്‍ ഉണ്ടാവാന്‍ പോകുന്നത് പ്രധാനമായും 10,000 രൂപ റേഞ്ചിലുള്ള ഫോണുകള്‍ക്കായിരിക്കും. കുറഞ്ഞ വിലയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദനം നടക്കുന്ന ഈയൊരു സെഗ്‌മെന്റില്‍ സാംസങ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. കൂടുതല്‍ വൈവിധ്യമുള്ള ഉല്‍പന്നങ്ങള്‍ ഇനിയും ഉണ്ടാവേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ലെനോവോ, ഒപ്പോ, വിവോ, ഷവോമി തുടങ്ങിയ ചൈനീസ് കമ്പനികളുടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയിൽ നല്ല ഡിമാന്റുണ്ട്. ഇവയെല്ലാം കൂടി കണക്കാക്കിയാല്‍ നിലവില്‍ ഇന്ത്യയില്‍ എത്തുന്ന സ്മാര്‍ട്ട്ഫോണുകളുടെ എണ്ണത്തിന്റെ 75 ശതമാനം വരുമെന്നാണ് കണക്കാക്കുന്നത്. ചൈനീസ് കമ്പനികളെല്ലാം വിലക്കുറവിന്റെയും ഓഫറുകളുടെയും മാജിക്ക് പുറത്തെടുത്ത് ഉപഭോക്താക്കളെ കൂടുതൽ കയ്യടക്കാൻ ശ്രമിക്കും.

'ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ വിപണി ചടുലഗതിയിലാണ് സഞ്ചരിക്കുന്നത്. കൂടുതല്‍ പുതുമയുള്ള ഉല്‍പന്നങ്ങളാണ് ഇവിടെ ഇറങ്ങുന്നത്. കുറഞ്ഞ വിലയില്‍ ഉയര്‍ന്ന ടെക്‌നോളജി ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുക, വിജയകരമായ ബ്രാന്‍ഡ് എന്നിവയെല്ലാം ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണെന്ന് ലെനോവോ മൊബൈല്‍ ബിസിനസ് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുധിന്‍ മാഥുര്‍ പറഞ്ഞു.

ഓണർ (വാവെയ്) പോലെയുള്ള ബ്രാന്‍ഡുകള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തി വരുന്നതേയുള്ളൂ. വണ്‍ പ്ലസ് പോലെയുള്ള പ്രീമിയം ബ്രാന്‍ഡുകള്‍ ഒരുപാട് ഉപഭോക്താക്കളെ ഒന്നും പ്രതീക്ഷിക്കുന്നുമില്ല. ഈ വര്‍ഷം ഇറക്കുമതി ചെയ്യപ്പെടുന്ന ഫോണുകളുടെയും നിലവില്‍ ഉപയോഗിക്കപ്പെടുന്നവയുടെയും എണ്ണത്തില്‍ വലിയ വ്യത്യാസമൊന്നും ഇല്ലെന്നും എന്നാല്‍ നിലവില്‍ ഉപയോഗിക്കപ്പെടുന്നവയുടെ എണ്ണത്തേക്കാള്‍ ഇറക്കുമതി ചെയ്യപ്പെടുന്നവയുടെ എണ്ണം കൂടില്ലെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു.