Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആന്‍ഡ്രോയ്ഡ് വിടാതെ ബ്ലാക്ബെറി

blackberry vienna

എന്താ സായിപ്പേ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞേ - എന്നു ചെറുകിട മൊബൈൽ വിൽപനക്കാർ വരെ ചോദിച്ചിട്ടും ഏറ്റവും നവീനമായ ആശയം എന്ന മട്ടിൽ ബ്ലാക്‌ബെറി അവതരിപ്പിക്കുന്ന രണ്ടാമത്തെ ആൻഡ്രോയ്ഡ് ഫോണും ഉടനെത്തും.

സ്വന്തം ഒഎസിനെ കൈവിട്ട് നിലനില്‍പ്പിനായി ആന്‍ഡ്രോയ്ഡിനെ പുൽകിയ ബ്ലാക്‌ബെറിയുടെ പുതിയ നീക്കത്തിന്റെ തുടര്‍ച്ചയായെന്നോണം രണ്ടാമത്തെ ആന്‍ഡ്രോയ്ഡ് ഒഎസ് ഫോണിന് ബ്ലാക്ക്ബെറി ഒരുക്കമിടുന്നതായി വിവരങ്ങള്‍ പുറത്തുവന്നു. ആന്‍ഡ്രോയ്ഡില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ബെറിയില്‍ നിന്നുള്ള ആദ്യ ഫോണായ 'പ്രിവ്'- ന് ശേഷമാണ് മറ്റൊരു ആന്‍ഡ്രോയ്ഡ് ഫോണ്‍ കൂടി വിപണിയിലിറക്കാന്‍ ബ്ലാക്ക്ബെറി തിടുക്കം കൂട്ടുന്നത്.

ബ്ലാക്ക്ബെറിയുടെ പ്രിവ് ഫോണ്‍, പ്രൈവസിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ആന്‍ഡ്രോയ്ഡ് ഫോണാണ്. ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയ ഈ ഫോണ്‍ സ്ലൈഡര്‍ കീപ്പാഡിലാണ് പ്രവര്‍ത്തിക്കുന്നത്. 1440 × 2560 പിക്സൽ റസലൂഷൻ നൽകുന്ന അതിശയകരമായ 5.4 ഇഞ്ച് ഡ്യുവൽ-കർവ്ഡ്‌ ഡിസ്പ്ലേ,3410 എം.എ.എച്ച് ബാറ്ററി, ടച്ച് & സ്ലൈഡിംഗ് കീബോർഡുകൾ, Schneider-Kreuznach സർട്ടിഫൈഡ് ക്യാമറ, ഒപ്പം അസാധാരണമായ ഗുണമേന്മയുള്ള ഓഡിയോ എന്നീ സൗകര്യങ്ങളുമായെത്തുന്ന പ്രിവ് ഹെക്സാ കോർ ക്വാൾകോം സ്നാപ്ഡ്രാഗൺ 808 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്. 3 ജിബി റാമുമായെത്തുന്ന ഫോണിന് 32 ജിബി ഇൻബിൽറ്റ് സ്റ്റോറേജുമുണ്ട്.

ബ്ലാക്ക് ബെറിയുടെ പുതിയ ആന്‍ഡ്രോയ്ഡ് ഫോണിന് 'വിയന്ന' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ബെറി പ്രിവില്‍ നിന്നു വ്യത്യസ്ഥമായി നീക്കാന്‍ കഴിയാത്ത ഒരു ഫിസിക്കല്‍ കീപാഡുമായാണ് വിയന്ന എത്തുന്നത്. കാന്‍ഡീ ബാര്‍ ഫോം ഫാക്ടറില്‍ എത്തുന്ന ഈ കീപാഡ് പ്രിവിലേതിന് സമാനമാണ്. സാധാരണ ബ്ലാക്ക് ബെറി ഫോണുകളുടേത് പോലെയുള്ള രൂപകല്‍പ്പനയിലെത്തുന്ന ഈ കീബോര്‍ഡ് ഇന്നത്തെ സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ക്ക് ഇഷ്ടമാകുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

അരിക് വളഞ്ഞ താഴ്ഭാഗവും വളവില്ലാത്ത മുകള്‍ ഭാഗവും ചേര്‍ന്ന രൂപകല്‍പ്പനയോടെയെത്തുന്ന വിയന്ന സ്മാര്‍ട്ട് ഫോണ്‍ വിവിധ നിറങ്ങളില്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫോണിന്റെ സ്പെസിഫിക്കേഷനെ സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല. ക്രാക്ക് ബെറി എന്ന സൈറ്റിലൂടെയാണ് പുതിയ ബ്ലാക്ക് ബെറി ആന്‍ഡ്രോയ്ഡ് ഫോണിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ നീക്കത്തോടെ ബ്ലാക്ക്ബെറി ഒ.എസിനെ തല്‍ക്കാലം പടിക്ക് പുറത്ത് നിര്‍ത്തി ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായ ആന്‍ഡ്രോയിഡുമായി ഒരു നീണ്ട കൂട്ടുകെട്ടിനൊരുങ്ങുകയാണ് ബ്ലാക്ക്ബെറിയെന്ന് വേണം കരുതാന്‍.