Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്ലാക്ക്ബെറി വീണ്ടുമെത്തുന്നു, പുതിയ രൂപത്തിലും ഭാവത്തിലും

blackberry-android

ഒരുകാലത്ത് സ്മാർട്ട്ഫോൺ വിപണിയിലെ ജനപ്രിയ ബ്രാൻഡായിരുന്ന ബ്ലാക്ക്ബെറി പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തുന്നു. സ്മാര്‍ട്ട്‌ഫോണ്‍ നിർമാണത്തിൽ നിന്നും പിന്മാറുകയാണെന്ന് ബ്ലാക്ക്‌ബെറി അടുത്തിടെ അറിയിച്ചിരുന്നു. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ കണക്കനുസരിച്ച് കമ്പനിക്ക് വൻ നഷ്ടമാണ് നേരിട്ടത്.

എന്നാല്‍ ചൈനീസ് മള്‍ട്ടിനാഷണല്‍ ഇലക്ട്രോണിക്‌സ് കമ്പനി ടിസിഎൽ കമ്മ്യൂണിക്കേഷനുമായി ദീര്‍ഘകാല ലൈസന്‍സിങ് കരാറിലെത്തി എന്നാണ് ബ്ലാക്ക്‌ബെറി നല്‍കുന്ന പുതിയ വിവരം. DTEK50 ,DTEK60 എന്നീ രണ്ടു സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കാൻ നേരത്തെ തന്നെ ബ്ലാക്ക്‌ബെറി ടിസിഎല്ലിന്റെ സഹായം തേടിയിരുന്നു.

കരാർ പ്രകാരം ബ്ലാക്ക്‌ബെറി ബ്രാന്‍ഡിലുള്ള മൊബൈല്‍ ഡിവൈസുകളുടെയെല്ലാം സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകള്‍, സര്‍വീസ് സ്യൂട്ടുകള്‍, മറ്റു ബ്രാന്‍ഡ് വസ്തുക്കൾ എന്നിവയെല്ലാം ഡിസൈന്‍ ചെയ്യാനും നിര്‍മിക്കാനും വില്‍ക്കാനും ആവശ്യമായ കസ്റ്റമര്‍ സപ്പോര്‍ട്ട് നല്‍കാനുമുള്ള ലൈസന്‍സ് ടിസിഎല്ലിനു നല്‍കുമെന്ന് ബ്ലാക്ക്‌ബെറിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

നിലവില്‍ സെക്യൂരിറ്റി, സോഫ്റ്റ്‌വെയര്‍ എന്നീ ഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് ബ്ലാക്ക്‌ബെറി തന്നെയാണ്. ഇതിന്റെ വിതരണവും വില്‍പനയും കൈകാര്യം ചെയ്യുന്നത് ടിസിഎൽ ആണെന്ന് മാത്രം. ഇതിനാല്‍ സെക്യൂരിറ്റി സോഫ്റ്റ്‌വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധയൂന്നാന്‍ ബ്ലാക്ക്‌ബെറിക്ക് സാധിക്കും.

'ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍, ബെംഗ്ലാദേശ്, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിലോഴിച്ച് എല്ലായിടത്തും ടിസിഎൽ ആയിരിക്കും ബ്ലാക്ക്‌ബെറി ഫോണുകള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക. ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളിൽ അറിയിക്കുമെന്നും കമ്പനി വെബ്‌സൈറ്റ് പറയുന്നു.

അല്‍ക്കാടെല്‍ മൊബൈല്‍ ഫോണുകളുടെ നിര്‍മാണത്തിലും പങ്കാളിയാണ് ടിസിഎൽ. 2004 ഏപ്രിലില്‍ ഇരുകമ്പനികളും ചേര്‍ന്ന് ഉല്‍പാദനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ അടുത്ത ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണായ DTEK70 ന്റെ പണിപ്പുരയിലാണ് ബ്ലാക്ക്‌ബെറി. BBB100-1 എന്നാണു മോഡലിന്റെ പേരെന്ന് പ്രമുഖ ബെഞ്ച്മാര്‍ക്കിങ് വെബ്‌സൈറ്റായ ഗീക്ക്‌ബെഞ്ച് പറയുന്നു.

ബ്ലാക്ക്‌ബെറിയുടെ ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണായ 'പ്രിവ്' ന്റെ അതേ ശൈലിയിലായിരിക്കും പുതിയ ഹാൻഡ്സെറ്റിന്റെ രൂപഘടനയെന്നും കരുതുന്നു. ബ്ലാക്ക്‌ബെറിയുടെ സിഗ്‌നേച്ചര്‍ ഫീച്ചരായ QWERTY കീബോഡ് ഫീച്ചറും ഉൾപ്പെടുത്തും. ഒക്ടാ കോർ സ്നാപ്ഡ്രാഗൻ ചിപ്സെറ്റ്, 3ജിബി റാം, ഫിംഗർപ്രിന്റ് സെൻസർ, 4.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെ, 18 മെഗാപിക്സൽ ക്യാമറ (എൽഇഡി ഫ്ലാഷ്), 8 മെഗാപിക്സൽ സെൽഫി ക്യാമറ, ആൻഡ്രോയ്ഡ് നൂഗറട്ട് ഒഎസ് എന്നിവയാണ് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ.