Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഫോണ്‍ 6എസ് ബാറ്ററി തകരാറുണ്ടെന്ന് സമ്മതിച്ച് ആപ്പിള്‍

iphone6s.jpg.image.784.410

ആപ്പിളിന്റെ ഐഫോണ്‍ 6 എസ് സീരീസിലെ ഫോണുകള്‍ ഷട്ട് ഡൗണ്‍ ആകുന്നത് അടക്കമുള്ള സാങ്കേതിക തകരാറുണ്ടന്ന പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാൽ പരാതി ആപ്പിളിനെതിരെ ആയതിനാൽ തന്നെ പലരും പരാതികളെ സംശയിച്ചു. എന്നാൽ ഈ പരാതികൾ സത്യമാണെന്നും അത്തരമൊരു സാങ്കേതിക തകരാർ ഉണ്ടെന്നും ആപ്പിൾ സമ്മതിച്ചിരിക്കുന്നു. ഐഫോണ്‍ 6എസിലെ കേടുള്ള ബാറ്ററികള്‍ മാറ്റി നല്‍കാനും ആപ്പിള്‍ തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലും ഒക്ടോബറിലും നിര്‍മ്മിച്ച ഒരു സീരീസിലെ ഐഫോണുകള്‍ക്കാണ് ഈ തകരാറുള്ളതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. ഐഫോണുകള്‍ തനിയേ ഷട്ട് ഡൗണാകുന്നതിന് പിന്നില്‍ വൈറസല്ലെന്നും വളരെ കുറച്ച് ഐഫോണുകള്‍ക്ക് മാത്രമേ ഈ തകരാറുള്ളൂ എന്നുമാണ് ആപ്പിള്‍ വിശദീകരണം. അതേസമയം എത്ര ഫോണുകളാണ് ഈ സീരിസിലുള്ളതെന്നതിന്റെ കൃത്യം എണ്ണം പുറത്തുവിടാന്‍ കമ്പനി തയ്യാറായിട്ടില്ല. ഒരാഴ്ച്ചക്കിടെ ആപ്പിള്‍ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ഐഫോണ്‍ റിപ്പയര്‍ പ്രോഗ്രാമാണിത്. ഇത് ഐഫോണുകളുടെ വില്‍പ്പനയിലും കുറവുണ്ടാക്കി.

ആപ്പിള്‍ ഉപഭോക്താക്കളില്‍ ആര്‍ക്കെങ്കിലും ഈ പ്രശ്‌നമുണ്ടെങ്കില്‍ അടുത്തുള്ള ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറോ ആപ്പിളിന്റെ അംഗീകാരമുള്ള സേവന ദാതാക്കളേയോ സമീപിക്കാവുന്നതാണ്. സീരിയല്‍ നമ്പര്‍ പരിശോധിച്ചശേഷം കുഴപ്പമുള്ള ബാറ്ററി ഇവര്‍ മാറ്റി നല്‍കും. ബാറ്ററി മാറ്റുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ക്കായി ചില നിര്‍ദ്ദേശങ്ങളും ആപ്പിള്‍ പുറത്തിറക്കിയ കുറിപ്പിലുണ്ട്. ഫോണിലെ വിവരങ്ങള്‍ ഐട്യൂണിലോ ഐക്ലൗഡിലോ സേവ് ചെയ്യണം. ഫൈന്‍ഡ് മൈ ഫോണ്‍ ഓപ്ഷന്‍ ഓഫാക്കിയ ശേഷമേ ഫോണ്‍ ബാറ്ററി മാറ്റാന്‍ നല്‍കാവൂ. ബാറ്ററിയുടെ ശേഷിയെ ബാധിക്കുന്ന സ്‌ക്രീന്‍ പൊട്ടുന്ന തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ആദ്യം പരിഹരിച്ചതിന് ശേഷമേ ബാറ്ററി മാറ്റി നല്‍കൂ എന്നും ആപ്പിള്‍ പറയുന്നു.

നേരത്തെ ഇതേ പ്രശ്‌നം കൊണ്ട് ഏതെങ്കിലും ഉപഭോക്താവിന് ബാറ്ററി മാറ്റേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഇതിന് ചെലവായ തുക തിരിച്ചു നല്‍കുമെന്നും കമ്പനി പറയുന്നുണ്ട്. ഐഫോണ്‍ 6 പ്ലസിലെ ടച്ച് ഡിസീസ് പ്രശ്‌നത്തെ പരിഹരിക്കുമെന്ന് മൂന്നു ദിവസം മുമ്പാണ് ആപ്പിള്‍ വ്യക്തമാക്കിയത്. നിരവധി ഉപഭോക്താക്കളില്‍ നിന്ന് ഒരേ പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ആപ്പിളിന്റെ തീരുമാനം. സ്‌ക്രീനുകളുടെ പ്രതികരണ ശേഷി ഇല്ലാതാകുന്നതും മുകള്‍ഭാഗത്തായി ചാരനിറത്തിലുള്ള ബാര്‍ പ്രത്യക്ഷപ്പെടുന്നതുമായിരുന്നു ഐഫോണ്‍ 6പ്ലസില്‍ കണ്ടുവന്ന പൊതു പ്രശ്‌നം. 

Your Rating: