ക്യാമറ, ഡ്യുവൽ സിം, മെമ്മറി, അത്യുഗ്രൻ ഫീച്ചറുകളുമായി നോക്കിയ 3310 എത്തി, വിലയോ?

ഏറെ കാത്തിരിപ്പിനു ശേഷം നോക്കിയ തിരിച്ചെത്തിയിരിക്കുന്നു. ഒരു കൂട്ടം കിടിലൻ ആൻഡ്രോയ്ഡ് ഫോണുകളുമായാണ് നോക്കിയ തിരിച്ചെത്തിയിരിക്കുന്നത്. കഴി‍ഞ്ഞ ദിവസം ബാഴ്സലോണയിൽ നടന്ന ചടങ്ങിലാണ് നോക്കിയയുടെ പുതിയ ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചത്. ആൻഡ്രോയ്ഡ് ഫോണുകൾക്കൊപ്പം നോക്കിയ 3310 ഫീച്ചർ ഫോണും അവതരിപ്പിച്ചിരിക്കുന്നു.

നോക്കിയ 6, 5, 3 , നോക്കിയ 3310 എന്നീ നാല് ഹാൻഡ്സെറ്റുകളെയാണ് കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ ട്രന്റിങ് ആകാൻ പോകുന്നത് നോക്കിയ 3310 ആയിരിക്കും. സോഷ്യൽമീഡിയ ഒന്നടങ്കം ചർച്ച ചെയ്യുന്നത് നോക്കിയ 3310 തന്നെ.

ഇരട്ട സിം ഫോണായാണ് 3310 അവതരിപ്പിച്ചിരിക്കുന്നത്. കൂടെ ക്യാമറയും ഉണ്ട്. ഫിസിക്കൽ കീബോർഡ് തന്നെയാണ്. എന്നാൽ ഡിസ്പ്ലെ ബ്ലാക്ക് വൈറ്റിൽ നിന്ന് കളറായി. രണ്ടു മെഗാപിക്സൽ കാമറയാണ് 3310 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് മറ്റൊരു വലിയ പ്രത്യോകതയാണ്. നോക്കിയ 3310 ന്റെ ഏറ്റവും വലിയ പ്രത്യേകത തുടർച്ചയായി 22 മണിക്കൂർ സംസാരിക്കാമെന്നതാണ്.

49 യൂറോയാണ് വില ( ഏകദേശം 3400 രൂപ). 2.4 ഇഞ്ച് പോളറൈസ്ഡ്, വക്രാകൃതിയിലുള്ള ഡിസ്പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു ദിവസം തുടർച്ചയായി സംസാരിക്കാൻ ശേഷിയുള്ളതാണ് ബാറ്ററി. സ്റ്റാൻഡ് ബൈ മോഡിൽ ഒരു മാസവും ഉപയോഗിക്കാം. മൈക്രോ യുഎസ്ബി പോർട്ട് ഉപയോഗിച്ച് ചാർജ് ചെയ്യാനും സാധിക്കും.

3310 ന്റെ ഏറ്റവും മികച്ച ഫീച്ചറുകളിൽ ഒന്നായ പാമ്പ് ഗെയിമിന്റെ പരിഷ്കരിച്ച പതിപ്പ് പതിയ ഹാൻഡ്സെറ്റിലും ലഭ്യമാണ്. പഴയ സ്കോറുകൾ മറിക്കടക്കാൻ പുതിയ പാമ്പ് ഗെയിമിലൂടെ സാധിക്കുമെന്നാണ് നോക്കിയ പറയുന്നത്. ചുവപ്പ്, മഞ്ഞ, ബ്ലാക്ക്, ഗ്രേ എന്നീ നാലു നിറങ്ങളിലാണ് ഫോൺ ഇറങ്ങിയിരിക്കുന്നത്.

ക്യാമറയ്ക്ക് എൽഇഡി ഫ്ലാഷ് ലഭ്യമാണ്. ഹെഡ്ഫോൺ ജാക്ക്, സിംഗിൾ, ഡ്യുവൽ സേവനം, 16 എംബി സ്റ്റോറേജ്, 32 ജിബി വരെ ഉയർത്താം, എഫ്എം റേഡിയോ, എംപി ത്രീ പ്ലേയർ, 2ജി കണക്റ്റിവിറ്റി എന്നിവ പ്രധാന ഫീച്ചറുകളാണ്.