സ്മാർട്ഫോണുകളുടെ വില കുത്തനെ കുറയും

രാജ്യത്ത് സ്മാർട്ഫോണുകളുടെ വില കുത്തനെ കുറഞ്ഞേക്കുമെന്ന് റിപ്പോർട്ട്. 11 ശതമാനം വരെ വില കുറഞ്ഞേക്കുമെന്നാണ് വിപണി വൃത്തങ്ങൾ നൽകുന്ന സൂചന. ഈ വർഷം 4ജി ഹാൻഡ്സെറ്റുകളുടെ ഡിമാൻഡ് ആറു ശതമാനം വർധിച്ചിട്ടുണ്ട്.

4ജി ഹാൻഡ്സെറ്റുകൾ വ്യാപകമാകുന്നതോടെ ത്രീജി സെറ്റുകളുടെ വില കുത്തനെ കുറയും. പുത്തൻ സാങ്കേതിക ഉൽപന്നങ്ങൾക്ക് പിറകെപോകുന്ന ഉപഭോക്താക്കളെ പിടിക്കാൻ മിക്ക കമ്പനികളും നേരത്തെ തന്നെ വില കുറച്ചിരുന്നു. സാംസങ്, മൈക്രോമാക്സ്, നോക്കിയ തുടങ്ങി എല്ലാ കമ്പനികളും ജനപ്രിയ ഉൽപന്നങ്ങൾക്ക് വില കുറയ്ക്കുമെന്നാണ് അറിയുന്നത്.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ഫോൺ വിൽപന നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സ്മാർട്ഫോൺ കയറ്റുമതിയിലും ഇറക്കുമതിയിലും ഇന്ത്യ വൻ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം സ്മാർട്ഫോൺ വിൽപന ഏഴു ശതമാനം വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് അഞ്ചു ശതമാനമായിരുന്നു. ആഗോളതലത്തിലെ 4ജി ഹാൻഡ്സെറ്റുകളുടെ വിപണി വിഹിതത്തിൽ ഇന്ത്യ 58 ശതമാനം മുന്നേറ്റത്തിലാണ്. 2014 ൽ ഇത് കേവലം 26 ശതമാനം മാത്രമായിരുന്നു. 4ജി ഹാൻഡ്സെറ്റ് നിർമ്മാണത്തിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്.