ഏറ്റവും വിലകൂടിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോൺ, കിടിലൻ ഫീച്ചറുകൾ

ആഡംബര സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വെർതുവിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. കൺസ്റ്റെലേഷൻ എന്നാണു ഫോണിന്റെ പേര്. മുന്‍പേ പുറത്തിറക്കിയ ടച്ച് ഫോണിന്റെ വില അഞ്ചു ലക്ഷമായിരുന്നു. അതോര്‍ക്കുമ്പോള്‍ വില ഇതിലും കുറയാന്‍ സാധ്യത ഇല്ലെന്ന് വേണം കരുതാന്‍.

അനോഡൈസ്ഡ് അലുമിനിയം കൊണ്ടാണ് പുതിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഇറ്റലിയില്‍ നിന്നെത്തുന്ന മുന്തിയതരം ലെതറില്‍ പൊതിഞ്ഞെത്തുന്ന ഫോണിന് 5.5- ഇഞ്ച് ക്യുഎച്ച്ഡി അമോൾഡ് ഡിസ്പ്ലെയാണുള്ളത്. ആൻഡ്രോയ്ഡ് 6.0 മാഷ്‌മലോ ആണ് പ്ലാറ്റ്‌ഫോം. ഡിസ്‌പ്ലേ പോറലുകള്‍ ഏല്‍ക്കാത്ത തരം ഗ്ലാസിനാല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. ക്വാൽകം സ്നാപ്ഡ്രാഗൻ 820 പ്രോസസറിന്റെ കരുത്തുമായി എത്തുന്ന ഫോണിന് 4ജിബി RAM ഉണ്ട്. 128GB ഇന്റേണല്‍ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വീണ്ടും വര്‍ധിപ്പിക്കാം.

ഈ ഹാൻഡ്സെറ്റിന്റെ ബാറ്ററി ശേഷി 3,200 mAh ആണ്. സാധാരണ കണക്റ്റിവിറ്റി സേവനങ്ങളെല്ലാം ലഭ്യമാണ്. സംഗീതം കേള്‍ക്കുമ്പോള്‍ മികച്ച ശ്രവ്യാനുഭവം നല്‍കാന്‍ ഡോൾബി ഡിജിറ്റൽ പ്ലസുള്ള ഫ്രണ്ട്–ഫെയ്സിങ് സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. മാണിക്യക്കല്ല് കൊണ്ടാണ് ഇതിന്റെ ഗ്ലിറ്ററിങ് ബട്ടൺ നിര്‍മിച്ചിരിക്കുന്നത്. സൈലന്റ് സർക്കിൾസ് ടെക്നോളജി ഉപയോഗിച്ച് ഉപഭോക്താക്കളുടെ കോളുകള്‍ക്ക് ഏറ്റവും മികച്ച സുരക്ഷയാണ് നല്‍കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫോണില്‍ 5.2- ഇഞ്ച് എച്ചഡി ഡിസ്പ്ലെ, ഒക്ടാ കോർ ക്വാൽകം സ്നാപ്ഡ്രാഗൻ 810 പ്രോസസർ എന്നിവയാണ് ഉണ്ടായിരുന്നത്. 4GB RAM, 2TB വരെ വര്‍ധിപ്പിക്കാവുന്ന 64 GB സ്റ്റോറേജ് എന്നിവയും ഉണ്ടായിരുന്നു. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ആയിരുന്നു ഓപ്പറേറ്റിങ് സിസ്റ്റം. ഇരട്ട എൽഇഡി ഫ്ലാസുള്ള 21 മെഗാപിക്സൽ പിന്‍ക്യാമറ, 2.1 മെഗാപിക്സൽ മുന്‍ക്യാമറ എന്നിവയോടു കൂടിയ ഫോണിന്റെ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ 4G, LTE, 3G, WiFi, Bluetooth, GPS, NFC എന്നിവയായിരുന്നു. സിഗ്‌നേച്ചര്‍ സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ശേഷി 3,160 mAh ആയിരുന്നു