Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ ഗൂഗിളിൽ തിരയുന്നു, അണുബോംബ് വീണാൽ എന്തുചെയ്യും, രക്ഷതേടി ലോകജനത!

nuclear-bomb

ഉത്തരകൊറിയക്കെതിരെ അമേരിക്ക കർക്കശ നിലപാട് തുടരുന്നതിനിടെ അണ്വായുദ്ധ ആശങ്ക വിട്ടുമാറുന്നില്ല. ഉത്തരകൊറിയ ആയുധപരീക്ഷണങ്ങളും ഭീഷണിയും അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ആക്രമണം നേരിടേണ്ടി വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണമാണ് ആശങ്കക്ക് പിന്നിലെ പ്രധാന കാരണം. ഗൂഗിളില്‍ അണ്വായുധ ആക്രമണത്തില്‍ നിന്നും എങ്ങനെ രക്ഷിപ്പെടാം? എന്ന ചോദ്യം തിരയുന്നവരുടെ എണ്ണം സര്‍വ്വകാല റെക്കോഡിലെത്തിയിരിക്കുകയാണ്. 

സത്യത്തില്‍ ഒരു ആണവാക്രമണം സംഭവിച്ചാല്‍ ലോകത്തിന്റെ ഏതുഭാഗത്താണെങ്കിലും ബോംബിന്റെ പരിധിയില്‍ പെടുന്ന മനുഷ്യര്‍ ജീവനോടെ രക്ഷപ്പെടാനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒരു അണുബോംബ് സ്‌ഫോടനം നടന്നാല്‍ തല്‍ക്ഷണം പതിനായിരങ്ങളായിരിക്കും മരിച്ചുവീഴുക. ആണവവികിരണങ്ങളെ തുടര്‍ന്നുണ്ടാകുന്ന അസുഖങ്ങള്‍ മരണസംഖ്യവര്‍ധിപ്പിക്കും. ആണവസ്‌ഫോടനത്തെ തുടര്‍ന്നുണ്ടാകുന്ന പൊടിപടലങ്ങള്‍ മാസങ്ങളോളമാണ് അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുക. ഇതിന്റെ ഫലമായുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതം വര്‍ഷങ്ങളോളം തുടരും. 

ഒരു ആണവസ്‌ഫോടനം നടന്നാല്‍ രക്ഷപ്പെടാനുള്ള ഏക മാര്‍ഗ്ഗമായി കരുതുന്നത് ഭൂഗര്‍ഭ അറയിലൊളിക്കുകയെന്നതാണ്. അഞ്ച് നില വരെയുള്ള കെട്ടിടങ്ങളില്‍ കുറഞ്ഞത് രണ്ട് നിലയെങ്കിലും ഭൂമിക്കടിയിലുള്ള ഭൂഗര്‍ഭ അറ മാത്രമേ സുരക്ഷിതമാകൂ എന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പത്ത് നിലയും അതില്‍ കൂടുതലുമുള്ള വമ്പന്‍ കെട്ടിടങ്ങളില്‍ ഒന്നാമത്തെ നിലയിലെ ഭൂഗര്‍ഭ അറയും സുരക്ഷിതമെന്ന് കരുതാം. വലിയ കെട്ടിടങ്ങളുടെ മധ്യഭാഗത്തെ പ്രദേശങ്ങളും ഒരു പരിധിവരെ ആണവവികിരണങ്ങളില്‍ നിന്നും സുരക്ഷിതമാണ്.

nuclear-bomb

എന്നാല്‍ ആശങ്കപ്പെടേണ്ട മറ്റൊരു വസ്തുത ഇഷ്ടികയും കോണ്‍ക്രീറ്റും അടക്കമുള്ള സാധാരണ കെട്ടിട നിര്‍മ്മാണ വസ്തുക്കള്‍ക്കൊന്നും ആണവവികിരണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയില്ല. 2011ല്‍ സാന്‍ഡിയ നാഷണല്‍ ലബോറട്ടറി നടത്തിയ പഠനത്തില്‍ അമേരിക്കന്‍ നഗരമായ ചിക്കാഗോയില്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് ആണവാക്രമണമുണ്ടായാല്‍ രക്ഷപ്പെടാനാവുക. 26 ലക്ഷമാണ് ചിക്കോഗോ നഗരത്തിന്റെ ജനസംഖ്യയെന്ന് ഓര്‍ക്കണം. നിലവിലെ സാഹചര്യങ്ങളില്‍ ഒരു ആണവാക്രമണമുണ്ടായാല്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നു തന്നെയാണ് പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.