Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് ഇന്ത്യയുടെ കുതിപ്പിൽ കണ്ണു തള്ളി ഗൂഗിൾ; ജീവനക്കാരും വാട്സാപ്പിൽ!

mark-zuckerberg-sundar-pichai

ഈ വര്‍ഷം ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ വരുമാനം 980 മില്ല്യന്‍ ഡോളറാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൂഗിളാകട്ടെ ഇത്രകാലം ഇവിടെയുണ്ടായിരുന്നിട്ടും 1 ബില്ല്യന്‍ ഡോളര്‍ ആദ്യമായി ഉണ്ടാക്കിയത് 2017ല്‍ മാത്രമാണ്. എന്നു പറഞ്ഞാല്‍ കൂടുതല്‍ കാലം ഇവിടെ ബിസിനസ് ചെയ്തിട്ടും ഫെയ്‌സ്ബുക്കിനെ അപേക്ഷിച്ച് നേരിയൊരു ലീഡ് മാത്രമാണ് ഗൂഗിളിന് ഇപ്പോഴുള്ളതെന്നു കാണാം. ഇന്ത്യ, ഇരു കമ്പനികള്‍ക്കും നിര്‍ണായക വിപണിയാണ്. ചൈന രണ്ടു കമ്പനികളെയും അകറ്റി നിറുത്തിയിരിക്കുകയാണ്. ഒറ്റ രാജ്യമെന്ന നിലയില്‍ ഇന്ത്യയിലുള്ളതു പോലെ വികസന സാധ്യത രണ്ടു കമ്പനികള്‍ക്കും ലോകത്ത് എവിടെയുമുണ്ടാവാന്‍ വഴിയില്ല.

വികസിത രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്കിന്റെ പ്രഭാവം മങ്ങിത്തുടങ്ങി. സാങ്കേതിക വിദ്യയെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചും അറിയാവുന്ന ഇന്ത്യയിലെ ഉപയോക്താക്കളും ഫെയ്‌സ്ബുക്കിനെക്കുറിച്ച് ഇപ്പോള്‍ ആവേശഭരിതരേയല്ല. സ്വകാര്യതയുടെ കാര്യത്തില്‍ ഗൂഗിള്‍ ഫെയ്‌സബുക്കിനെക്കാളും കുപ്രസിദ്ധമാണെങ്കിലും ഇന്ത്യയില്‍ അവരുടെ വിശ്വാസ്യതയ്ക്ക് കാര്യമായ ഇടിവു തട്ടിയിട്ടില്ല. വാട്‌സാപ്പിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പ്രചരിച്ച വാര്‍ത്തകളാണ് ഇന്ത്യയില്‍ നടന്ന ചില ആക്രമണങ്ങള്‍ക്കു പിന്നിലെന്നു പറഞ്ഞ് കേന്ദ്ര സർക്കാരും പിന്നാലെയുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ മേധാവി പോലുമുണ്ടിയിരുന്നില്ല. ഫെയ്‌സ്ബുക്കിന് ഉള്ളതിന്റെ എട്ട് ഇരട്ടി ഉദ്യോഗസ്ഥരാണ് ഗൂഗിളിനു വേണ്ടി ഇന്ത്യയില്‍ പണിയെടുക്കുന്നത്. ഇങ്ങനെയെല്ലാമുള്ള പ്രതികൂല സാഹചര്യങ്ങളില്‍ പോലും ഗൂഗിളിനൊപ്പം വരുമാനം ഫെയ്‌സ്ബുക് നേടുന്നുവെന്നത് ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈ നയിക്കുന്ന ഗൂഗിളിന് അല്‍പം ക്ഷീണമുണ്ടാക്കുന്ന കാര്യമാണോ? ഫെയ്‌സ്ബുക്കിന്റെ ഇന്ത്യയിലെ വിജയം ഗൂഗിളിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇരു കമ്പനികളും ഈ റിപ്പോര്‍ട്ടിനെക്കുറിച്ചു പ്രതികരിക്കാനും തയാറല്ല.

എന്തായാലും ഗൂഗിള്‍ ഇപ്പോള്‍ ഇന്ത്യയിലെ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കാനൊരുങ്ങുകയാണ്. ഉപയോക്താക്കളിലേക്ക് കൂടുതല്‍ പരസ്യങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണവര്‍. ഒപ്പം, പ്രദേശിക സേവനങ്ങള്‍ വര്‍ധിപ്പിക്കാനും അവര്‍ ഒരുങ്ങുന്നു. ഇന്ത്യയില്‍ ഗൂഗിളിനുള്ള വിശ്വാസ്യത പരമാവധി ചൂഷണം ചെയ്യുക എന്നതായിരിക്കും അവരുടെ പ്രധാന തന്ത്രം. ഗൂഗിള്‍ സര്‍വീസുകളില്‍ ഇന്ത്യക്കാരെക്കൊണ്ട് കൂടുതല്‍ സമയം ചിലവഴിപ്പിക്കാനാണ് ഉദ്ദേശം.

വികസ്വര രാജ്യങ്ങളില്‍ ഗൂഗിള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം തന്നെയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ഉപയോക്താക്കള്‍ ഫെയ്‌സ്ബുക്കിനെയും വാട്‌സാപ്പിനെയും ഇന്‍സ്റ്റാഗ്രാമിനെയും ഒരു പോലെ ഇഷ്ടപ്പെടുന്നു. ജനങ്ങൾ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ചിലവഴിക്കുന്ന സമയം ഗൂഗിള്‍ സെര്‍ച്ചിനൊപ്പവും യുട്യൂബിനൊപ്പവും ആയിരുന്നാല്‍ മാത്രമേ ഗൂഗിളിന് അത് പണമാക്കി മാറ്റാന്‍ സാധിക്കികയുള്ളൂ. ഗൂഗിളിന്റെ സ്വന്തം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ വന്‍ പരാജയങ്ങളുമായിരുന്നല്ലോ. വാട്‌സാപ്പിന്റെ ഇന്ത്യയിലെ സ്വീകാര്യത മനസിലാക്കാന്‍ ഗൂഗിളിന് വലിയ ഗവേഷണമൊന്നും നടത്തേണ്ടിവന്നില്ല. അവരുടെ ഒരു നഗരത്തിലെ ഓഫിസിലെ പത്ത് ഉദ്യോഗസ്ഥര്‍ ഉച്ച ഭക്ഷണത്തിനായി പുറത്തു വരുന്നു. അവരില്‍ ആറു പേരും ഫോണെടുത്ത് സന്ദേശങ്ങള്‍ പരിശോധിക്കുന്നു. അവര്‍ ഉപയോഗിച്ചത് വാട്‌സാപ്പാണ്! കൂടാതെ, ഈ പത്ത് ഉദ്യോഗസ്ഥരും തങ്ങള്‍ സ്ഥിരമായി വാട്‌സാപ് ഉപയോഗിക്കുന്നവരാണെന്നും വെളിപ്പെടുത്തി.

ഫെയ്‌സ്ബുക് ഇന്ത്യയിലെ പരസ്യ ദാതാക്കള്‍ക്കു വേണ്ടി പ്രത്യേകമായി ഒന്നും ചെയ്തിട്ടില്ലെങ്കിലും അത് ഉപയോക്താവിന് എളുപ്പം താദാത്മ്യം പ്രാപിക്കാവുന്ന പ്ലാറ്റ്‌ഫോമാണെന്നതാണ് അതിനെ ആകര്‍ഷകമാക്കുന്നത്. കൂടാതെ ഫെയ്‌സ്ബുക്കിന് ഭാഷയുടെ പരിമിതികളും എളുപ്പം മറികടക്കാനാകുന്നു. കൂടുതല്‍ ദൃശ്യ സാധ്യതകളെ ഉപയോഗിക്കുന്നു. യുട്യൂബും ഗൂഗിളും പ്രാദേശിക ഉള്ളടക്കം ഉൾക്കൊള്ളുന്നുണ്ടെങ്കിലും അതിലേറെ വ്യക്തിപരമായ സര്‍വീസുകളായ വാട്‌സാപ്പിനെയും ഫെയ്‌സ്ബുക്കിനെയും ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്നുവെന്ന വാദവും നിലനില്‍ക്കുന്നു. യുവാക്കള്‍ക്കും ഗ്രാമീണ ഇന്ത്യയ്ക്കും പോലും ഫെയ്‌സ്ബുക്, വാട്‌സാപ്, ഇന്‍സ്റ്റഗ്രാം ത്രിമൂര്‍ത്തികളെ ഇഷ്ടപ്പെടാനാകുന്നുവെന്നാണ് കണ്ടെത്തല്‍.

ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന ഡിജിറ്റല്‍ വിപണിയാണ്. വികസിത രാജ്യങ്ങളില്‍ വമ്പല്‍ കമ്പനികളുടെ വളര്‍ച്ച മുരടിച്ചു തുടങ്ങിയിരിക്കുകയുമാണ്. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി ഇന്റര്‍വ്യൂ ചെയ്ത ഇന്ത്യയിലെ എട്ട് പരസ്യം വാങ്ങലുകാരില്‍ (ad buyers) പലരും ഫെയ്‌സ്ബുക് താമസിയാതെ രാജ്യത്തെ പരസ്യ വരുമാനത്തില്‍ ഗൂഗിളിനെ മറികടക്കുമെന്ന അഭിപ്രായക്കാരായിരുന്നു. അത്തരമൊരു കാര്യം ചര്‍ച്ച ചെയ്യേണ്ടിവരുന്നുവെന്നതു പോലും ഗൂഗിളിനെ ഭയപ്പെടുത്തുന്ന കാര്യമാണ്. അത്ര സുരക്ഷിതമായിരുന്നല്ലോ അവരുടെ നില. എന്തായാലും ഇതെല്ലാം പിച്ചൈയെ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ നിര്‍ബന്ധിതനാക്കും. തങ്ങളുടെ അടുത്ത നൂറു കോടി ഉപയോക്താക്കളെ എവിടുന്നു കിട്ടുമെന്ന് ടെക് കമ്പനികള്‍ അന്വേഷിക്കുമ്പോള്‍ ഇന്ത്യയ്ക്കു ലഭിക്കന്ന പ്രാധാന്യം മനസിലാക്കാം.

പുതിയ തന്ത്രങ്ങള്‍

ഗൂഗിള്‍ ഇത്രയും കാലം തുടര്‍ന്നു വന്നിരുന്ന സമീപനം ടെക്‌നോളജിയെ ആദ്യം പുണര്‍ന്നവര്‍ക്കു വേണ്ടിയുള്ളതായിരുന്നു. കൃത്യമായി പറഞ്ഞാല്‍ സിലിക്കന്‍ വാലിയിലുള്ളവര്‍ക്കു വേണ്ടി. എന്നാല്‍ ആഗോള ജനതയെ ഉന്നം വയ്ക്കുമ്പോള്‍ കാതലായ മാറ്റം വരുത്തേണ്ടതാണ്. വികസ്വര രാജ്യങ്ങളില്‍ ഫെയ്‌സബുക് ത്രയത്തിന്റെ വളര്‍ച്ച അസൂയാവഹമാണ്. എന്നാല്‍, ഗൂഗിളിന് കാര്യമായ പ്രാധാന്യമില്ല.

മൂന്നു വര്‍ഷം മുൻപ് ചുമതലയേറ്റപ്പോള്‍ പിച്ചൈ ചില പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. പ്രാദേശിക തലത്തില്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കുക, റേഡിയോയിലും ടിവിയിലും പരസ്യം നല്‍കുക, കൂറ്റൻ പരസ്യ ബോര്‍ഡുകള്‍ നഗരങ്ങളില്‍ സ്ഥാപിക്കുക, കൂടുതല്‍ പ്രാദേശിക ഉദ്യോഗസ്ഥരെ നിയമിക്കുക, സ്റ്റാര്‍ട്ട്-അപ്പുകളില്‍ കൂടുതല്‍ മുതല്‍മുടക്കു നടത്തുക തുടങ്ങിയവയായിരുന്നു അവ. ഇതേതുടര്‍ന്ന് ഗൂഗിളിന്റെ ഇന്ത്യയിലെ ഉദ്യോഗസ്ഥരുടെ അംഗബലം വര്‍ധിച്ചിരുന്നു. ഇപ്പോള്‍ 4,000 ലേറെ പേര്‍ അവര്‍ക്കിവിടെ ജോലിക്കാരായുണ്ട്. ഗൂഗിളിന്റെ ആപ്പുകളും സര്‍വീസുകളും വളരെ കുറച്ചു ഡേറ്റാ ഉപയോഗിക്കുന്നവയായിരിക്കുന്നു. ഫയല്‍സ് ഗോ, ടെസ് (ഗൂഗിള്‍ പേ) തുടങ്ങിയ ആപ്പുകള്‍ ഇന്ത്യക്കാര്‍ക്കായി ഗൂഗിള്‍ ഇറക്കിയവയാണ്.

ഗൂഗിള്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇന്ത്യയ്ക്കു വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. സുപ്രധാന ഉദ്യോഗസ്ഥര്‍ വരെ പുതിയ തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ്. ഈ മാറ്റങ്ങളില്‍ ചിലതെല്ലാം ഫലം കണ്ടു തുടങ്ങിയെന്നും വാര്‍ത്തകളുണ്ട്. ഗവേഷണ കമ്പനിയായ കോംസ്‌കോറിന്റെ (Comscore) കണ്ടെത്തലുകള്‍ പറയുന്നത് ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഇന്ത്യക്കാര്‍ ഫെയ്‌സ്ബുക് ത്രിമൂര്‍ത്തികളെക്കാള്‍ കൂടുതല്‍ ഉപയോഗിച്ചത് ഗൂഗിള്‍ സര്‍വീസുകളാണെന്നാണ്. കഴിഞ്ഞ കൊല്ലം ഇതേ സമയത്ത് ഫെയ്‌സ്ബുക് ആയിരുന്നു മുന്നില്‍. ഈ നേട്ടം പരസ്യങ്ങളുടെ കാര്യത്തിലും വരുത്തുക എന്നതായിരിക്കും അടുത്ത ലക്ഷ്യം. കാര്യങ്ങള്‍ നേരിട്ടു മനസിലാക്കാന്‍ ഗൂഗിളിന്റെ ചില പ്രധാന ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയിരുന്നു. ചെറുകിട പരസ്യദാതാക്കളെയും ലക്ഷ്യം വയ്ക്കാന്‍ കമ്പനിക്കു പരിപാടിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ യാത്രയില്‍ ഗൂഗിള്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ കാര്യങ്ങള്‍ പ്രകാരം അവര്‍ ഇനി ഓരോ സംസ്ഥാനത്തിനു വ്യത്യസ്തരായ പരസ്യ ദാതാക്കളെ കണ്ടെത്തിയേക്കും. ഭാഷ, സാംസകാരിക വൈവിധ്യങ്ങള്‍ കണക്കിലെടുത്തായിരിക്കും അവരുടെ മുന്നോട്ടുള്ള ചുവടുവയ്പ്പുകള്‍.

ഇനി സേര്‍ച്ചില്‍ കൂടുതല്‍ ഇന്ത്യന്‍ ദിനപ്പത്രങ്ങളുടെ ഉള്ളടക്കം കുരുക്കിയെടുക്കാനുള്ള ശ്രമം കൂടുതലായി നടത്തും. പ്രാദേശിക ഭാഷകളിലടക്കം ഇതു പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. അതോടൊപ്പം പരസ്യവും വര്‍ധിക്കുമെന്നാണ് അവര്‍ കരുതുന്നത്. ഇന്ത്യയിലെ പല ചെറുകിട സ്ഥാപനങ്ങള്‍ക്കും വെബ്‌സൈറ്റുകളില്ല എന്നത് ഗൂഗിളിനെ കുഴക്കുന്ന ഒരു കാര്യമാണ്. എന്നാല്‍, ഫെയ്‌സ്ബുക്കിന്റെ സേവനങ്ങളുടെ സവിശേഷതമൂലം അവര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരുന്നുമില്ല. പ്രൊഡക്ട് വിഡിയോ റെക്കോഡു ചെയ്ത ശേഷം അത് യുട്യൂബില്‍ അപ്‌ലോഡുചെയ്തിട്ട് വാട്‌സാപ്പില്‍ ലിങ്ക് പങ്കുവയ്ക്കുന്ന രീതി ഇന്ത്യയില്‍ സാധാരണമാണ്. ഫെയ്‌സ്ബുക്കാണെങ്കില്‍ ഇത്തരം മാര്‍ക്കറ്റിങ് രീതി കാശാക്കി മാറ്റാനും തുടങ്ങി. അവര്‍ വാട്‌സാപ്പില്‍ മാര്‍ക്കറ്റിങ് ലിങ്കുകള്‍ അയയ്ക്കുന്നതിന് പൈസ വാങ്ങിത്തുടങ്ങി. മാര്‍ക്കറ്റിങ് വിഡിയോയ്ക്ക് അടുത്ത വര്‍ഷം മുതല്‍ കാശു വാങ്ങാനാണ് വാട്‌സാപ് ഉദ്ദേശിക്കുന്നത്.

എന്തായാലും, രണ്ട് ആഗോള ഭീമന്മാരും ഇന്ത്യയില്‍ അരയും തലയും മുറുക്കി ഇറങ്ങുകയാണ്. ഇത്ര നാള്‍ കണ്ടതിനെക്കാള്‍ വിഭിന്നമായ ഒരു ഗൂഗിളിനെ, പ്രത്യേകിച്ചും പ്രാദേശികമായ ഗൂഗിളിനെ കണ്ടാല്‍ അദ്ഭുതപ്പെടേണ്ട. മത്സരത്തില്‍ ആരു ജയിക്കും എന്ന കാര്യം ഇപ്പോള്‍ അപ്രവചനീയമാണ്.