ട്വിറ്റർ ആപ്പിലും ഇനി ലൈവ് വിഡിയോ

ലൈവ് ആയി വിഡിയോ പ്രക്ഷേപണം ചെയ്യാനും ഉപയോക്താക്കൾക്ക് സംവദിക്കാനുമുള്ള സൗകര്യം ഒരുക്കുന്ന
ഫെയ്സ്ബുക്ക് ലൈവിന്റെ സാധ്യതകൾ കൂടുതൽ മേഖലകൾ ഉപയോഗപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. സിനിമാ പ്രെമോഷന് സെലിബ്രിറ്റികളും ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള ലൈവ് കാഴ്ചകള്‍ വരെ ആളുകളെ അമ്പരപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് ട്വിറ്ററും ലൈവ് വിഡിയോ പരീക്ഷിക്കുന്നത്.

ലൈവ് വീഡിയോകൾ കാണാനും ടെലികാസ്റ്റ് ചെയ്യാനും സഹായിക്കുന്ന ട്വിറ്റർ ആപ്പ് തയാറായി കഴിഞ്ഞു. ലൈവിന്റെ സാധ്യകൾ തിരിച്ചറിഞ്ഞ ട്വിറ്റർ, ഉപഭോക്താക്കൾക്കായി പെരിസ്കോപ്പ് തുറക്കാതെ ട്വിറ്റർ ആപ്പിൽ നിന്നു തന്നെ ലൈവ് ചെയ്യാനാകുന്ന വിധത്തിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുമ്പോൾ ഫോട്ടോ, വിഡിയോ എന്നിവയ്ക്കൊപ്പം ഇനി ലൈവ് എന്നൊരു സംവിധാനം കൂടി ലഭ്യമാകും.

ലൈവ് സംവിധാനം ഇനി മുതൽ ട്വിറ്റർ ആപ്ലിക്കേഷനുള്ളിൽ തന്നെ ലഭ്യമാകുമെന്ന് അറിയിച്ചിരിക്കുന്നത് പെരിസ്കോപ്പ് സിഇഒ കെയ്വോൻ ബെയ്ക്പൗർ ആണ്. ലൈവ് വിഡിയോ സംവിധാനം അൽപ്പം മന്ദീഭവിച്ചിരിക്കുന്ന ട്വിറ്ററിന് പുതിയ കരുത്ത് പകരുമെന്നാണ് കമ്പനി കരുതുന്നത്.

പെരിസ്കോപ്പ് സംവിധാനം തന്നെയാണ് ട്വിറ്റർ ആപ്പിനുള്ളിലും ലൈവ് ലഭ്യമാക്കുക. 2015ൽ 100 ദശലക്ഷം ഡോളർ തുകയ്ക്ക് ട്വിറ്ററർ വാങ്ങിയ കമ്പനിയാണ് പെരിസ്കോപ്പ്. പെരിസ്കോപ്പ് ആപ്പ് ട്വിറ്റർ നിർത്തുകയില്ലെന്നും കമ്പനി നേരത്തെ അറിയിച്ചിരുന്നു. 10 ദശലക്ഷത്തോളം ഉപഭോക്താക്കളാണ് ഈ വർഷം ആരംഭിച്ചപ്പോൾ പെരിസ്കോപ്പിനു ഉണ്ടായിരുന്നത്.

ഫെയ്സ്ബുക്ക് ലൈവ് പോലെ കാഴ്ചക്കാര്‍ക്ക് ലൈവ് വീഡിയോക്ക് താഴെ കമന്റ് ചെയ്യാനും മറ്റു ഇമോജികൾ പോസ്റ്റ് ചെയ്യാനും ട്വിറ്റർ ലൈവിലും സാധിക്കും. ലൈവ് വിഡിയോ റീ ട്വീറ്റ് ചെയ്യാനും ലൈക്ക് ചെയ്യാനും എവിടെയും ഷെയർ ചെയ്യാനും സാധിക്കും.