ട്വിറ്റർ പ്രൊഫൈൽ ഇനി ആർക്കും വെരിഫൈ ചെയ്യാം

സെലിബ്രിറ്റികൾക്ക് മാത്രം ട്വിറ്റർ നല്‍കിയിരുന്നിരുന്ന വെരിഫൈഡ് പേജ് ഇനി എല്ലാവർക്കും ലഭിക്കും. വ്യാജന്‍മാരെ തിരിച്ചറിയാനായിരുന്നു പേജ് ഔദ്യോഗികമാക്കി മാറ്റുന്ന സംവിധാനം സാമൂഹികമാധ്യമങ്ങൾ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ അൽപ്പം പൊതുജന താത്പര്യമുള്ളവരാണെങ്കിൽ ആർക്കും ട്വിറ്റർ അക്കൗണ്ട് ഔദ്യോഗികമാക്കി മാറ്റാം.

ട്വിറ്റര്‍ ഇതിനായി ഒരു ഓണ്‍ലൈന്‍ ഫോം തന്നെ അവതരിപ്പിച്ചിരിക്കുകയാണ്. വെരിഫൈ ചെയ്ത അക്കൗണ്ടുകള്‍ തിരിച്ചറിയുന്നത് പേരിനൊപ്പമുള്ള ബ്ലൂ ടിക്ക് മാര്‍ക്ക് നോക്കിയാണ്. വൈരിഫൈഡ് അക്കൗണ്ട് അപേക്ഷക്കായി കമ്പനി പ്രത്യേകം പേജ് തയ്യാറാക്കിയിട്ടുണ്ട്.

വെരിഫിക്കേഷന്‍ ചെയ്യേണ്ടത് എന്തിനെന്ന ആവശ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഫോമില്‍ വിശദീകരിക്കണം. മാത്രമല്ല വെരിഫൈഡ് ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, പ്രൊഫൈല്‍ ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ നല്‍കേണ്ടിയും വരും. ആധികാരികമായ ഏതെങ്കിലും തിരിച്ചറിയൽ രേഖയും ചിലപ്പോൾ ചോദിച്ചേക്കാം.

അപേക്ഷ ഫോം പൂരിപ്പിച്ചു കഴിഞ്ഞാല്‍ ട്വിറ്റര്‍ ഇമെയില്‍ വഴി മറുപടി നല്‍കും. അപേക്ഷ നിരസിച്ചാല്‍ 30 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും അപേക്ഷിക്കാം. 187,000 പേരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഇതുവരെ വെരിഫൈഡ് ചെയ്തിട്ടുണ്ട്. സെലിബ്രിറ്റികളുടെ പേരില്‍ വ്യാജൻമാർ വ്യാപകമായതോടെ ആണ് ട്വിറ്റര്‍ വെരിഫിക്കേഷന്‍ അവതരിപ്പിച്ചത്.

ഫെയ്സ്ബുക്കിൽ വെരിഫിക്കേഷനായി ആധികാരികമായ ഏതെങ്കിലും തിരിച്ചറിയൽ രേഖ നൽകുമ്പോൾ അതിലെ പേരും നിങ്ങളുടെ പ്രൊഫെയിലിലെ പേര്‌, വയസ്‌, സ്ഥലം എന്നിവ യോജിക്കുന്നുണ്ടേങ്കിൽ മാത്രമെ വെരിഫൈ കിട്ടൂ. ഇതേ നിയമങ്ങൾ ട്വിറ്ററിലുമുണ്ടാകുമെന്നാണ് സൂചന.