‘കളി മോഹൻലാലിനോടു വേണ്ട’, കെആർകെയുടെ അക്കൗണ്ടുകൾ മലയാളികൾ ഹാക്ക് ചെയ്തു!

മലയാളത്തിലെ സൂപ്പർസ്റ്റാർ മോഹൻലാലിനെ അവഹേളിച്ച നടനും നിരൂപകനുമായ കെആർകെയെ ആക്രമിക്കാൻ മലയാളി സൈബർ ഹാക്കർമാർ ഒന്നിച്ചു. കെആർകെയുടെ പ്രധാന അക്കൗണ്ടുകളെല്ലാം മലയാളി ഹാക്കര്‍മാർ സ്വന്തമാക്കി കഴിഞ്ഞെന്നാണ് അറിയുന്നത്. കെആർകെയെ ആക്രമിക്കാനായി പ്രത്യേകം സൈബർ സേനയെ തന്നെ മലയാളി ഹാക്കര്‍മാർ രൂപീകരിച്ചു കഴിഞ്ഞു.

വിവിധ സ്ഥലങ്ങളിലിരുന്ന് പ്രവർത്തിക്കുന്ന ഹാക്കർമാർ കെആർകെയുടെ ട്വിറ്റർ, ഫെയ്സ്ബുക്ക് ലോഗിൻ വിവരങ്ങൾ സ്വന്തമാക്കി കഴിഞ്ഞു. ഫെയ്സ്ബുക്ക്, ട്വിറ്റർ റിക്കവര്‍ ഇ–മെയില്‍ വിവരങ്ങളും സ്വന്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ മോഹൻലാലിനെതിരായ പോസ്റ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ അക്കൗണ്ട് പൂർണമായും ഹാക്ക് ചെയ്യുമെന്നാണ് മല്ലു സൈബർ സേനയു‍ടെ ഭീഷണി.

ഇത് സംബന്ധിച്ച് വ്യക്തമായ ഇമെയിൽ സന്ദേശം കെആർകെയ്ക്ക് കൈമാറിയിട്ടുണ്ട്. ലോഗിൻ വിവരങ്ങൾ സ്വന്തമാക്കിയത് സംബന്ധിച്ചുള്ള തെളിവുകളും കൈമാറി. കെആർകെയുടെ പ്രധാന വരുമാന മാർഗമായ ഗൂഗിൾ ആഡ്സെന്‍സ് അക്കൗണ്ടും പൂട്ടിക്കുമെന്ന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. യൂട്യൂബ് വിഡിയോ പരസ്യങ്ങളിലൂടെ ലക്ഷങ്ങളുടെ വരുമാനമാണ് കെആർകെ ഓരോ മാസവും സ്വന്തമാക്കുന്നത്.

സിനിമാരംഗത്തെ അതിപ്രശസ്തരെ എങ്ങനെയും അവഹേളിക്കുക എന്നതാണ് നടനും നിരൂപകനുമായ കെആർകെയുടെ പ്രധാനപരിപാടിയാണ്. അമിതാഭ് ബച്ചൻ, രജനികാന്ത്, കരൺ ജോഹർ, കമൽഹാസൻ, അജയ് ദേവ്ഗൺ തുടങ്ങി സൊനാക്ഷി സിൻഹ വരെ കെആർകെയുടെ ശത്രുക്കളാണ്. അതിൽ ഏറ്റവും അവസാനം മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലും കെആർകെയുടെ ലിസ്റ്റിലെത്തി.