ജിമെയിൽ ഉപയോഗിക്കാൻ കൊതിയായെന്ന് യാഹൂ സിഇഒ

കമ്പനി വിട്ടതിന്റെ പിറ്റേന്ന് തന്നെ ജിമെയിൽ ഉപയോഗിക്കാൻ കൊതിയായെന്ന യാഹൂ സിഇഒ മരിസ മയെർ. വെറൈസൺ-യാഹൂ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതോടെ കമ്പനി വിട്ട മയെർ തൊട്ടടുത്ത ദിവസം ഒരു സെമിനാറിലാണ് വിവാദ പ്രസ്താവന നടത്തിയത്. മരിസ സിഇഒ ആയിരുന്ന കാലത്ത് തകർന്നടിഞ്ഞ യാഹൂ വെറൈസൺ ഏറ്റെടുത്തതിനെ തുടർന്ന് കമ്പനി വിട്ട മരിസയ്ക്ക് 1600 കോടിയോളം രൂപയാണ് ലഭിച്ചത്. 

സിഇഒ ആയിരിക്കെ മരിസയെടുത്ത തീരുമാനങ്ങളെല്ലാം യാഹൂവിനെ വീണ്ടും നഷ്ടത്തിലേക്കു നയിക്കുകയായിരുന്നു. യാഹൂ വിട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ കമ്പനിയെ പരിഹസിച്ചത് വിവാദമായതോടെ മാധ്യമങ്ങൾ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി മരിസ എത്തി. താൻ വികസിപ്പെടുത്ത ആപ്പ് എന്ന നിലയ്ക്ക് ജിമെയിൽ ഉപയോഗിക്കാൻ കാത്തിരിക്കുകയാണെന്നാണ് താൻ പറഞ്ഞതെന്നാണ് വിശദീകരണം.

1999ൽ ഗൂഗിളിൽ ചേർന്ന മരിസ 2012ൽ ഗൂഗിൾ വൈസ് പ്രസിഡന്റായിരിക്കെയാണ് കമ്പനി വിട്ട് യാഹൂ സിഇഒ ആയി ചുമതലയേറ്റത്. ഗൂഗിൾ സേർച്ച്, മാപ്‌സ്, ജിമെയിൽ തുടങ്ങിയ ഒട്ടേറെ സേവനങ്ങളുടെ പിന്നിൽ മരിസ മയെർ ആയിരുന്നു.