ഒരു വർഷം പിന്നിട്ട് പോക്കിമോൻ ഗോ

ലോകമെങ്ങുമുള്ള കുട്ടികൾക്ക് ഹരം പകർന്നെത്തിയ ഓഗ്മെന്റഡ് റിയാലിറ്റി മൊബൈൽ ഗെയിമായ പോക്കിമോൻ ഗോയ്ക്ക് ഒരു വയസ്. കഴിഞ്ഞ വർഷം ജൂലൈ ആറിന് പുറത്തിറങ്ങിയ ഗെയിം ചുരുങ്ങിയ കാലത്തിനുള്ളിൽ കോടിക്കണക്കിനു കളിക്കാരെ നേടി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയുൾപ്പെടെ അനേകം രാജ്യങ്ങളിൽ ഗെയിം എത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ എങ്കിലും ഇന്നു പോക്കിമോൻ ഗോയെപ്പറ്റി അറിയാത്തവരായി ആരുമില്ല. 

ഗെയിമിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കളിക്കാർക്കായി ഒട്ടേറെ ഓൺ ഗെയിം സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒറ്റ വർഷത്തിനുള്ളിൽ രണ്ടു ഡസനിലേറെ അവാർഡുകളും പോക്കിമോൻ ഗോ നേടിയിട്ടുണ്ട്. നിയാൻറികും നിൻറെൻഡോയും ചേർന്നു രൂപം നൽകിയ പോക്കിമോൻ കമ്പനിയാണ് പോക്കിമോൻ ഗോ അവതരിപ്പിച്ചത്.