‘ഹിഡൻ’ വ്യക്തി വിവരങ്ങളും ചോർത്താം; ഗൂഗിളിന്റെ കണ്ണുതുറപ്പിച്ചത് പ്ലസ് വൺ മലയാളി പയ്യൻ

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ ഡേറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന ഹിഡനായ വ്യക്തി വിവരങ്ങളെല്ലാം സുരക്ഷിതമാണെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ വ്യക്തികൾ ഹിഡനാക്കി വെച്ചിരിക്കുന്ന ഡേറ്റകളും ചോർത്താമെന്ന് മൂവാറ്റപുഴയിലെ കൊച്ചു പയ്യൻ കണ്ടെത്തിയിരിക്കുന്നു.

ഗൂഗിളിന്റെ വൻ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം ലഭിച്ചു. ഗൂഗിൾ ഡൊമെയ്നിലെ (groups.google.com) പ്രശ്നം കണ്ടെത്തിയ എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹരി ശങ്കറിനാണ് അംഗീകാരം ലഭിച്ചത്. വ്യക്തികൾ രഹസ്യമാക്കി വെച്ച വിവരങ്ങൾ ചോർത്താം എന്ന ബഗാണ് പതിനാറുകരാനായ ഹരി ശങ്കർ കണ്ടെത്തിയത്.

പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിന് ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് ഹരിശങ്കറും ഇടം നേടിയിരിക്കുന്നത്.  

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്.    

തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്. 89 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഹരിശങ്കറിന്റെ സ്ഥാനം 16–ാം പേജിലാണ്. ഈ ലിസ്റ്റിൽ നിരവധി മലയാളികൾ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും പ്രായം കുറഞ്ഞ, പട്ടികയിൽ മുന്നിൽ നിൽക്കുന്ന മലയാളി ഹരിശങ്കർ തന്നെയാണ്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നൽകും മുൻപെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ് ഗൂഗിൾ രീതി.    

കല്ലൂർക്കാട് എസ്എഎച്ച്എസ്എസിൽ പ്ലസ് വണ്ണിന് പഠിക്കുന്ന ഹരിശങ്കർ യുട്യൂബ്, ഗൂഗിൾ സെർച്ച് എന്നിവയുടെ സഹായത്തോടെയാണ് എത്തിക്കൽ ഹാക്കിങ് പഠിച്ചത്. ഒഴിവുസമയങ്ങളിലെല്ലാം എത്തിക്കൽ ഹാക്കിങ് പഠിക്കാൻ സുഹൃത്തുക്കളും സഹായിക്കുന്നുണ്ട്.

എത്തിക്കൽ ഹാക്കിങ് ഏറെ ഇഷ്ടപ്പെട്ട വിഷയമായതിനാൽ ലഭിക്കാവുന്ന വിവരങ്ങളെല്ലാം പഠിച്ചെടുക്കുകയാണ് ഹരിശങ്കർ. എച്ച്ടിഎംഎൽ, എസ്ക്യുഎൽ, പിഎച്ച്പി, സിഎസ്എസ് എല്ലാം പഠിച്ചത് ഓൺലൈൻ വഴി തന്നെ. ഇന്റൽ, മീഡിയഫയർ എന്നീ കമ്പനികളുടെ അംഗീകാരവും ഹരിശങ്കറിന് ലഭിച്ചിട്ടുണ്ട്.