ഓപ്പോ, വിവോ, ഷവോമി, ലെനോവോ വിലക്കുമെന്ന് വ്യാജ വാർത്ത, നിയമനടപടിയുമായി കമ്പനികൾ

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ ചൈനീസ് കമ്പനികളുടെ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ വിലക്കുമെന്നത് വ്യാജ വാർത്ത. മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ ഇന്ത്യയിൽ തന്നെ പ്ലാന്റ് തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്കെതിരെയാണ് വ്യാജവാർത്തകൾ വ്യപകമായി പ്രചരിക്കുന്നത്. പുതുതായി തുടങ്ങിയ ഒരു സ്മാർട്ട്ഫോൺ കമ്പനിയും കച്ചവടം കുറഞ്ഞ മറ്റു കമ്പനികളുമാണ് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിന് ചുക്കാൻ പിടിക്കുന്നതെന്നാണ് റിപ്പോർട്ട്. വ്യാജ വാർത്തക്കെതിരെ കമ്പനികൾ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്ത് മാസത്തിൽ ഏകദേശം 70 ലക്ഷം സ്മാർട്ടഫോണുകളാണ് വിൽക്കപ്പെടുന്നത്. ഇതിൽ 60 ശതമാനവും ഈ നാല് കമ്പനികളുടെ ഫോണുകളാണ്. രാജ്യസുരക്ഷയെ മുൻനിർത്തിയാണ് ഇവർക്കെതിരെ ആരോപണം.

ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങൾ ചോർത്തുന്നുവെന്ന സംശയത്തെ തുടർന്ന് ചൈനീസ് കമ്പനികൾ ഉൾപ്പെടെയുള്ള 30 മൊബൈൽ ഫോൺ കമ്പനികൾക്ക് കേന്ദ്രസർക്കാർ നേരത്തെ നോട്ടിസ് അയച്ചിരുന്നു. ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, ഷവോമി, ജിയോണി എന്നിങ്ങനെ നിരവധി കമ്പനികൾ ഈ ലിസ്റ്റിലുണ്ട്. ചൈനീസ് കമ്പനികൾക്കു പുറമെ ആപ്പിൾ, സാംസങ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾക്കും മൈക്രോമാക്സ് ഉൾപ്പെടെയുള്ള ഇന്ത്യൻ കമ്പനികൾക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു. നോട്ടിസിനു മറുപടി നൽകാൻ കമ്പനികൾക്ക് ഓഗസ്റ്റ് 28 വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ ഇതു സംബന്ധിച്ച് മിക്ക സ്മാർട്ട്ഫോണ്‍ കമ്പനികളും കേന്ദ്രസർക്കാരിന് വ്യക്തമായ മറുപടി നൽകിയെന്നാണ് അറിയുന്നത്.

ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിൽപനയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഓപ്പോയാണ് ഇതു സംബന്ധിച്ച് ആദ്യം പ്രതികരിച്ചത്. ഓപ്പോയുടെ ഇന്ത്യൻ ഉപഭോക്താക്കളുടെ ഡേറ്റകളെല്ലാം സുരക്ഷിതമാണെന്ന് കമ്പനി വക്താവ് ഔദ്യേഗികമായി അറിയിച്ചു. ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചാണ് ഓപ്പോ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളിൽ നിന്ന് അനുമതി വാങ്ങിയതിനു ശേഷമാണ് ഡേറ്റ ഉപയോഗിക്കുന്നത്. സിംഗപ്പൂരിലാണ് ഓപ്പോയുടെ സെർവറുകൾ സ്ഥാപിച്ചിരിക്കുന്നത്. സെർവറുകൾ പൂർണ സുരക്ഷിതമാണെന്നും ഓപ്പോ വക്താവ് അറിയിച്ചു.‌

ഇക്കാര്യത്തിൽ അധികൃതർ പരിശോധന നടത്തിവരികയാണ്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പിഴ ശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇവിടെ തന്നെ പ്ലാന്റുകൾ തുറന്ന് പ്രവർത്തിക്കുന്ന കമ്പനികളിൽ ലക്ഷകണക്കിന് ഇന്ത്യാക്കാരും ജോലിയെടുക്കുന്നുണ്ടെന്ന് ഈ കമ്പനിയുടെ വക്താക്കൾ പറയുന്നു. ഇന്ത്യൻ സർക്കാറിനാണ് നികുതിയും അടയ്ക്കുന്നത്. നോട്ടീസ് അയച്ചുവെന്നതിന്റെ പേരിൽ നിരോധിക്കുമെന്ന വ്യജവാർത്ത നിർഭാഗ്യകരമാണെന്നും കമ്പനി വക്താക്കൾ പറയുന്നു. എന്നാൽ മെയ്ക്ക് ഇൻ ഇന്ത്യയുമായി യോജിച്ചു പ്രവർത്തിക്കാൻ തയാറായ കമ്പനികളുടെ ഡിവൈസുകൾ ഇന്ത്യയിൽ ഒരിക്കലും വിലക്കില്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.