മൂന്ന് ചുഴലിക്കാറ്റുകള്‍ക്കിടയിലേക്ക് പറന്നിറങ്ങിയ വിമാനം, ഭയന്നു വിറച്ച് യാത്രക്കാർ!

മോശം കാലാവസ്ഥ വൈമാനികരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ്. ചുഴലിക്കാറ്റുകള്‍ പേടി സ്വപ്‌നവും. മൂന്ന് ചുഴലിക്കാറ്റുകളാണ് റഷ്യയിലെ ഒരു വിമാനത്താവളത്തിലിറങ്ങുന്ന വിമാനത്തെ എതിരേറ്റത്. അത്യന്തം അപകടകരമായ ഈ വെല്ലുവിളികള്‍ക്കിടയിലൂടെ ആ യാത്രാവിമാനം സുരക്ഷിതമായി പറന്നിറങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. 

റഷ്യയിലെ സോചി വിമാനത്താവളത്തിലാണ് സിനിമയെ വെല്ലുന്ന ദൃശ്യങ്ങള്‍ സംഭവിച്ചത്. കരിങ്കടലില്‍ പന്ത്രണ്ടോളം ചുഴലിക്കാറ്റുകള്‍ പ്രത്യക്ഷപ്പെട്ട അപകടം നിറഞ്ഞ ദിവസത്തിലായിരുന്നു ഈ അപൂര്‍വ്വ രക്ഷപ്പെടലും സംഭവിച്ചത്. ചുഴലിക്കാറ്റുകള്‍ക്കിടയിലൂടെ ആടിയുലഞ്ഞ് പറക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. 

എവിടെ നിന്നാണ് ഈ വിമാനം വരുന്നതെന്ന് വ്യക്തമായിട്ടില്ല. അതേസമയം സോചി എക്‌സ്പ്രസ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം കുറഞ്ഞത് ഒമ്പത് വിമാനങ്ങളെങ്കിലും അന്നേ ദിവസം മോശം കാലാവസ്ഥയെ തുടര്‍ന്ന് വഴി തിരിച്ചു വിട്ടിരുന്നു. അടുത്തുള്ള വിമാനത്താവളങ്ങളായ അനാപയിലേക്കും ക്രാസ്‌നോഡാറിലേക്കുമാണ് വിമാനങ്ങള്‍ തിരിച്ചുവിട്ടത്. 

എന്തായാലും യാത്രികര്‍ക്ക് സുഖകരമല്ലാത്ത നിമിഷങ്ങള്‍ സമ്മാനിച്ചാണ് വിമാനം സോചി വിമാനത്താവളത്തിലിറങ്ങിയത്. പെട്ടെന്നുള്ള ചുഴലിക്കാറ്റിൽ വിമാനം ആടിയുലഞ്ഞു, യാത്രക്കാർ ഭയന്നു വിറച്ചു. എന്നാൽ ആര്‍ക്കും ഗുരുതരമായ പരിക്ക് സംഭവിച്ചിട്ടില്ലെന്നത് അത്യന്തം ആശ്വാസകരമാണ്. ചുഴലിക്കാറ്റുകള്‍ക്കിടയിലൂടെ വിമാനം പറത്തി ആ പൈലറ്റിനും ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണ് ഇത് സമ്മാനിച്ചിരിക്കുക.