അവളറിയാതെ ആ വെബ്കാം സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി, എല്ലാം ലൈവായി ഹാക്കർക്ക് കൈമാറി

നിങ്ങളുടെ വെബ് ക്യാമറയുടെ നിയന്ത്രണം ഹാക്കര്‍ ഏറ്റെടുക്കുക. എന്നിട്ട് അവരുടെ ഇഷ്ടത്തിനനുസരിച്ച് ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യുകയും സ്പീക്കറിലൂടെ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്താല്‍ എങ്ങനെയിരിക്കും. അങ്ങനെയൊരു വിഷമം പിടിച്ച അനുഭവമാണ് നെതര്‍ലണ്ടുകാരിയായ റിലാന ഹാമറിന് നേരിടേണ്ടി വന്നത്. 

സോഷ്യൽമീഡിയ വഴി വിവരം അറിഞ്ഞ വെബ് ക്യാമറ നിര്‍മിക്കുന്ന കമ്പനി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പാസ്‌വേഡ് ഉടന്‍ തന്നെ മാറ്റണമെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നെതര്‍ലണ്ടിലെ ബ്രുമ്മനിലെ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഹാമറിനാണ് ദുരനുഭവമുണ്ടായത്. അവരുടെ വീട്ടില്‍ സ്ഥാപിച്ചിട്ടുള്ള മാക്‌സ്‌ടെര്‍ ത്രിഡി വെബ് ക്യാമറ സ്വന്തം ഇഷ്ടപ്രകാരം ചലിക്കുന്നുവെന്ന തോന്നല്‍ വന്നതോടെയാണ് ഹാമര്‍ ക്യാമറയെ നിരീക്ഷിച്ചു തുടങ്ങിയത്. 

ക്യാമറയുടെ തന്നിഷ്ടത്തിലുള്ള ചലനത്തിന്റെ വിഡിയോ ഹാമര്‍ തന്നെ ചിത്രീകരിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. നടന്ന സംഭവത്തിന്റെ വിശദീകരണം വിഡിയോക്കൊപ്പം കുറിപ്പായി നല്‍കിയിട്ടുണ്ട്. ലിവിങ് റൂമിലേക്ക് പോകും വഴിയാണ് വെബ് ക്യാമറ തന്നെ പിന്തുടരുന്നുണ്ടെന്ന വിവരം ശ്രദ്ധിച്ചതെന്ന് ഹാമര്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ കുറച്ച് നിമിഷങ്ങള്‍ വേണ്ടിവന്നു. ക്യാമറ പിന്തുടരുന്നുവെന്ന് ഉറപ്പിക്കവേയാണ് എന്നെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ശബ്ദം കേട്ടത്. ഇതോടെ വെബ് ക്യാമറ ഹാക്ക് ചെയ്യപ്പെട്ടതായി ഉറപ്പിച്ചെന്നും ഹാമര്‍ പറയുന്നു. 

ഇതോടെ പേടിച്ചു പോയ ഹാമര്‍ വെബ് ക്യാമറ ഓഫാക്കി. പിന്നീട് സംഭവം കാണിച്ചുകൊടുക്കാനായി ഒരു സുഹൃത്തിനെ കൊണ്ടുവന്ന ശേഷം ക്യാമറ ഓണാക്കി. ഇത്തവണയും ഹാക്കര്‍ ക്യാമറയുടെ നിയന്ത്രണം ഏറ്റെടുത്തുവെന്ന് മാത്രമല്ല കൂടുതല്‍ രൂക്ഷമായിട്ടായിരുന്നു പ്രതികരണം. ക്യാമറ ഓണാക്കിയ ഉടന്‍ തന്നെ അശ്ലീല പരാമര്‍ശത്തോടെ ഹാക്കർ വരവേറ്റു. ഇതോടെ ഹാമര്‍ വീണ്ടും വെബ്ക്യാമറ ഓഫാക്കി. 

എങ്ങനെയാണ് വെബ് ക്യാമറ ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഇപ്പോഴും വ്യക്തമല്ല. നിരവധി വെബ് സൈറ്റുകളില്‍ ഇത്തരം വെബ് ക്യാമറകള്‍ ഹാക്കു ചെയ്യുന്നതിനുള്ള ടിപ്പുകള്‍ ഉണ്ടെന്നത് വസ്തുതയാണ്. മാക്‌സ്‌ടെര്‍ 3ഡി വെബ് ക്യാമറകളുടെ നിര്‍മാതാക്കളായ ആക്ഷന്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ഫെയ്സ്ബുക്കില്‍ ഹാമര്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്നാണ് ആക്‌ഷന്‍ അവരുടെ വെബ് സൈറ്റിലൂടെ പ്രതികരണം അറിയിച്ചിരിക്കുന്നത്. ഹാമറുടെ പ്രശ്‌നം പരിഹരിച്ചെന്നും ഉപഭോക്താവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആക്ഷന്‍ അറിയിച്ചു. ഇതിനൊപ്പം തങ്ങളുടെ ഉപഭോക്താവിന് നേരിടേണ്ടി വന്ന ഈ സുരക്ഷാ വീഴ്ച്ചയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ആക്‌ഷന്റെ വിശദീകരണക്കുറിപ്പിലുണ്ട്. 

കാമറയാണോ അതോ അനുബന്ധ ഉപകരണങ്ങളാണോ സുരക്ഷാ വീഴ്ച്ചക്കിടയായെതെന്ന അന്വേഷണത്തിലാണ് ഹാമര്‍ ഇപ്പോള്‍. ക്യാമറയിലാണ് സുരക്ഷാ വീഴ്ച്ചയെന്ന് തെളിഞ്ഞാല്‍ തങ്ങളുടെ ഉത്പന്നം തിരിച്ചുവിളിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു കഴിഞ്ഞു. ഈ വര്‍ഷം മേയ് മുതല്‍ വിപണിയുള്ള ക്യാമറയാണിത്. ഇത് വാങ്ങിയ ഉപഭോക്താക്കള്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വൈഫൈ പാസ്‌വേഡ് മാറ്റണമെന്നും എളുപ്പത്തില്‍ ഹാക്ക് ചെയ്യാനാകാത്ത പാസ്‌വേഡ് ഉപയോഗിക്കണമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നുണ്ട്.