‘അനിമോജി’ ആപ്പിൾ മോഷ്ടിച്ചോ? ഐഫോണ്‍ X ഇറങ്ങുന്നതിനു മുൻപെ കോടതി കയറി

ഐഫോണ്‍ Xന്റെ സവിശേഷ ഫീച്ചറുകളില്‍ ഒന്നാണ് അനിമേറ്റഡ് ഇമോജി അല്ലെങ്കില്‍ 'അനിമോജി'. മെസേജ് ചെയ്യുമ്പോള്‍ ഇമോജി അനങ്ങാതെ നില്‍ക്കും, അനിമോജി ചലിക്കും. ആപ്പിളിന്റെ അനിമോജിയാകട്ടെ, ഐഫോണ്‍ Xന്റെ ട്രൂഡെപ്ത് ക്യാമറ ഉപയോക്താവിന്റെ ഫോട്ടോ എടുത്ത് അപ്പോഴത്തെ മുഖഭാവം ഒരു അനിമോജിയായി കൂട്ടുകാര്‍ക്കും മറ്റും ടെക്സ്റ്റ് മെസേജിലും മെയിലിലും അയയ്ക്കാന്‍ അനുവദിക്കുന്ന ഒന്നാണ്. ഈ ഫീച്ചറിനെ ആപ്പിള്‍ അവരുടെ ഈ വര്‍ഷത്തെ പ്രധാന പുതുമകളില്‍ ഒന്നായിട്ടാണ് കാണുന്നത്. ആദ്യ റിവ്യൂകളും ഇത് ആസക്തിയുണ്ടാക്കുന്ന ഫീച്ചറാണെന്നു പറയുന്നു. പക്ഷേ, വളരെ പെട്ടെന്നു മടുത്തേക്കാവുന്ന കുട്ടിക്കളിയാണ് ഈ ഫീച്ചര്‍ എന്ന അഭിപ്രായമുള്ളവരും ഉണ്ട്.

പക്ഷേ, ഇപ്പോള്‍ കുഴപ്പം അതല്ല. അനിമോജി എന്ന പേരുതന്നെ വേണമെന്ന് ആപ്പിള്‍ തീരുമാനിച്ചതാണ് പ്രശ്‌നമായിരിക്കുന്നത്. ആ പേരില്‍ ഒരു ആപ് 2014 മുതല്‍ ആപ്പിള്‍ ആപ്‌സ്റ്റോറിലുണ്ട്. 'അനിമോജി' എന്നത് തങ്ങള്‍ രജിസ്റ്റര്‍ ചെയ്ത പേരാണെന്നു പറഞ്ഞാണ് ആപ് നിര്‍മിച്ച കമ്പനി ആപ്പിളിനെതിരെ അവര്‍ കേസു കൊടുത്തിരിക്കുന്നത്. 

കേസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് ആപ്പിളിനും ഇതേപറ്റി അറിയാമായിരുന്നു എന്നാണ്. മാത്രമല്ല, ഈ പേര് വാങ്ങാന്‍ ആപ്പിള്‍ ഒരു ശ്രമം നടത്തുകയും ചെയ്തിരുന്നു. ഇമോണ്‍സ്റ്റര്‍ കെ.കെ (emonster k.k.) എന്ന കമ്പനിയും എന്റീക് ബൊനാന്‍സി (Enrique Bonansea) എന്ന ജപ്പാനില്‍ താമസിക്കുന്ന അമേരിക്കക്കാരനുമാണ് ആപ്പിളിനെതിരെ കേസു കൊടുത്തിരിക്കുന്നത്. അനിമോജി എന്ന പേരിനു ബൊനാന്‍സിയും മറ്റും പേറ്റന്റ് കിട്ടാനായി 2014ല്‍ അപേക്ഷ നല്‍കുകയും പിന്നീട്, അമേരിക്കയുടെ പേറ്റന്റ് ആന്‍ഡ് ട്രെയ്ഡ്മാര്‍ക്ക് ഓഫിസ് 2015ല്‍ അതു നല്‍കുകയും ചെയ്തിരുന്നു.

ആപ്പിള്‍ ബോധപൂര്‍വ്വം തങ്ങള്‍ക്കു കിട്ടിയ പേറ്റന്റില്‍ കടന്നു കയറ്റം നടത്തിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഒരു പേരു സൃഷ്ടിക്കാന്‍ തങ്ങളുടെ സര്‍ഗാത്മകത ഉപയോഗിക്കുന്നതിനു പകരം ആപ്‌സ്റ്റോറിലുള്ള ആപ്പിന്റെ പേര് നുള്ളിയെടുത്തിരിക്കുകയാണെന്ന് (plucked out) അവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇങ്ങനെ ഒരു കേസു വന്നാല്‍ എങ്ങനെ നേരിടണമെന്നു പഠിച്ചിട്ടാകാം ആപ്പിള്‍ ആ പേര് ഫോണിലെ ഫീച്ചറിനിട്ടതെന്നും വാദമുണ്ട്. അനിമോജി ആപ് 2014നു ശേഷം അപ്‌ഡേറ്റു ചെയ്തിട്ടില്ല.