തകരുന്ന വിമാനത്തിലിരുന്ന് അവർ പറഞ്ഞു, 'ശുഭരാത്രി, ഗുഡ് ബൈ, ഞങ്ങള്‍ പോകുന്നു'

മരണത്തിലേക്ക് വീഴുകയാണെന്ന് തിരിച്ചറിഞ്ഞ പൈലറ്റുമാര്‍ പറഞ്ഞ അവസാന വാക്കുകള്‍ എന്തായിരിക്കും? ലോകത്തിന്റെ പലഭാഗങ്ങളിലും തകര്‍ന്നു വീണ വിമാനങ്ങളെ നിയന്ത്രിച്ചിരുന്ന പൈലറ്റുമാരുടെ അവസാനത്തെ വാക്കുകള്‍ ആ നിമിഷങ്ങളുടെ ഭീകരത വെളിവാക്കുന്നതാണ്. വിതുമ്പലുകള്‍, പൊട്ടിക്കരയലുകള്‍, സ്‌നേഹിക്കുന്നവര്‍ക്കായുള്ള അന്ത്യസന്ദേശങ്ങള്‍ എന്നിങ്ങനെ പോകുന്നു പൈലറ്റുമാരുടെ അവസാനത്തെ വാക്കുകള്‍.

1987ല്‍ ന്യൂയോര്‍ക്കിലേക്ക് പറക്കുകയായിരുന്ന പോളിഷ് എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 5055 വിമാനത്തിന്റെ എന്‍ജിന്‍ തകരാറിലായി. നിയന്ത്രണം നഷ്ടമായതോടെ വിമാനം പോളണ്ടിലെ വാര്‍ഷോയില്‍ തകര്‍ന്നുവീണു. ജീവനക്കാരും യാത്രക്കാരുമടക്കം എല്ലാവരുടേയും ജീവന്‍ നഷ്ടമായ ദുരന്തം. 'ശുഭരാത്രി, ഗുഡ് ബൈ, ഞങ്ങള്‍ പോകുന്നു' എന്ന് പോളിഷ് ഭാഷയില്‍ പൈലറ്റുമാര്‍ പറയുന്നത് പിന്നീടു കണ്ടെടുക്കപ്പെട്ടു. 

ആ സമയത്തെ മാനസികാവാസ്ഥ തന്നെയാവണമെന്നില്ല പലപ്പോഴും പൈലറ്റുമാരുടെ അവസാന വാക്കുകള്‍. 2016 ല്‍ തകര്‍ന്നുവീണ ഫ്‌ളൈ ദുബായ് വിമാനത്തിന്റെ പൈലറ്റിന്റെ വാക്കുകള്‍ ഇത്തരത്തിലുള്ളതായിരുന്നു. മോശം കാലാവസ്ഥയെ തുടര്‍ന്ന് റഷ്യയിലെ റോസ്‌റ്റോവ് ഓണ്‍ ഡോണ്‍ വിമാനത്താവളത്തിന്റെ റണ്‍വേക്ക് തൊട്ട് മുൻപാണ് വിമാനം തകര്‍ന്നുവീണത്. ജീവനക്കാരോട് അത് ചെയ്യരുതെന്ന് പൈലറ്റ് പറയുന്നതാണ് അവസാനമായി രേഖപ്പെടുത്തപ്പെട്ടത്. നിമിഷങ്ങള്‍ക്കകം ബോയിംങ് 737 വിമാനം 62 മനുഷ്യശരീരങ്ങളോടെ ചാരമായി മാറി.

2009ല്‍ എയര്‍ഫ്രാന്‍സിന്റെ വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് വീണ് 228 പേര്‍ക്കാണ് ജീവന്‍ പോയത്. ഫ** ഞങ്ങള്‍ മരിച്ചു, എന്ന അലര്‍ച്ചയാണ് അവസാനമായി പൈലറ്റില്‍ നിന്നുയര്‍ന്നത്. വിമാനം തകര്‍ന്ന് വീണ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ റെക്കോഡുകള്‍ ലഭിച്ചത്. റഷ്യയിലെ ഇര്‍കുസ്ടക് വിമാനത്താവളത്തില്‍ 2001ല്‍ തകര്‍ന്നുവീണ വിമാനത്തില്‍ 136 യാത്രക്കാരും ഒൻപത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 'അങ്ങനെ എല്ലാം ഒടുങ്ങി, ഫ**' എന്നായിരുന്നു ഈ വിമാനത്തിലെ പൈലറ്റിന്റെ അവസാന വാക്കുകള്‍. 

പസഫിക് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനം ഒരു സ്വകാര്യ വിമാനവുമായി കൂട്ടിയിടിച്ച് തകര്‍ന്നുവീണത് 1978ലായിരുന്നു. ഇരുവിമാനങ്ങളിലുമായി 135 പേരും താഴെയുണ്ടായിരുന്ന ഏഴു പേരും ദുരന്തത്തില്‍ മരിച്ചു. കാലിഫോര്‍ണിയയിലെ നോര്‍ത്ത് പാര്‍ക്കിലാണ് ഈ രണ്ട് വിമാനങ്ങളും തകര്‍ന്നുവീണത്. പിടിച്ചിരുന്നോളൂ, അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു. എന്നായിരുന്നു പസഫിക് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് പൈലറ്റിന്റെ വാക്കുകള്‍.