Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളിഞ്ഞു നോട്ടം: ഗൂഗിളിന് ‘പണി’കൊടുത്ത് ഐഫോൺ, നഷ്ടപരിഹാരം നല്‍കേണ്ടി വരും

iphone

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാവുന്ന വിധിയിലൂടെ ബ്രിട്ടണിലെ 54 ലക്ഷത്തിലേറെ ഐഫോണ്‍ ഉടമകള്‍ക്ക് ഗൂഗിള്‍ 300 പൗണ്ടു വീതം നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് റിപ്പോർട്ട്. ഈ വിഷയത്തില്‍  അമേരിക്കയില്‍ ഗൂഗിള്‍ 258 കോടിയിലേറെ രൂപ (40 മില്ല്യന്‍ ഡോളര്‍) നഷ്ടപരിഹാരം നല്‍കിക്കഴിഞ്ഞു. 

സ്വകാര്യതയിലേക്കുള്ള ഗൂഗിളിന്റെ കടന്നു കയറ്റത്തിനെതിരെ ബ്രിട്ടണിലെ അരക്കോടിയിലേറെ ഐഫോണ്‍ ഉപയോക്താക്കള്‍ക്കു വേണ്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് താമസിയാതെ വിധിയാകുന്നത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ ഗൂഗിളിന്റെ ഈ കടന്നു കയറ്റം ബാധിച്ചിട്ടുണ്ട്. വിച്? (Which?) എന്ന ഉപയോക്താക്കളുടെ സംഘടനയുടെ മുന്‍ ഡയറക്ടര്‍ റിച്ചാഡ് ലോയ്ഡ് ആണ് പ്രശ്‌ന ബാധിതരായ ബ്രിട്ടിഷുകാര്‍ക്കു വേണ്ടി കോടതിയെ സമീപിച്ചത്. 

ഗൂഗിള്‍ നേരിടുന്ന ആരോപണം 2011 മാര്‍ച്ച് മുതല്‍ നവംബർ വരെയുള്ള മാസങ്ങളില്‍ ഐഫോണിലെയും ഐപാഡിലേയും ഡീഫോള്‍ട്ട് ബ്രൗസറായ സഫാരിയുടെ സ്വകാര്യതാ സെറ്റിങ് മറികടന്ന് ഉപയോക്താക്കളുടെ ബ്രൗസിങ് രീതികള്‍ ഒളിഞ്ഞു നോക്കി എന്നതാണ്. 

കൂടാതെ, ഈ ഡേറ്റ ഉപയോഗിച്ച് വ്യക്തികേന്ദ്രീകൃതമായ പരസ്യങ്ങള്‍ ഉപയോക്താക്കള്‍ക്ക് അയയ്ക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഈ കേസില്‍, 2015ല്‍ ബ്രിട്ടണിലെ കോര്‍ട്ട് ഓഫ് അപ്പീല്‍ ഗൂഗിളിനെതിരെ കോടതിയില്‍ പോകാന്‍ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ടെന്ന് വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുറച്ച് ഉപയോക്താക്കള്‍ നേരിട്ട് ഗൂഗിളിനെതിരെ കേസിനു പോകുകയും അവരുമായി ഗൂഗിള്‍ ധാരണയിലെത്തുകയും ചെയ്തു. ഇപ്പോള്‍ ലോയ്ഡ് കോടതിയെ സമീപിച്ചിരിക്കുന്നത് ഈ കാലയളവില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമുള്ള മുഴുവന്‍ പ്രശ്‌നബാധിതര്‍ക്കും വേണ്ടിയാണ്.

നിയമവിരുദ്ധമായ കാര്യമാണു ഗൂഗിള്‍ ചെയ്തതെന്നും നഷ്ടപരിഹാരം വാങ്ങുന്നതിലൂടെ ശക്തമായ സന്ദേശം ഗൂഗിളിനും മറ്റു ടെക് ഭീമന്മാര്‍ക്കും നല്‍കാന്‍ കഴിയുമെന്നും ലോയ്ഡ് പറഞ്ഞു. 

നാളെ: ഇന്റർനെറ്റ് സ്വകാര്യതയും ഡേറ്റാ കച്ചവടവും ചെറിയ കാര്യമല്ല