Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

216 യാത്രികരെ ഭീതിയിലാക്കി വിമാനങ്ങളുടെ വഴിതിരിച്ചുവിടൽ, വനിതാപൈലറ്റിന്റേത് ധീരത

Air-India

‘ഞങ്ങളെ രക്ഷിച്ചത് ദൈവത്തിന്റെ കൈകളാണ്... ആ ദൈവത്തിന് (വനിതാ പൈലറ്റ്) ഒരു നിമിഷം തീരുമാനമെടുക്കാൻ സാധിക്കാതെ വന്നിരുന്നെങ്കിൽ ഞാനും എന്റെ സഹയാത്രികരും ഇന്ന് ജീവിച്ചിരുപ്പുണ്ടാകില്ല. ആ നിമിഷത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയുന്നില്ല. സംഭവത്തിന്റെ കൂടുതൽ കാര്യങ്ങൾ ഓൺലൈനിൽ വായിച്ചപ്പോൾ ഞെട്ടിപോയി’– എയർഇന്ത്യ വിമാനത്തിലെ യാത്രക്കാരന്റെ വാക്കുകളാണിത്.

കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെയും വിസ്താര എയർലൈൻസിന്റെയും വിമാനങ്ങൾ കൂട്ടിയിടി അപകടത്തിൽ നിന്നു രക്ഷപ്പെട്ടത് നേരിയ വ്യത്യാസത്തിലാണ്. നൂറ് അടി ഉയരവ്യത്യാസത്തിൽ അടുത്തടുത്ത് എത്തിയപ്പോൾ ഇരുവിമാനങ്ങളുടെയും കോക്പിറ്റിൽ നിന്നെത്തിയ അടിയന്തര ഓട്ടമാറ്റിക് സന്ദേശം (ട്രാഫിക് കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം-ടിസിഎഎസ്) വൻദുരന്തത്തെ വഴിമാറ്റുകയായിരുന്നു. 

എയർ ഇന്ത്യ വിമാനം സുരക്ഷിത അകലത്തിലേക്ക് ഉടൻ മാറ്റാൻ സഹായിച്ചത് വനിതാ പൈലറ്റ് അനുപമ കോഹ്‌ലിയുടെ ഇടപെടലാണ്. അവർക്ക് ആ തീരുമാനമെടുക്കാൻ ഒരു നിമിഷം വൈകിയിരുന്നെങ്കിൽ രണ്ടു വിമാനങ്ങൾ കൂട്ടിയിടിക്കുമായിരുന്നു. സംഭവത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം പ്രഖ്യാപിച്ചു.

വ്യോമപാതയിൽ രണ്ടു വിമാനങ്ങൾ നേർക്കുനേർ വന്ന് ഇടിച്ചാൽ പിന്നെ ഒന്നും ശേഷിക്കില്ലെന്നതാണ് മുന്‍ദുരന്തങ്ങൾ ഓര്‍മിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസത്തെ വൻ ദുരന്തത്തിൽ നിന്ന് രണ്ടു വിമാനത്തിലെയും യാത്രക്കാരെയും ജീവനക്കാരെയും രക്ഷിച്ചത് വനിതാ പൈലറ്റ് തന്നെയാണ്. എയർ ഇന്ത്യയുടെ വനിതാ പൈറ്റ് അനുമപമ അടിയന്തരഘട്ടത്തിൽ സമയോചിത ഇടപെടല്‍ നടത്തി വിമാനം വഴിതിരിച്ചു വിടുകയായിരുന്നു. അതും 100 അടി ദൂരത്തിൽ വെച്ച്. രണ്ടു വിമാനങ്ങളിലുമായി 216 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

എയര്‍ ഇന്ത്യയുടെ മുംബൈ-ഭോപ്പാല്‍ എഐ 631 വിമാനവും വിസ്താരയുടെ ഡല്‍ഹി-പുണെ യുകെ 997 വിമാനവുമാണ് വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ട്രാഫിക് കൊളിഷൻ അവോയ്ഡൻസ് സിസ്റ്റം-ടിസിഎഎസ് എന്ന സംവധാനമാണ് ദുരന്തം മുൻകൂട്ടി അറിയിച്ചത്. ഇരുവിമാനങ്ങളിലെയും കോക്പിറ്റിൽ നിന്നുള്ള സന്ദേശങ്ങളിലെ ആശയക്കുഴപ്പമാണ് വിമാനങ്ങൾ നേർക്കുനേർ വരാനിടയാക്കിയത്.

ഈ സമയം എയര്‍ വിസ്താരയുടെ പൈലറ്റ് ബാത്ത്റൂമിൽ പോയതായിരുന്നു. കാര്യങ്ങൾ നോക്കിയിരുന്നത് സഹപൈലറ്റായിരുന്നു. ഈ സമയത്ത് എയർഇന്ത്യയുടെ വനിതാപൈലറ്റ് അനുപമ കോഹ്‌ലിയായിരുന്നു. തന്റെ വിമാനത്തിനു നേരെ എയർ വിസ്താര വരുന്നത് കണ്ടതോടെ അനുപമ അടിയന്തര സാഹചര്യം നിമിഷനേരം കൊണ്ടാണ് കൈകാര്യം ചെയ്തത്. അപായസൂചന ലഭിച്ച നിമിഷങ്ങൾക്കുള്ളിൽ എയർ വിസ്താരയുടെ വനിതാപൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളേഴ്‌സിന് സന്ദേശം കൈമാറിയിരുന്നു. എന്നാൽ ഇവിടെയും ആശയവിനിമയ അവ്യക്തത നേരിട്ടു. എയർവിസ്താര പറക്കേണ്ടത് 29,000 അടി ഉയരത്തിലാണ്. എന്നാൽ എയർ വിസ്താരയും 27,000 അടി ഉയരത്തിൽ വരികയായിരുന്നു. ട്രാഫിക് സന്ദേശം കൈമാറുന്നതിലെ അപാകതയാണ് ഇതിന് കാരണം. ട്രാഫിക് നിയന്ത്രിച്ചിരുന്ന ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു.

രണ്ടു വിമാനങ്ങളും നേർക്കുനേർ എത്തുന്നതിന്റെ തൊട്ടുനിമിഷങ്ങൾക്ക് മുൻപ് എയർ വിസ്താര കോപൈലറ്റും എയർട്രാഫിക് കൺട്രോളുമായി സംസാരിക്കുന്നതെല്ലാം എയർ ഇന്ത്യ പൈലറ്റ് അനുപമ കോഹ്‌ലി കോക്പിറ്റിലിരുന്ന് കേൾക്കുന്നുണ്ടായിരുന്നു. എയർ വിസ്താര എന്തിനാണ് 27,000 അടിയിലേക്ക് എത്തിച്ചതെന്ന് എയർട്രാഫിക് കൺട്രോൾ ചോദിക്കുന്നുണ്ട്. നിങ്ങൾ നൽകിയ നിർദ്ദേശപ്രകാരമല്ലെ അങ്ങനെ ചെയ്തതെന്ന് സഹപൈലറ്റ് മറുപടിയും നൽകുന്നുണ്ട്. ഇതിനിടെ 100 അടി അടുത്തു വരെ ഇരുവിമാനങ്ങളും എത്തിയതോടെ എയർ ഇന്ത്യ വനിതാ പൈലറ്റ് അനുപമ കോഹ്‍‌ലി വിമാനം ഉയർത്തുകയായിരുന്നു.

vistara

കഴിഞ്ഞ 20 വര്‍ഷമായി പൈലറ്റ് സേവനം തുടരുന്ന അനുപമ കോഹ്‌ലിയെ സോഷ്യല്‍മീഡിയ ഒന്നടങ്കം പുകഴ്ത്തുകയാണ്. ഇവരാണ് ശരിക്കും കൺകണ്ട ദൈവമെന്ന് വരെ ചിലർ ട്വിറ്ററിൽ കുറിച്ചിട്ടു.

related stories