ഗൂഗിൾ വ്യൂ ഇമേജ് ബട്ടൺ നീക്കം ചെയ്തു, പരിഹാരം ഇവിടെയുണ്ട്, നേട്ടം ബിങ്ങിന്

ഗൂഗിൾ സേർച്ച് സംവിധാനത്തിൽ ചിത്രങ്ങൾ സേർച്ച് ചെയ്യുമ്പോൾ ആ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യാൻ സഹായിച്ചിരുന്ന വ്യൂ ഇമേജ് ബട്ടൺ ഗൂഗിൾ നീക്കം ചെയ്തു. ചിത്രങ്ങൾ സേവ് ചെയ്യാനാഗ്രഹിക്കുന്നവർ ഇനി മുതൽ വിസിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്ന വെബ്സൈറ്റ് സന്ദർശിച്ച് ചിത്രം കണ്ടെത്തി വേണം സേവ് ചെയ്യാൻ. അങ്ങനൊരു സേവിങ് പ്രക്രിയയിൽ ഗൂഗിൾ കക്ഷിയല്ല എന്നതാണ് പ്രധാനം.

ഗൂഗിൾ സേർച്ചിൽ നിന്നു ചിത്രങ്ങൾ നേരിട്ടു സേവ് ചെയ്തുകൊണ്ടിരുന്നവർക്ക് ഇനി പണി ഇരട്ടിയാണ്. ഗൂഗിൾ ഇമേജ് സേർച്ച് സംവിധാനം പകർപ്പവകാശലംഘനം പ്രോൽസാഹിപ്പിക്കുകയാണെന്ന് ആരോപിച്ച് പ്രമുഖ സ്റ്റോക്ക് ഫോട്ടോ വിതരണ കമ്പനിയായ ഗെറ്റി ഇമേജസ് ഗൂഗിളിനെതിരെ നൽകിയ കേസിന്റെ തുടർച്ചയായാണ് ഗൂഗിൾ പുതിയ തീരുമാനം എടുത്തു നടപ്പാക്കിയത്. 

ഗൂഗിൾ സേർച്ചിൽ നിന്നു ചിത്രങ്ങൾ ഏതു സൈസിലും ഡൗൺലോഡ് ചെയ്യാൻ അനുവദിക്കുന്നതുവഴി ആ ചിത്രം ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്സൈറ്റിന്റെ പകർപ്പവകാശനിയമങ്ങൾ ഗൂഗിൾ അട്ടിമറിക്കുകയാണെന്നാണ് പ്രധാന ആരോപണം. ഇത് വെബ്സൈറ്റുകൾക്ക് വലിയ നഷ്ടവും ചിത്രങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ഫൊട്ടോഗ്രഫർമാർക്കും കലാകാരന്മാർക്കും വലിയ തിരിച്ചടിയുമാണെന്നു ഗെറ്റി വാദിച്ചു. ഇതിനു മുൻപും ഗൂഗിളിനെതിരെ ഇതേ ആരോപണം മറ്റു പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും അവയൊക്കെ ഗൂഗിൾ അവഗണിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസം കേസിൽ ഗെറ്റി ഇമേജസുമായി ധാരണയിലെത്തിയ ഗൂഗിൾ ഗെറ്റിയുടെ ചിത്രങ്ങൾ സേർച്ച് ഫലങ്ങളോടൊപ്പം കാണിക്കാനുള്ള ലൈസൻസ് വാങ്ങിയിരുന്നു. ഒത്തുതീർപ്പു കരാറിലെ മറ്റൊരു പ്രധാന കരാറാണ് സേർച്ച് റിസൾട്ട് പേജിൽ നിന്ന് വ്യൂ ഇമേജ് ബട്ടൺ നീക്കുക എന്നത്. ഗെറ്റിയുമായി ധാരണയിലെത്തിയതിന്റെ തൊട്ടുത്ത ദിവസം തന്നെ ഗൂഗിൾ ബട്ടൺ നീക്കം ചെയ്യുകയും ചെയ്തു. പുതിയ മാറ്റം അറിയിച്ചുകൊണ്ട് ട്വീറ്റും ചെയ്തു. ഗൂഗിൾ സേർച്ച് സംവിധാനം ഉപയോഗിക്കുന്നവർക്കെന്നതുപോലെ തന്നെ വെബ്സൈറ്റുകൾക്കും നീതിപൂർവമായ സേവനം ലഭിക്കുന്നെന്ന് ഉറപ്പു വരുത്താനാണ് പുതിയ മാറ്റം എന്നു ഗൂഗിൾ വ്യക്തമാക്കുന്നുണ്ട്. ഒരു ചിത്രം സിലക്ട് ചെയ്തു കഴിഞ്ഞാൽ സമാനമായ ചിത്രങ്ങൾ കാണിക്കുന്ന സിമിലർ ഇമേജസ് സംവിധാനവും ഇതോടൊപ്പം നീക്കിയിട്ടുണ്ട്.

ഗൂഗിൾ ന്യൂസ് സേവനത്തിൽ വാർത്താ വെബ്സൈറ്റുകളിൽ നിന്നുള്ള ലിങ്കുകൾ നൽകുന്നതിനെതിരെ മാധ്യമസ്ഥാപനങ്ങൾ നേരത്തേ രംഗത്തു വന്നിരുന്നു. ഇതെത്തുടർന്ന് യൂറോപ്പിൽ വാർത്തകകളുടെ തലക്കെട്ടിനൊപ്പം ഏതാനും വാചകങ്ങളും കാണിക്കുന്നത് യൂറോപ്പിൽ ഗൂഗിൾ അവസാനിപ്പിച്ചിരിക്കുന്നു. വാർത്താ വെബ്സൈറ്റുകളിൽ നിന്നുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഗൂഗിൾ ഈ സ്ഥാപനങ്ങൾക്കു പ്രതിഫലം നൽകണമെന്ന് കഴിഞ്ഞയാഴ്ച റുപർട് മർഡൊക് ആവശ്യപ്പെട്ടിരുന്നു.

പരിഹാരം ഇവിടെയുണ്ട്

വ്യൂ ഇമേജ് ബട്ടൺ ഗൂഗിൾ നീക്കം ചെയ്തെങ്കിലും ചിത്രങ്ങൾ പഴയതുപോലെ തന്നെ ഡൗൺലോഡ് ചെയ്യാൻ വിവിധ മാർഗങ്ങൾ ഇതിനോടകം കണ്ടെത്തിക്കഴിഞ്ഞു. സേർച്ച് പേജിൽ നിന്ന് ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്ത് പുതിയ വിൻഡോയിൽ ഓപൺ ചെയ്യുന്നതാണ് ഒരു മാർഗം. പുതിയ വിൻഡോയിൽ നിന്നു ചിത്രത്തിൽ റൈറ്റ് ക്ലിക്ക് ചെയ്തു സേവ് ചെയ്യാം. 

സേർച്ച് പേജിൽ പഴയ സേവ് ഇമേജ് ബട്ടൺ തിരികെ വേണമെന്നു നിർബന്ധമുണ്ടെങ്കിൽ ഗൂഗിൾ ക്രോം, ഒപേറ ബ്രൗസറുകളിൽ അതിനുള്ള എക്സ്റ്റൻഷനുകളും എത്തിക്കഴിഞ്ഞു. വ്യു ഇമേജ് എന്ന എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്താൽ എല്ലാം പഴയപടിയാവും.

നേട്ടം ബിങ്ങിന്

ഗൂഗിൾ ഇമേജിലെ മാറ്റങ്ങൾ നേട്ടമായത് മൈക്രോസോഫ്റ്റിന്റെ കീഴിലുള്ള സെർച്ച് എൻജിൻ ബിങ്ങിനാണ്. ഗൂഗിളിന്റെ ചില മാറ്റങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടാന്‍ കഴിയായത്തവർ ബിങ്ങിനെ സമീപിക്കുന്നുണ്ട്.