സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചു, പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു

സുഹൃത്തിനോടു സംസാരിക്കുന്നതിനിടെ സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി ഉമ ഒറം ദാരുണമായി കൊല്ലപ്പെട്ടു. ഫോൺ ചാർജിലിട്ടാണ് കോൾ ചെയ്തിരുന്നത്. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്. ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം.

കൈ, നെഞ്ച്, കാല് ഭാഗങ്ങളിൽ മാരകമായി പരുക്കേറ്റ പെൺകുട്ടി ബോധംകെട്ടിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നോക്കിയ ലോഗോയിലുള്ള ഹാൻഡ്സെറ്റാണ് പൊട്ടിത്തെറിച്ചത്. എന്നാൽ ഈ ഹാൻഡ്സെറ്റ് വ്യാ‍ജ ഫോൺ ആണെന്നും സംശയമുണ്ട്. മുന്‍നിര ബ്രാൻഡുകളുടെ പേരിൽ ചൈനയിൽ നിന്ന് നിരവധി ഫോണുകൾ ഇന്ത്യയിൽ വിതരണം ചെയ്യുന്നുണ്ട്. ഇത്തരം ഫോണുകൾ പൊട്ടിത്തെറിക്കുന്നതും നിത്യസംഭവമാണ്.

ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചിരിക്കുന്നത്. ബാറ്ററി പെട്ടെന്ന് തീർന്നു പോകുന്ന ഹാൻഡ്സെറ്റായിരുന്നു അവൾ ഉപയോഗിച്ചിരിക്കുന്നത്. ഇതിനാലാണ് ചാർജിലിട്ട് ഫോൺ വിളിച്ചതെന്നും സഹോദരൻ പറഞ്ഞു.

സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്ന ചിത്രങ്ങളിലെ വിവരങ്ങൾ പ്രകാരം 2010 ൽ പുറത്തിറങ്ങിയ നോക്കി 5233 ഹാൻഡ്സെറ്റാണ് പൊട്ടിത്തെറിച്ചത്. നോക്കിയ ഫോൺ പൊട്ടിത്തെറിച്ച് മരണം സംഭവിച്ചതിൽ ദുഃഖമുണ്ടെന്ന് നോക്കിയ അധികൃതർ പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മികച്ച ഫോണുകളാണ് വിതരണം ചെയ്യുന്നതെന്ന് എച്ച്എംഡി ഗ്ലോബൽ അധികൃതരും അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.