ഐഫോണില്‍ നിന്ന് പൊലീസിനു കോള്‍; ഉപയോക്താക്കള്‍ സെറ്റിങ്‌സ് പഠിക്കണമെന്ന് ആവശ്യം

ചിലയാളുകളുടെ ഐഫോണില്‍ നിന്നും ആപ്പിള്‍ വാച്ചില്‍ നിന്നും അറിയാതെ പൊലീസിന് താന്‍ അത്യാഹിതത്തില്‍ പെട്ടതായി കോള്‍ കിട്ടുന്നുവെന്ന് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ രണ്ട് ഉപകരണങ്ങളിലെയും എസ്ഒഎസ് (SOS-അപകടാവസ്ഥയിലാണ് എന്നറിയിക്കുക) കോളുകള്‍ മനപ്പൂര്‍വ്വമല്ലാതെ പൊലീസിനെത്തുന്നു. എസ്ഒഎസ് കോളുകള്‍ ഐഫോണിലും ആപ്പിള്‍ വാച്ചിലും ഫിസിക്കല്‍ ബട്ടണുകളില്‍ കോണ്‍ഫിഗര്‍ ചെയ്യാം. ഈ ബട്ടണുകള്‍ ആളുകള്‍ അറിയാതെ അമരുമ്പോഴാണ് കോളുകള്‍ പോകുന്നത്. ഇങ്ങനെ സംഭവിച്ചവര്‍ പറയുന്നത് ഈ ബട്ടണുകളെപ്പറ്റി എല്ലാവരും ബോധമുള്ളവരാകണം എന്നാണ്.

എസ്ഒഎസ് ബട്ടണുപോയഗിച്ച് അപകടത്തില്‍ പെടുമ്പോഴും മറ്റും ഈ ബട്ടണമര്‍ത്തിയാല്‍ നേരെ കോള്‍ പോകും. ഇതാകട്ടെ ശരിക്കും പ്രശ്‌നമുള്ളപ്പോള്‍ വളരെ ഉപകാരപ്രദമാണ്. ഉപയോക്താവിന്റെ നെറ്റ്‌വര്‍ക്ക് ഇല്ലെങ്കില്‍ പോലും ഇത്തരിത്തിലുള്ള കോളുകള്‍ ഏതെങ്കിലും നെറ്റ്‌വര്‍ക്കില്‍ കയറി എത്തേണ്ടിടത്ത് എത്തും എന്നതാണ് ഇതിന്റെ ഗുണം. (ഇത് ഐഫോണിന്റെ പ്രത്യേക ഫങ്ഷന്‍ ഒന്നുമല്ല. പല ഫോണുകളിലും ലഭ്യമാണ്. ഉദാഹരണത്തിന് സാംസങ് ഗ്യാലക്‌സി S8ല്‍ പവര്‍ബട്ടണില്‍ മൂന്നു പ്രാവശ്യം അമര്‍ത്തിയാല്‍ എസ്ഒഎസ് മെസെജ് പോകുന്ന രീതിയില്‍ കോണ്‍ഫിഗര്‍ ചെയ്യാം. സംസാരിക്കുന്നതു പോലും പ്രശ്‌നമായ ചില അവസരങ്ങളില്‍ ഇതു വളരെ ഉപകാരപ്രദമായിരിക്കുമല്ലൊ.) 

അനുഭവം

എസ്ഒഎസ് അറിയാതെ ആക്ടിവേറ്റ് ആകുമ്പോള്‍ വലിയൊരു ആലാം മുഴങ്ങും. പിന്നെ സഹായത്തിനായി കൊടുത്തിരിക്കുന്ന, പൊലീസ് സ്റ്റേഷന്‍, ഫയർസ്റ്റേഷൻ തുടങ്ങിയ നമ്പറുകളിലേക്കു കോള്‍ പോകും. അതാണ് ചില ആപ്പിള്‍ ആരാധകര്‍ പങ്കുവച്ചിരിക്കുന്ന അനുഭവം. ഒരു ട്വിറ്റര്‍ ഉപയോക്താവു പറയുന്നത് ഇതാണ്: അദ്ദേഹം ഇന്ന് ആപ്പിള്‍ വാച്ച് കെട്ടി ഉറങ്ങിയാല്‍ എങ്ങനെയിരിക്കുമെന്നു പരീക്ഷിച്ചു. വെളുപ്പിന് ഒരു മണിക്ക് മൂന്നു പൊലീസുകാര്‍ തന്നെ വിളിച്ചുണര്‍ത്തി. താന്‍ ചെരിഞ്ഞു കിടന്നപ്പോള്‍ എപ്പോഴൊ എസ്ഒഎസ് സ്വിച് അമരുകയും കോളു പോകുകയും ചെയ്തു. അതുകൊണ്ട്, എസ്ഒഎസ് ഫീച്ചര്‍ ഓഫു ചെയ്ത ശേഷം വാച്ചു കെട്ടിയുള്ള ഉറക്കം പരീക്ഷിക്കുക എന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നു. ആപ്പിള്‍ വാച്ചുകള്‍ക്ക് ഈ സുരക്ഷാ ഫീച്ചര്‍ വാച്ച് ഒഎസ് 4ല്‍ ആണ്. ഐഒഎസ് 11ലാണ് ഐഫോണുകള്‍ക്ക് ഈ ഫീച്ചര്‍ ലഭിച്ചത്.

വാച്ചില്‍ ക്രൗണ്‍ ബട്ടണ്‍ അല്‍പ്പനേരം അമര്‍ത്തിപ്പിടിച്ചാല്‍ കോള്‍ പുറപ്പെടും. ഐഫോണില്‍ സൈഡിലെ ബട്ടണില്‍ അഞ്ചു തവണ അമര്‍ത്തുകയോ കുറച്ചു സമയം അമര്‍ത്തിപ്പിടിക്കുകയോ ചെയ്താല്‍ കോളു പോകും. അത്യാഹിത അവസരങ്ങളില്‍ എസ്എംഎസ് അയയ്ക്കാനുള്ള കോണ്ടാക്ട് നമ്പറും ഇവിടെ സെറ്റു ചെയ്യാം. അത്യാഹിത സമയത്തു പോകുന്ന കോളിനു ശേഷം മെസെജും അയയ്ക്കാം.

എന്നാല്‍ ഓട്ടോ കോള്‍ വേണ്ടെന്നു വയ്ക്കുന്നതാണുത്തമം. ഇതു കോണ്‍ഫിഗര്‍ ചെയ്തു കഴിഞ്ഞാല്‍ ബട്ടണ്‍ അമര്‍ന്നു പോയാല്‍ പോലും കോള്‍ ചെയ്യട്ടേ എന്ന ചോദ്യം സ്‌ക്രീനില്‍ തെളിയും. കോൾ ക്യാന്‍സലു ചെയ്യാനുള്ള അവസരം ഇവിടെയുണ്ട്. ഇതു പരീക്ഷിച്ചു നോക്കുന്നയാളുകള്‍ പെട്ടെന്നു കോൾ ക്യാന്‍സല്‍ ചെയ്തില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്കും മറ്റും കോളു ചെല്ലും. ഐഫോണ്‍ 7മുതല്‍ പിന്നോട്ടുള്ള മോഡലുകളില്‍ ലോക് ബട്ടണില്‍ അഞ്ചു തവണ തുരുതുരാ അമര്‍ത്തുക. അതിനു ശേഷമുള്ള മോഡലുകളില്‍ സൈഡ് ബട്ടണാണ് എസ്ഒഎസ് കോള്‍ കോണ്‍ഫിഗര്‍ ചെയ്തിരിക്കുന്നത്. അടുത്തുള്ള പൊലീസ് സ്റ്റേഷന്‍, ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് എന്നവയാണ് കോണ്‍ഫിഗര്‍ ചെയ്യുനുള്ള നമ്പറുകള്‍. എന്നാല്‍ ഓട്ടോ കോള്‍ നിയന്ത്രിക്കണം എന്നാണ് പൊതുവെ ഉയര്‍ന്നിരിക്കുന്ന ആവശ്യം.

എങ്ങനെ ഇത് സ്വിച്ച് ഓഫ് ചെയ്യാം?

ഐഫോണ്‍ 8 മുതലുള്ള മോഡലുകളില്‍ സെറ്റിങ്‌സില്‍ എത്തി Emergency SOS സെലക്ടു ചെയ്ത് അവിടെ കാണുന്ന ഓട്ടോ കോള്‍ ബട്ടണ്‍ ഒഫ് പൊസിഷനല്‍ കൊണ്ടുവരിക. സൈഡ് ബട്ടണും വോള്യം ബട്ടണും ഒരുമിച്ച് അമര്‍ത്തി പിടിച്ചാലും ഈ ഫീച്ചര്‍ ആക്ടിവേറ്റ് ആയേക്കാം. പക്ഷേ അപ്പോള്‍ കോളു ചെയ്യണോ വേണ്ടയോ എന്നു ചോദിച്ച് സ്‌ക്രീന്‍ വരും. വേണ്ടെന്നു സ്വൈപ് ചെയ്തു കഴിഞ്ഞാല്‍ കോളു പോകില്ല.

ആപ്പിള്‍ വാച് ഉപയോക്താക്കള്‍ തങ്ങളുടെ ഐഫോണിലുള്ള വാച് ആപ്പില്‍ കടക്കുക. അവിടെയുള്ള 'മൈ വാച്' ടാബില്‍ ക്ലിക് ചെയ്യുക. അതിനു ശേഷം ജനറല്‍>എമര്‍ജന്‍സി SOS എന്ന സെറ്റിങ്‌സിലെത്തി ഡിസേബിൾ ഓട്ടോ കോള്‍ എന്ന ടോഗിള്‍ ഉപയോഗിക്കുക. ഇതു സെലക്ടു ചെയ്തു കഴിഞ്ഞല്‍ ബട്ടണ്‍ അറിയാതെ പ്രെസ് ആയാലും സ്‌ക്രീന്‍ വന്ന് കോള്‍ അയക്കട്ടെ എന്നു ചോദിച്ച ശേഷമേ കോളു പോകൂ. ഐഫേണ്‍ 7 മുതല്‍ പിന്നോട്ടുള്ള മോഡലുകളില്‍ കോള്‍ അയക്കട്ടേ എന്നു ചോദിച്ച് സ്‌ക്രീന്‍ വരും.