സ്വന്തമായി മൈക്രോലെഡ് ഡിസ്‌പ്ലെ നിർമിക്കാന്‍ ആപ്പിള്‍, സാംസങ്, എൽജി പ്രതിസന്ധിയിൽ

എന്തുകൊണ്ടാണ് ടെക്‌നോളജി ഭീമന്‍ ആപ്പിള്‍ സ്വന്തമായി അവരുടെ ഫോണുകളള്‍ക്കും മറ്റും പുതിയ ഡിസ്‌പ്ലെ വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്? ഏറ്റവും മികച്ച ഹാന്‍ഡ്‌സെറ്റായ ഐഫോണ്‍ Xന്റെ ഡിസ്‌പ്ലെ സാംസങ്ങിന്റെ ഓലെഡ് സഹായത്തോടെയാണ് നിര്‍മിച്ചത്. പിന്നെ പെട്ടെന്നെന്താണ് മനംമാറ്റം? 

ആപ്പിള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് പുതിയ തരം ഡിസ്‌പ്ലെയാണ്- മൈക്രോലെഡ് (MicroLED). നിലവില്‍ മറ്റാര്‍ക്കും ഈ സാങ്കേതികവിദ്യ വശമില്ല. മാത്രമല്ല ഇതിന്റെ രഹസ്യക്കൂട്ട് കഴിയുന്നിടത്തോളം കാലം അവരുടെ കൈയ്യില്‍ ഇരിക്കണമെന്നും ആപ്പിള്‍ കരുതുന്നു. മൈക്രോലെഡ് സ്‌ക്രീനുകള്‍ ഓലെഡ് സ്‌ക്രീനുകളെക്കാള്‍ വ്യത്യസ്തമായ രീതിയിലാണ് പ്രകാശത്തെ പുറംതള്ളുന്നത്. ഇതു കൂടുതല്‍ മികച്ച അനുഭവമാകുമെന്നതിനൊപ്പം കൂടുതല്‍ നേര്‍ത്ത ഡിസ്‌പ്ലെ നിര്‍മിക്കാനും സാധിക്കും. ഇതൊന്നും പോരെങ്കില്‍ കുറച്ചു ബാറ്ററി പവര്‍ മാത്രം മതി ഈ ഡിസ്‌പ്ലെയ്ക്ക് പ്രവര്‍ത്തിക്കാന്‍ എന്നതിനാല്‍ ബാറ്ററി ലൈഫ് വര്‍ധിക്കുകയും ചെയ്യും. 

എന്നല്‍ ഇത്തരം സ്‌ക്രീനുകള്‍ വികസിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒരു കൊല്ലം മുൻപ് ഇത്തരം സ്‌ക്രീന്‍ വികസിപ്പിക്കാനുള്ള ശ്രമം ആപ്പിള്‍ തന്നെ ഉപേക്ഷിച്ചതായിരുന്നു. എന്നാല്‍ ആപ്പിളിന്റെ എൻജിനീയര്‍മാര്‍ ഇപ്പോള്‍ വേണ്ടത്ര പുരോഗതി കൈവരിച്ചു കഴിഞ്ഞുവെന്നും അതുകൊണ്ടാണ് പുതിയ ഡിസ്‌പ്ലെ സൃഷ്ടിച്ചു നോക്കാന്‍ കമ്പനി ശ്രമിക്കുന്നതെന്നുമാണ് പറയുന്നത്. പക്ഷേ, ഈ ഡിസ്‌പ്ലെ വച്ചുള്ള ഉപകരണങ്ങള്‍ ഇറങ്ങണമെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. 

ഐഫോണിനും മറ്റ് ഉപകരണങ്ങള്‍ക്കും വേണ്ട എല്ലാ ഘടകങ്ങളും സ്വന്തമായി നിര്‍മിക്കാനുള്ള ശ്രമം ആപ്പിള്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ തന്നെ പ്രൊസസര്‍ അവര്‍ തന്നെയാണല്ലൊ നിര്‍മിക്കുന്നത്. എന്നാല്‍ ആപ്പിളിന്റെ നീക്കം അവര്‍ക്ക് ഡിസ്‌പ്ലെ നിര്‍മിച്ചു നല്‍കിയിരുന്ന പല കമ്പനികള്‍ക്കും വലിയ തിരിച്ചടിയായേക്കാം. സാംസങ്, ജപ്പാന്‍ ഡിസ്‌പ്ലെ, ഷാര്‍പ്, എല്‍ജി തുടങ്ങിയ കമ്പനികളാണ് ആപ്പിളിന് സ്‌ക്രീനുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നത്. ആപ്പിള്‍ സ്വന്തമായി ഡിസ്‌പ്ലെ നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ വന്നതോടെ ഏഷ്യയിലെ ഡിസ്‌പ്ലെ നിര്‍മാതാക്കളുടെ ഓഹരികള്‍ ഇടിഞ്ഞിരുന്നു. ജപ്പാന്‍ ഡിസ്‌പ്ലെയുടെ ഒഹരിയുടെ മൂല്ല്യം 4.4 ശതമാനമാണ് ഇടിഞ്ഞത്. 

അതേസമയം, സ്മാര്‍ട് ഫോണ്‍ ടെക്‌നോളജി പൂര്‍ണ്ണ വളര്‍ച്ച എത്തിക്കഴിഞ്ഞുവെന്നു വിലയിരുത്തുന്നവരുണ്ട്. വമ്പന്‍ ഫീച്ചറുകളൊന്നും ഇനി വരണമെന്നില്ല. അങ്ങനെയൊരു മാര്‍ക്കറ്റില്‍ സ്വന്തമായി ഡിസ്‌പ്ലെയുണ്ടാക്കുക എന്നത് തങ്ങളുടെ തനതു വ്യക്തിത്വം നിലനിര്‍ത്താന്‍ ആപ്പിളിനെ സഹായിച്ചേക്കുമെന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, ആപ്പിള്‍ പുതിയ രീതിയിലുള്ള ഡിസ്‌പ്ലെയും ഒക്കെയായി വരുമ്പോള്‍ സാങ്കേതികവിദ്യ വളരെ മുന്നേറി ഇതിന്റെ ആവശ്യം ഇല്ലാതെ വന്നേക്കാമെന്നു പറയുന്നവരുമുണ്ട്. അഭ്യൂഹങ്ങള്‍ വച്ച് ഇനിയും ധാരാളം പണിക്കുറവുകള്‍ തീര്‍ക്കാനുണ്ട്. അതാകട്ടെ, വളരെ ചിലവുള്ള കാര്യവും.

സ്‌ക്രീന്‍ സൃഷ്ടിച്ചു കഴിഞ്ഞാല്‍ ഒരു പക്ഷേ, തങ്ങള്‍ക്കു വേണ്ടത്ര സ്‌ക്രീനുകള്‍ നിര്‍മിക്കാന്‍ പുറംപാര്‍ട്ടികളെ ഏല്‍പ്പിച്ചു കൂടായ്ക ഇല്ലെന്നും വാര്‍ത്ത പറയുന്നു. കാരണം ഇപ്പോള്‍ ആപ്പിള്‍ ഡിസ്‌പ്ലെ വികസിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന അവരുടെ കാലിഫോര്‍ണിയയിലെ പ്ലാന്റില്‍ വന്‍തോതില്‍ ഉത്പാദനം സാധ്യമല്ല. (ഒരു പക്ഷേ, പുതിയ ഡിസ്‌പ്ലെ ആപ്പിള്‍ വാച്ചിനു വേണ്ടിയോ, കമ്പനിയുടെ നിര്‍മാണത്തിലിരിക്കുന്നു എന്നു പറയുന്ന സ്മാര്‍ട് ഗ്ലാസിനു വേണ്ടിയോ ആകാം.) എന്നാല്‍ എല്ലാം സ്വന്തമായി നിര്‍മിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ ഡിസ്‌പ്ലെ വികസിപ്പിക്കുന്നതെന്നും പറയുന്നു. 

ഇപ്പോള്‍ ആപ്പിള്‍ വാച്ചിന്റെ ഡിസ്‌പ്ലെ നല്‍കുന്നത് എല്‍ജിയാണ്. അവര്‍ തന്നെയാണ് ഗൂഗിള്‍ പിക്‌സല്‍ ഫോണിന്റെ ഡിസ്‌പ്ലെയും നിര്‍മിക്കുന്നത്. ഐഫോണ്‍ Xന്റെ ഡിസ്‌പ്ലെ നിര്‍മിച്ചിരിക്കുന്നത് ആപ്പിളിന്റെ ബദ്ധവൈരിയായ സാംസങ്ങിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. സാംസങ്ങിന്റെ ഡിസ്‌പ്ലെയില്‍ ആപ്പിള്‍ നിര്‍ദ്ദേശിച്ച കളറിന്റെ വ്യത്യാസം വരുത്തിയാണ് ഈ ഡിസ്‌പ്ലെ നിര്‍മിച്ചിരിക്കുന്നത്. അതായയത് കളര്‍ എപ്പോഴും യഥാര്‍ഥ നിറങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുമ്പോള്‍ സാംസങ് കൂടുതല്‍ പൂരിതമാക്കാന്‍ ശ്രമിക്കുന്നു. ബൂസ്റ്റു ചെയ്ത കളറുകളാണോ അതോ യാഥാര്‍ഥ്യത്തോട് അടുത്തു നില്‍ക്കുന്ന നിറങ്ങളാണോ നല്ലതെന്ന ചോദ്യത്തില്‍ അര്‍ഥമില്ല. അത് ഓരോ വ്യക്തിയുടെയും ഇഷ്ടമാണ്. അതുകൊണ്ടാകാം സാംസങ്ങിന്റെ ഡിസ്‌പ്ലെ ഇഷ്ടപ്പെടുന്നവര്‍ക്ക് ആപ്പിളിന്റെ സ്‌ക്രീനും തിരിച്ചും ഇഷ്ടപ്പെടാത്തത്. 

ആപ്പിള്‍ പാര്‍ക്ക് ക്യാമ്പസിനടുത്താണ് 62,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ആപ്പിളിന്റെ പുതിയ ഡിസ്‌പ്ലെ നിര്‍മാണ ലാബ്. ഏകദേശം 300 എൻജിനീയര്‍മാര്‍ക്കാണ് പുതിയ മൈക്രൊലെഡ് എല്‍ഇഡി 'വളര്‍ത്തിയെടുക്കാനുള്ള' (grow) ചുമതല ആപ്പിള്‍ നല്‍കിയിരിക്കുന്നതത്രെ.