Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അവർ എന്നെയും ചോർത്തി; ടെക് കമ്പനികളെ പിടിച്ചുകെട്ടണം’

mark-zuckerberg

തുടർച്ചയായ രണ്ടാം ദിവസവും അമേരിക്കന്‍ സെനറ്റ് കമ്മിറ്റിക്കു മുൻപില്‍ ഹാജരായ ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് അദ്ദേഹത്തിന്റെ സ്വന്തം ഡേറ്റയും ദുരുപയോഗം ചെയ്‌തോ എന്ന ചോദ്യത്തിന് 'ഉവ്വ്' എന്ന ഉത്തരമാണ് നല്‍കിയത്. എന്നാല്‍ തന്റെ സ്വതസിദ്ധമായ രീതിയില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പറയാതെ ഒഴിഞ്ഞുമാറുകയും ചെയതു. 

ചോദ്യം ചെയ്യലില്‍ ഉടനീളം സക്കര്‍ബര്‍ഗ് തന്റെ കമ്പനിയുടെ നയങ്ങളെ ന്യായീകരിക്കുകയും ചെയ്തു.  ഉപയോക്താക്കളുടെ ഡേറ്റ ഫെയ്സ്ബുക്കിന്റെ തന്നെ കണ്ണുകളില്‍ നിന്നും തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്നും സംരക്ഷിക്കുന്നതിനെ പറ്റിയുള്ള ചോദ്യങ്ങളും ഉത്കണ്ഠകളും ചില സെനറ്റര്‍മാരുടെ ചോദ്യങ്ങളില്‍ കേള്‍ക്കാമായിരുന്നു. 

ഫെയ്‌സ്ബുക്കിനു വ്യക്തികളുടെ ഡേറ്റയുടെ മേല്‍ ഒരു നിയന്ത്രണവും ഇല്ലാത്തപ്പോള്‍ ഉപയോക്താക്കള്‍ക്ക് എങ്ങനെയാണ് നയന്ത്രണം ഉണ്ടാകുക എന്ന് ന്യൂ ജേഴ്‌സിയുടെ പ്രതിനിധി ഫ്രാങ്ക് പാലോണ്‍ ചോദിച്ചു. ഓരോ തവണയും ഒരാള്‍ ഫെയ്‌സ്ബുക്കില്‍ എന്തെങ്കിലും ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുമ്പോള്‍ അതു നിയന്ത്രിച്ചു തന്നെ ചെയ്യാമെന്നാണ് സക്കര്‍ബര്‍ഗ് ആവര്‍ത്തിച്ചു പറഞ്ഞത്. പക്ഷേ, ഇതൊന്നും ഫെയ്‌സ്ബുക്കിന്റെയോ, ആപ്പുകളുടെയൊ ദൃഷ്ടിയില്‍ പെടാതെയല്ല എന്നതിലാണ് സ്വകാര്യതയുടെ പ്രശ്‌നം ഉദിക്കുന്നത്.

അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്യലിന് ഇരുന്നു കൊടുത്ത സക്കര്‍ബര്‍ഗ് പുതിയ നിയമനിര്‍മാണത്തെ പിന്തുണയ്ക്കുന്ന കാര്യത്തിലോ ഫെയ്‌സ്ബുക്കിന്റെ ഭാവി നീക്കങ്ങളെക്കുറിച്ചോ ഒരു ഉറപ്പും നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ഫെയ്‌സ്ബുക്ക് ഷെയറുകള്‍ തിരിച്ചു കയറുകയും ചെയതു. ഫെയ്‌സ്ബുക്ക് തകര്‍ന്നാല്‍ പിതനായിരക്കണക്കിന് ഓഹരിയുടമകളുടെ പണം പോകുമെന്നതും ഒരു സത്യമാണ്. എന്നാല്‍ ഫെയ്‌സ്ബുക്കിലുള്ള താത്പര്യം അമേരിക്കന്‍ ഉപയോക്താക്കള്‍ക്കിടയില്‍ കുത്തനെ ഇടിഞ്ഞു. കമ്പനിക്കു പരസ്യം നല്‍കുന്നവരുടെയും കമ്പനിയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരുടെയും എണ്ണവും കുറഞ്ഞുവെന്നാണ് അമേരിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രണ്ടാം സെഷനിലെ സക്കര്‍ബര്‍ഗിന്റെ ഒരു സുപ്രധാനമായ അഭിപ്രായം ഇന്റര്‍നെറ്റ് കമ്പനികള്‍ക്കുമേല്‍ നിയന്ത്രണം ആവശ്യമാണെന്നതായിരുന്നു. എന്നാല്‍ എന്തുതരം നിയന്ത്രണമാണ് വരേണ്ടത് തുടങ്ങിയ ചര്‍ച്ചകളിലേക്ക് തന്നെ വലിച്ചിഴയ്ക്കാന്‍ അനുവദിക്കാതെ അദ്ദേഹം മാറിനില്‍ക്കുകയും ചെയ്തു. കാലിഫോര്‍ണിയ സ്വകാര്യതയ്ക്കു വേണ്ടി നിര്‍മിച്ചു വന്ന നിയമത്തെ ഫെയ്‌സ്ബുക്ക് ഇതുവരെ എതിര്‍ത്തിരുന്നു. എന്നാല്‍, കമ്പനി അതിനെതിരെയുള്ള നീക്കങ്ങള്‍ ഇന്നലെ നിർത്തിയെന്നതും ശ്രദ്ധേയമാണ്.  

ചോദ്യം ചെയ്യലില്‍ ഉടനീളം സ്വകാര്യതയെക്കുറിച്ചു ആരോ പറഞ്ഞുകൊടുത്തു പഠിപ്പിച്ചു വിട്ടാലെന്നവണ്ണം സ്വകാര്യതയെക്കുറിച്ചും മറ്റുമുള്ള പഴമ്പുരാണങ്ങള്‍ മുഷിപ്പന്‍ രീതിയില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഓരോ സെനറ്റര്‍ക്കും നാലു മിനിറ്റാണ് സക്കര്‍ബര്‍ഗിനോടു ചോദ്യം ചോദിക്കാന്‍ അനുവദിച്ചിരുന്നത്. ഇതാകട്ടെ ഗൗരവമുള്ള കാര്യങ്ങള്‍ ചോദിച്ചറിയാന്‍ തികച്ചും അപര്യാപ്തവുമായിരുന്നു. നീണ്ടതും കാര്യമാത്ര പ്രസക്തമല്ലാത്തതുമായ വാചകക്കസര്‍ത്തിലൂടെ സക്കര്‍ബര്‍ഗ് സെനറ്റ് മെമ്പര്‍മാരെ പറ്റിച്ചു കൊണ്ടിരുന്നു. സക്കര്‍ബര്‍ഗിന്റെ വായാടിത്തത്തിന് കടിഞ്ഞാണിട്ട ഒരാള്‍ റിപ്പബ്ലിക്കന്‍ പ്രതിനിധി മാര്‍ഷ ബ്ലാക്‌ബേണ്‍ ആയിരുന്നു. നിങ്ങളുടെ ഈ കപട വാചകക്കസര്‍ത്ത് അനുവദിച്ചു തരാന്‍ പറ്റില്ലെന്നു പറഞ്ഞ് അവര്‍ സക്കര്‍ബര്‍ഗിന്റെ സംഭാഷണം മുറിക്കുക പോലും ചെയ്തു. കാര്യമായ വെളിപ്പെടുത്തലുകള്‍ ഒന്നും ഇന്നലെയും ഉണ്ടായില്ല.

നിലവില്‍ ഫെയ്സ്ബുക്കിനെ പോലെയുള്ള കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ ഒരു രാജ്യത്തിന്റെ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നതും, ശരാശരി ഉപയോക്താവിന്റെ ഡിജിറ്റല്‍ സാക്ഷരതയില്ലായ്മയുമാണ് ഫെയ്‌സ്ബുക്കിനെ പോലെയുള്ള ഇന്റര്‍നെറ്റ് ഭീമന്മാര്‍ കൊഴുക്കാന്‍ കാരണം. കോടതിയില്‍ പോയിട്ട് യാതൊരു കാര്യവുമില്ല. ഒരോരുത്തരും ഫെയ്‌സ്ബുക്ക് പോലെയുള്ള സര്‍വീസുകള്‍ക്ക് സൈന്‍-അപ് ചെയ്യുന്ന സമയത്ത് ഇതെല്ലാമാണ് അവര്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍സായി ചേര്‍ത്തിരിക്കുന്നത്. അക്കൗണ്ട് ക്രിയേറ്റു ചെയ്ത സമയത്ത് അക്‌സപ്റ്റ് ബട്ടണില്‍ ക്ലിക്കു ചെയ്തത് ഓര്‍ക്കുന്നുണ്ടോ. തന്റെ ചെയ്തികള്‍ നോക്കിയിരിക്കാനുള്ള അനുവാദം ഓരോ ഉപയോക്താവും ഫെയ്ബുക്കിനു നല്‍കിയിട്ടുണ്ട്. സ്വകാര്യത സംരക്ഷിക്കപ്പെടാന്‍, രാജ്യങ്ങളുടെ കോര്‍ട്ടിലാണ് ഇപ്പോള്‍ പന്തുള്ളതെന്നു വ്യക്തമാണ്.

related stories