വിലക്കുറവിന്റെ ‘മാജിക്ക്’മായി തോംസൺ സ്മാർട് ടിവി, ഇതിലും കുറവ് സ്വപ്നങ്ങളിൽ

രാജ്യത്തെ മുൻനിര ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ വിതരണ കമ്പനിയായ തോംസൺ ചൈനീസ് ഷവോമിയെ കീഴടക്കാൻ രണ്ടും കൽപിച്ച് തന്നെയാണ്. വിലക്കുറവിന്റെ മാജിക്കുകളുമായി നിരവധി തവണ ഉപഭോക്താക്കൾക്ക് മുന്നിലെത്തിയ ഫ്രാൻസ് കമ്പനി തോംസൺ പുതിയ മൂന്നു സ്മാർട് ടിവികളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്മാർട് ടിവി വിൽക്കുന്നതും തോംസൺ തന്നെ. നേരത്തെ ഈ സ്ഥാനം ഷവോമിക്കായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഫ്ലിപ്കാർട്ടിൽ ഫ്ലാഷ് സെയില്‍ നടന്നപ്പോൾ നിമിഷ നേരത്തിനുള്ളിലാണ് മൂന്നു മോഡൽ സ്മാർട് ടിവികളും വിറ്റുപോയത്. 32, 40, 43 ഇഞ്ച് വേരിയന്റുകളാണ് തോംസൺ അവതരിപ്പിച്ചത്. നോയിഡയിൽ നിർമിച്ച ടെലിവിഷനുകൾക്ക് ‘മെയ്ഡ് ഇൻ ഇന്ത്യ’ ടാഗ്‌ലൈനുമുണ്ട്. കുറഞ്ഞ വിലയ്ക്ക് സ്മാർട് ടിവി വിൽക്കുന്ന മൈക്രോമാക്സ്, ഷവോമി എന്നിവർക്ക് വൻ വെല്ലുവിളിയാണ് തോംസൺ. 

32 ഇഞ്ചിന്റെ എൽഇഡി സ്മാർട് ടിവി ബി9 വിൽക്കുന്നത് 13,499 രൂപയ്ക്കാണ്. 20 W സ്പീക്കർ ഔട്പുട്, അൾട്ര എച്ച്ഡി–4എക്സ് ഡിസ്പ്ലെ എന്നിവ പ്രധാന ഫീച്ചറുകളാണ്. 178 ഡിഗ്രി വ്യൂ ആംഗിൾ, 1.4GHz ഡ്യുവൽ കോർ കോർട്ടക്സ്–എ53 പ്രോസസർ, 1ജിബി റാം, 8 ജിബി സ്റ്റോറേജ്, ആൻഡ്രോയ്ഡ് കിറ്റ്കാറ്റ് ഒഎസ് എന്നിവ മറ്റു ഫീച്ചറുകളാണ്.

40 ഇഞ്ചിന്റെ എൽഇഡി സ്മാർട് ടിവി ബി9 വിൽക്കുന്നത് 19,999 രൂപയ്ക്കും 43 ഇഞ്ചിന്റെ എൽഇഡി സ്മാർട് ടിവി ബി9 വിൽക്കുന്നത് 27,999 രൂപയ്ക്കുമാണ്. 40 ഇഞ്ച്, 32 ഇഞ്ച് വേരിയന്റിലെ ഒഎസ് ആൻഡ്രോയ്ഡ് ലോലിപോപ്പാണ്. രണ്ടിലും 1ജിബി റാം, 8 ജിബി സ്റ്റോറേജുണ്ട്.