148 പേർ നിലവിളിച്ചു, മുന്നിൽ മരണം, ദൈവത്തെ വിളിച്ചു, വിമാന എൻജിൻ പൊട്ടിത്തെറിച്ചു

അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് യാതൊരു പ്രശ്നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ തുടക്കം. രാവിലെ 11 മണിയോടെ സൗത്ത്‌വെസ്റ്റ് എയർലെൻസിന്റെ ആ 1380 ഫ്ലൈറ്റ് പറന്നുയർന്നു. പക്ഷേ മുന്നേമുക്കാൽ മണിക്കൂർ വരുന്ന യാത്രയിൽ കാൽ മണിക്കൂർ തികയും മുൻപ് ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങൾ. യാത്രക്കാരും സ്റ്റാഫംഗങ്ങളും നിലവിളിയോടെയാണ് അതിനെ നേരിട്ടത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവിൽ വിമാനം സുരക്ഷിതമായി താഴെയെത്തിയപ്പോൾ യാത്രക്കാർ പറഞ്ഞു: ‘വിമാനം തകർന്നെന്നാണു കരുതിയത്. ആ ദുർഘട നിമിഷങ്ങളിൽ പലരും ദൈവത്തെ വിളിച്ചു, പലരും പരസ്പരം കെട്ടിപ്പിടിച്ച് ഗുഡ് ബൈ പറഞ്ഞു. ഭയന്നുവിറച്ച യാത്രക്കാരെ ആശ്വസിപ്പിക്കാനാവാതെ വിമാന ജീവനക്കാരും.

ന്യൂയോർക്കിൽ നിന്ന് ദല്ലാസിലേക്കുള്ള സൗത്ത്‌വെസ്റ്റ് എയർലെൻസിന്റെ വിമാനത്തിലായിരുന്നു കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്ര തുടങ്ങി 15 മിനിറ്റ് കഴിഞ്ഞ നേരം. പെട്ടെന്നാണ് തികച്ചും അപ്രതീക്ഷിതമായി ഒരു വൻ സ്ഫോടനം കേട്ടത്. ഈ സമയം വിമാനം 31,000 അടി മുകളിൽ പറക്കുകയായിരുന്നു. യാത്രക്കാരെല്ലാം യാത്ര ആസ്വദിക്കുന്ന സമയത്താണ് വൻ ദുരന്തം സംഭവിച്ചത്. വിമാനത്തിന്റെ ഇടതു ഭാഗത്തുനിന്നാണ് വലിയ ശബ്ദം കേട്ടത്. വിമാനം പൊട്ടിത്തെറിച്ചെന്നാണ് യാത്രക്കാർ കരുതിയത്. സ്ഫോടനത്തിന്റെ കാഴ്ച ചില യാത്രക്കാർ നേരിട്ടു കണ്ടതോടെ വിമാനത്തിനകത്ത് കൂട്ടക്കരച്ചിലായി.

അമേരിക്കയിൽ ഒൻപത് വർഷമായി സർവീസ് നടത്തുന്ന കമ്പനിയാണ് സൗത്ത് എയർലെൻസ്. ദുരന്തത്തിൽ ഏഴു പേർക്കാണ് പരുക്കേറ്റത്. മാരകമായി പരുക്കേറ്റ യാത്രക്കാരനാണ് മരിച്ചത്. പലർക്കും പരുക്കേറ്റ് രക്തം വരാൻ തുടങ്ങിയതോടെ ആകെ ബഹളമായി.

എൻജിൻ പൊട്ടിത്തെറിച്ചതോടെ ജനൽ ചില്ലുകൾ തകർന്നു. വിമാനത്തിനകത്തെ മർദ്ദത്തിൽ മാറ്റം വന്നു. വിമാനത്തിന്റ ഒരു ഭാഗം പൊട്ടിത്തെറിക്കുന്നത് കണ്ടതോടെ ഞങ്ങൾ കരച്ചിൽ തുടങ്ങിയെന്നാണ് പരുക്കേറ്റ യുവതി പറഞ്ഞത്. എല്ലാം തീർന്നുവെന്നും മരണം മുന്നിലെത്തിയെന്നും കരുതിയ നിമിഷങ്ങളാണ് കഴിഞ്ഞുപോയത്.

സ്വാഭാവികമായും യാത്രക്കാരുടെ മുന്നിലേക്ക് ഓക്സിജൻ മാസ്കുകൾ വന്നുവീണുവെന്നാണ് അറിയുന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാൻ 143 യാത്രക്കാരും ചുറ്റിലും നോക്കിയപ്പോൾ സ്റ്റാഫ് അംഗങ്ങൾ എന്തൊക്കെയോ ഭീതിയോടെ വിളിച്ചു പറയുന്നുണ്ടായിരുന്നു. പലരും അവരുടെ വീട്ടിലേക്ക് മൊബൈലിൽ നിന്ന് ‘അവസാന’ മെസേജുകൾ വരെ അയച്ചു. ‘കാബിൻ പ്രഷർ’ നഷ്ടപ്പെട്ടതും യാത്രക്കാരുടെ ഭയം വർധിപ്പിച്ചു.

സൗത്ത്‌വെസ്റ്റ് എയർലെൻസ് അപകടത്തിൽ ഒരു യാത്രക്കാരൻ മരിക്കുന്നത് ഒൻപത് വര്‍ഷത്തിനിടെ ഇതാദ്യമാണെന്ന് കമ്പനി വക്താവ് പറഞ്ഞു. ഇതിനു മുന്‍പ് 2009 ഫെബ്രുവരി 12നാണ് അപകടം സംഭവിച്ചത്. അന്ന് 49 യാത്രക്കാർ ഉൾപ്പടെ 50 പേരാണ് മരിച്ചത്.

വിമാനത്തിലിരുന്ന വൈഫൈ ഉപയോഗിച്ചിരുന്നവർ ആ നിമിഷം തന്നെ ചിത്രങ്ങളും കുറിപ്പുകളും സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്തിരുന്നു. എല്ലാവരും അവസാന സന്ദേശം ഫെയ്സുബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു. 30,000 അടി മുകളിൽ മണിക്കൂറിൽ 500 മൈല്‍ വേഗത്തില്‍ പറക്കുന്ന വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചാലുണ്ടാകുന്ന ദുരന്തം വലുതായിരുന്നു. എന്നാൽ പൈലറ്റിന്റെ ധൈര്യം കൊണ്ടു മാത്രമാണ് 148 പേരും രക്ഷപ്പെട്ടത്.

ഇന്ധന ടാങ്കിലെ ചില പ്രശ്നങ്ങൾ കാരണമാണ് ദുരന്തം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. CFM56-7B എൻജിനാണ് സൗത്ത്‌വെസ്റ്റിന്റെ ബോയിങ് 737–700 വിമാനത്തിലുള്ളത്. സിഎഫ്എം ഇന്റർനാഷണല്‍ കമ്പനിയാണ് ഇത് നിർമിച്ചിരിക്കുന്നത്. 737–700 വിമാനങ്ങൾക്ക് വേണ്ട എൻജിനുകൾ ഈ കമ്പനിയാണ് വിതരണം ചെയ്യുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വിമാന എൻജിനും സിഎഫ്എം തന്നെയാണ്. ഏകദേശം 6700 വിമാനങ്ങളിൽ സിഎഫ്എം എൻജിനുകൾ ഉപയോഗിക്കുന്നുണ്ട്. ഈ എൻജിൻ ഉപയോഗിച്ച് വിമാനങ്ങൾ 350 മില്ല്യൻ മണിക്കൂര്‍ വരെ പറന്നിട്ടുണ്ട്.