ഗൂഗിൾ സെർവറിലെ തകരാർ കണ്ടെത്തിയ മലയാളി സ്കൂൾ വിദ്യാർഥിക്ക് അംഗീകാരം

സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ തെറ്റുതിരുത്തിയ മലയാളി വിദ്യാർഥിക്ക് ഹാള്‍ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ ഇന്റേണൽ സെർവറിലെ തകരാർ കണ്ടെത്തിയ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി അഭിഷേക് സിദ്ധാർഥിനാണ് അംഗീകാരം ലഭിച്ചത്. അഭിഷേക് നേരത്തെയും ഗൂഗിൾ അംഗീകാരം നേടിയിട്ടുണ്ട്. ഈ അംഗീകാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി കൂടിയാണ് പതിനാറുകാരനായ അഭിഷേക്. നിരവധി ബഗ്ഗുകൾ കണ്ടെത്തി ഗൂഗിളിനെ അറിയിച്ച് പ്രശ്നം പരിഹരിക്കുന്നത് അഭിഷേകിന്റെ ഹോബിയാണ്.

പ്രധാന ഡൊമെയിനുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർ‌ക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിന് ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. ഈ പട്ടികയിലാണ് അഭിഷേകും ഇടം നേടിയിരിക്കുന്നത്. 

ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്‍കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം (Google Vulnerability Reward Program) എന്നാണ് ഇതിനെ വിളിക്കുന്നത്.   

തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്. 10 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ അഭിഷേകിന്റെ സ്ഥാനം 2–ാം പേജിലാണ്. 95 ആണ് അഭിഷേകിന്റെ റാങ്ക്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നൽകും മുൻപെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ് ഗൂഗിൾ രീതി. 

ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിമിൽ തന്നെ നാലു തവണ ഇടംപിടിച്ചിട്ടുള്ള അഭിഷേക് മൈക്രോസോഫ്റ്റ്, കറൻസി ക്ലൗഡ്, സോണി, ഇകെയർ, സിഡ്ൻ, ഇന്റെൽ, അവിറ, സ്കോട്‌ലാൻഡ് റോയൽ ബാങ്ക്, ഏലിയന്‍വോൾട്ട്, ഡി നെതർലൻഡ് ബാങ്ക്, SIDN.NL, സ്മോക്‌സ്ക്രീൻ എന്നിവയുടെ അംഗീകാരങ്ങളും നേടിയിട്ടുണ്ട്.

ആറ്റിങ്ങൽ ശ്രീ ഗോകുലം പബ്ലിക് സ്കൂൾ വിദ്യാർഥിയാണ് അഭിഷേക്. ബയോ കംപ്യൂട്ടർ സയൻസ് പഠിക്കുന്ന അഭിഷേകിന് ചെറുപ്പത്തിലെ വെബ് ഡിസൈൻ, വെബ് ഡവലപ്പിങ് മേഖലയിൽ താൽപര്യമുണ്ടായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് വെബ് ഡവലപ്പിങ്, ഡിസൈൻ പഠിക്കുന്നത്. എല്ലാം ഓൺലൈൻ വഴിയാണ് പഠിച്ചെടുത്തത്. 

പ്ലസ്‌വണ്ണിന് പഠിക്കുമ്പോഴാണ് എത്തിക്കൽ ഹാക്കിങ്, സൈബർ സെക്യൂരിറ്റി വിഷയങ്ങൾ പഠിക്കാൻ തുടങ്ങിയത്. എത്തിക്കൽ ഹാക്കിങ്ങിന്റെ ബാലപാഠങ്ങളെല്ലാം ഓൺലൈൻ വഴിയാണ് പഠിച്ചത്. കൂടാതെ എത്തിക്കൽ ഹാക്കർമാരുടെ ഗ്രൂപ്പുകളിൽ അംഗമായതോടെ നിരവധി സുഹൃത്തുക്കൾ സഹായിക്കാനെത്തി. സംശയങ്ങൾക്കെല്ലാം അവർ മറുപടി നൽകി സഹായിച്ചെന്നും അഭിഷേക് പറയുന്നു. ഏറെ ഇഷ്ടപ്പെട്ട വിഷയമായതിനാൽ എത്തിക്കൽ ഹാക്കിങ്ങിൽ ലഭിക്കാവുന്ന വിവരങ്ങളെല്ലാം പഠിച്ചെടുത്തു. ഓൺലൈൻ ഗ്രൂപ്പുകളിൽ നിന്നാണ് എത്തിക്കല്‍ ഹാക്കിങ്ങിൽ അഭിഷേകിന് വേണ്ട മാർഗനിർദേശങ്ങൾ ലഭിച്ചത്. 

ഒട്ടുമിക്ക കംപ്യൂട്ടർ ഭാഷകളും ഓൺലൈൻ വഴിയാണ് അഭിഷേക് പഠിച്ചെടുത്തത്. കോഡ് അക്കാദമി എന്ന ഓണ്‍ലൈൻ വെബ്സൈറ്റ് വഴിയാണ് കംപ്യൂട്ടർ കോഡിംഗ് പഠിച്ചെടുത്തത്. എസ്‌ക്യുഎൽ സാങ്കേതികതയുടെ അടിസ്ഥാന വിവരങ്ങൾ പഠിച്ചെടുത്തത് സ്കൂളിൽ‌ നിന്നാണ്. ശേഷിക്കുന്ന വിവരങ്ങൾ ഓൺലൈൻ വഴി പഠിച്ചെടുത്തു. ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂർ സമയമെങ്കിലും എത്തിക്കൽ ഹാക്കിങ് പഠിക്കാൻ ചെലവിടാറുണ്ടെന്നും അഭിഷേക് പറഞ്ഞു. 

പതിനഞ്ചു വർഷമായി വിദേശത്തു ജോലി ചെയ്യുന്ന അച്ഛൻ സിദ്ധാർഥും അമ്മ എസ് ഗിരിജ ദേവിയും അഭിഷേകിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നു. കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി സ്വന്തമാക്കി നല്ലൊരു ഐടി കമ്പനിയിൽ ജോലി ചെയ്യണമെന്നതാണ് അഭിഷേകിന്റെ സ്വപ്നം.