6.8 ലക്ഷം കോടി മൂല്യമുള്ള ടെക് കമ്പനി, ഇത് ഇന്ത്യയിലാദ്യ സംഭവം, വിപണി കുതിച്ചുകയറി

സാങ്കേതിക ലോകത്ത് അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഏറ്റവും കൂടുതൽ സാങ്കേതിക വിദഗ്ധരെയും സോഫ്റ്റ്‌വെയറുകളും കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യ തന്നെ. സോഫറ്റ്‌വെയര്‍ കയറ്റുമതിയിലും മറ്റു ടെക് സര്‍വീസുകളിലും കുറഞ്ഞ കാലത്തിനിടെ വൻ നേട്ടമുണ്ടാക്കിയ കമ്പനിയാണ് ടാറ്റ കൺസൽറ്റൻസി സർവീസ് (ടിസിഎസ്). വിപണി മൂല്യത്തിന്റെ കാര്യത്തിൽ ടിസിഎസ് റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്.

വിപണി മൂല്യം 10,000 കോടി ഡോളർ കടന്നു. അതായത് ഏകദേശം 6,80,912.10 കോടി രൂപ. ആദ്യമായാണ് ഇന്ത്യൻ ഐടി കമ്പനിയുടെ വിപണി മൂല്യം 10,000 കോടി ഡോളർ കടക്കുന്നത്. മികച്ച വാർഷിക ഫലം പുറപ്പെടുവിച്ചതിനെ തുടർന്ന് ടിസിഎസിന്റെ ഓഹരി വില കുതിച്ചു കയറി. 

അമേരിക്കന്‍ ഐടി കമ്പനിയായ അക്സെഞ്ചറിനേക്കാള്‍ വിപണി മൂല്യം ഇപ്പോള്‍ ടിസിഎസിന് അവകാശപ്പെടാം. 52 ഇന്ത്യന്‍ ഐടി കമ്പനികളുടെ ആകെ വിപണി മൂല്യത്തേക്കാള്‍ അധികണാണ് ടിസിഎസിന്റെ ഇപ്പോഴത്തെ മൂല്യം. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ടിസിഎസിന്റെ ഓഹരിവില വര്‍ധനയ്ക്ക് ഇടയാക്കി. 25 പൈസ കുറഞ്ഞ് 66 രൂപയാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.

2010ലാണ് ടിസിഎസ് 2500 കോടി ഡോളര്‍ വിപണി മൂല്യമുള്ള കമ്പനിയായി മുന്നേറ്റം നടത്തുന്നത്. മൂന്നു വർഷത്തിനുള്ളിൽ 5000 കോടി ഡോളര്‍ പിന്നിട്ടു. ഇപ്പോള്‍ 2018 ആയപ്പോഴേക്ക്  പതിനായിരം കോടി ഡോളര്‍ കമ്പനിയെന്ന കടമ്പയും പിന്നിട്ടു ചരിത്രം കുറിച്ചിരിക്കുന്നു. കഴിഞ്ഞ രണ്ടു സെഷനുകളിലായി ടിസിഎസിന് 9 ശതമാനത്തിലേറെ ഓഹരിവില കൂടിയത് മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തിലെ മികച്ച പ്രവര്‍ത്തന ഫലത്തിന്റെ പിന്‍ബലത്തിലാണ്. 

ഇതോടെ റിലയന്‍സ് ഇന്‍ഡസ്്ട്രീസ്, മാരുതി സുസുകി, ഇന്‍ഫോസിസ്, എഫ്എംസിജി പ്രമുഖരായ ഐടിസി, ഹിന്ദുസ്ഥാന്‍ ലീവര്‍ എന്നിവയേക്കാള്‍ പ്രിയമേറിയതായി ടിസിഎസ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ ഏഴുനൂറ് ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. 

ടാറ്റാ ഗ്രൂപ്പിന്റെ മൊത്തം ലാഭത്തിൽ ടിസിഎസിന്റെ പങ്ക് 85 ശതമാനമാണ്. ഇതോടെ ഇന്ത്യയിലെ ഐടി കമ്പനികളുടെ മൊത്തം വിപണി മൂല്യത്തേക്കാൾ 52% ഉയർന്നാണ് ടിസിഎസിന്റെ മൂല്യം. യുഎസിൽ ലിസ്റ്റ് ചെയ്ത ഐടി കമ്പനിയായ അക്സഞ്ചറിന്റെ വിപണി മൂല്യം 9800 കോടി ഡോളർ മാത്രമാണ്.