മൂന്നു സെക്കന്റ് കൂടി താഴോട്ടു പറന്നിരുന്നുവെങ്കിൽ വിമാനം കടലിൽ മുങ്ങിയേനെ

Representative Image

സെന്റ് മാര്‍ട്ടിന്‍ പ്രിന്‍സസ് ജൂലിയാന ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിൽ വിമാനം ഇറങ്ങുന്ന കാഴ്ച രസകരമാണ്. സമീപത്തെ ബീച്ചിൽ നിന്നാൽ വിമാനം താഴ്ന്ന് പറക്കുന്നത് കാണാം. ഇവിടത്തെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് കടലിനു മുകളിലൂടെയാണ് വിമാനം താഴ്ന്ന് പോകുന്നത്. 

എന്നാൽ കഴിഞ്ഞ വർഷം ഇവിടെ വെസ്റ്റ്ജെറ്റ് ഫ്ലൈറ്റ് 2652 വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ചെറിയൊരു അബദ്ധം സംഭവിച്ചു. ലാൻഡ് ചെയ്യാൻ വന്ന വിമാനം കടലിലേക്ക് വീഴാൻ പോകുന്നതു പോലെയാണ് ബീച്ചിലുള്ളവർക്ക് അന്ന് തോന്നിയത്. കാലാവസ്ഥാ പ്രശ്നങ്ങളെ തുടർന്ന് പൈലറ്റിന് ദൂരക്കാഴ്ച വ്യക്തമായിരുന്നില്ല. ഇതേത്തുടർന്ന് ലാൻഡ് ചെയ്യാൻ താഴ്ന്ന് പറന്ന വിമാനം കടലിന്റെ 12 മീറ്റർ അടുത്ത് വരെ വന്നു. കൃത്യമായി പറഞ്ഞാൽ മൂന്നു സെക്കന്റ് കൂടി താഴോട്ടു പറന്നിരുന്നെങ്കിൽ വിമാനം കടലിൽ മുങ്ങുമായിരുന്നു. 164 പേരാണ് അന്ന് വിമാനത്തിലുണ്ടായിരുന്നത്.

ഈ സംഭവത്തിന്റെ ചിത്രങ്ങളും വിഡിയോകളും നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാൽ ഒരു വര്‍ഷത്തിനു ശേഷമാണ് സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ച് ഏഴിനാണ് ടൊറന്റോയിൽ നിന്നെത്തിയ വിമാനം സെന്റ് മാര്‍ട്ടിന്‍ പ്രിന്‍സസ് ജൂലിയാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിൽ ലാൻഡ് ചെയ്യാൻ കുറച്ചു നേരത്തേക്ക് ബുദ്ധിമുട്ടിയത്.

കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടത്. ബോയിങ് 737–800 വിമാനത്തിന്റെ അദ്ഭുത ലാൻഡിങ് നിമിഷങ്ങൾ നേരത്തെ തന്നെ യുട്യൂബിലും ഫെയ്സ്ബുക്കിലും ഹിറ്റായിരുന്നു. വിമാനം റൺവെയ്ക്ക് സമീപത്തെത്തിയപ്പോൾ എയർപോർട്ടിലെ ദൃശ്യത മങ്ങിയിരുന്നു. ആ സമയത്ത് പ്രദേശത്ത് കനത്ത മഴയായിരുന്നു.

എന്നാൽ കാലാവസ്ഥാ പ്രശ്നങ്ങളെ കുറിച്ചോ, റൺവെയിലെ കാഴ്ച കുറവിനെ സംബന്ധിച്ചോ ട്രാഫിക് കൺട്രോൾ പൈലറ്റുമാരെ അറിയിച്ചിരുന്നില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. എയർപോർട്ടിലെ കാലാവസ്ഥയെ കുറിച്ച് പൈലറ്റിന് മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചിരുന്നില്ല. ഇതാണ് പ്രശ്നമായത്. വിമാനത്തിൽ നിന്നുള്ള മങ്ങിയ കാഴ്ച ദൃശ്യങ്ങളും റിപ്പോർട്ടിലുണ്ട്.

റൺവെയിലെ ലൈറ്റുകൾക്കും വേണ്ടത്ര പ്രകാശം ഉണ്ടായിരുന്നില്ല. ശരിക്കും എവിടെയാണ് റൺവെ എന്നു പോലും പൈലറ്റിന് മനസ്സിലായിരുന്നില്ല. സമീപത്തെ ഹോട്ടലും റൺവെയും ഒരു പോലെയാണ് പൈലറ്റ് കണ്ടത്. റൺവെയും ഇടതു ഭാഗത്തായിരുന്നു ഹോട്ടലും. മങ്ങിയ വെളിച്ചത്തിൽ ഹോട്ടലിന്റെ ഭാഗത്തേക്കാണ് വിമാനം ലാൻഡ് ചെയ്യാൻ നീക്കം നടത്തിയിരുന്നത്.