2020ലെ ആപ്പിളിന്റെ 'സ്റ്റാര്‍' ഉപകരണമെന്തായിരിക്കും?

'ആപ്പിള്‍ ഐഫോണിന്റെ ഒരു വയര്‍ലെസ് ചിപ്പിന് വലിയ മാറ്റം കൊണ്ടുവരാന്‍ ഒരുങ്ങുന്നു. ഇതേ സാങ്കേതികവിദ്യ വാതിലിലും പിടിപ്പിച്ചാല്‍ വാതിലുകളും മറ്റും സുരക്ഷിതമായി ഫോണ്‍ ഉപയോഗിച്ചു തുറക്കാം', എന്നാണ് ഇതിനെപ്പറ്റിയുള്ള വിവരം പുറത്തുവിട്ടയാള്‍ പറഞ്ഞത്. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഒഎസ് 12ലെ പ്രധാന ഫീച്ചറുകളില്‍ ഒന്ന് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനില്‍ (Near Field Communication, NFC) വരുത്തുന്ന കാതലായ മാറ്റമാണ്. ഇത് സാധ്യമാക്കാനായി ആപ്പില്‍ വയര്‍ലെസ് ചിപ്പിലും ഇതുവരെ ഇല്ലാത്ത തരം മാറ്റങ്ങള്‍ കൊണ്ടുവരുമത്രെ.

എന്‍എഫ്‌സി ടെക്‌നോളജി സംസങും മറ്റും വളരെ നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. വര്‍ഷങ്ങളോളം ഈ ഫീച്ചര്‍ തങ്ങളുടെ ഉപകരണങ്ങളില്‍ ഉപയോഗിക്കാതിരുന്ന കമ്പനി പിന്നെ ഐഫോണ്‍ 6ല്‍ ആണ് അവരിപ്പിക്കുന്നത്. ആപ്പിള്‍പേ തുടങ്ങിയ സേവനങ്ങളാണ് ഇതിലൂടെ ഇത്രയുംകാലം കിട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആപ്പിള്‍ തങ്ങളുടെ പുതിയ വയര്‍ലെസ് ചിപ്പിലൂടെ വയര്‍ലെസ് സമ്പര്‍ക്കത്തിന് ഒരു പുതുജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നു എന്നതാണ് വാര്‍ത്ത. ഇതു വരികയാണെങ്കില്‍ കൂടുതല്‍ സെക്യൂരിറ്റി സെന്‍സിറ്റീവായ ഇടപാടുകള്‍ക്ക് ഉപയോഗിക്കാനാകും.

വാതിലുകള്‍, കാറിന്റെതടക്കം തുറക്കാനും ട്രാന്‍സിറ്റ് ഫെയറുകള്‍ അടയ്ക്കാനും ഒക്കെ ഉപയോഗിക്കാനാകും. ഉപയോക്താവ് ആരാണ് എന്ന് തിരിച്ചറിയേണ്ട നിരവധി കാര്യങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തിന് വളരുകയാണ് ഈ ടെകനോളജി. കോണ്ടാക്ട്‌ലെസ് ഇടപാടുകളിലെല്ലാം തന്നെ ഇത് ഉപകരിച്ചേക്കും. ഉദാഹരണത്തിന് നിങ്ങള്‍ മുറിയെടുക്കുന്ന ഹോട്ടലിന്റെ ഉടമ മുറിയുടെ വാതിലിലും ചിപ്പ് പിടിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വാതില്‍ തുറക്കാന്‍ ഐഫോണ്‍ മതിയാകും. വേറെ ചാവി വേണ്ടിവരില്ല. വെര്‍ച്വല്‍ ട്രാന്‍സിറ്റ് കാര്‍ഡ് ആയും ഉപയോഗിക്കാം.

ആപ്പിള്‍ ആദ്യമായി ഡെവലപ്പര്‍മാര്‍ക്ക് തങ്ങളുടെ എന്‍എഫ്‌സി ചിപ്പിലേക്ക് ആക്‌സസ് നല്‍കിയത് ഐഒഎസ് 11ല്‍ ആണ്. ഈ വേര്‍ഷനിലാണ് കോര്‍എന്‍എഫ്‌സി (CoreNFC) ഫീച്ചര്‍ ചേര്‍ത്തതും. തുടര്‍ന്ന് റേഡിയോ ഫ്രീക്വന്‍സി ഐഡെന്റിഫിക്കേഷനു വേണ്ടി ആപ്പുകള്‍ക്ക് എന്‍എഫ്‌സി ചിപ്പ് ഉപയോഗിക്കാന്‍ അനുവദിക്കുന്നതും ഐഒഎസ് 11ല്‍ ആണ്. ഇലക്ട്രോമാഗ്നെറ്റിക് ഫീല്‍ഡുകള്‍ ഉപയോഗിച്ചാണ് ഇതു പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഇതിന്റെ ഉപയോഗവും പരിമിതമാണ് എന്നതാണ് ആപ്പിള്‍ പുതിയ ചിപ്പ് എന്ന ആശയം കൊണ്ടുവരാനുള്ള കാരണം. ആപ്പിള്‍ പുതിയ ഫീച്ചറിന്റെ ടെസ്റ്റിങ് തുടങ്ങിക്കഴിഞ്ഞു എന്നും ആപ്പിളിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഐഫോണ്‍ ഉപയോഗിച്ച് ആപ്പിള്‍ പാര്‍ക്കിലെ (Apple Park) കെട്ടിടങ്ങളുടെ വാതിലുകള്‍ തുറക്കാമത്രെ. ആപ്പിള്‍ പാര്‍ക്കില്‍ നടത്തുന്ന ഈ ടെസ്റ്റിങിന് എച്‌ഐഡി ഗ്ലോബല്‍ (HID Global) കമ്പനിയുടെ സഹായവുമുണ്ട്.