Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആപ്പിള്‍ ക്യാമ്പസിലെ കസേരകളില്‍ ഇരിക്കാന്‍ ഒരു സുഖവുമില്ല !

Apple-Campus-2 Apple Flying Saucer Campus

ആപ്പിളിന്റെ ഉപകരണ ഡിസൈനുകളെ പുകഴ്ത്താത്തവരില്ല. കംപ്യൂട്ടറായാലും, മൗസായാലും, കീബോഡ് ആയാലും, ഫോണ്‍ ആയാലും, അതിനെല്ലാം ഒരു ആപ്പിള്‍ സ്പര്‍ശം ഉണ്ട്. നിരവധി ആലോചനകൾക്ക് ശേഷമാണ് ഈ ഡിസൈനുകൾ രൂപപ്പെട്ടിരിക്കുന്നതെന്ന് മനസിലാക്കാം. എന്നാല്‍ പുതിയ ആപ്പിള്‍ ക്യാമ്പസിലെ കസേരകളില്‍ ഇരിക്കാന്‍ ഒരു സുഖവുമില്ല. കുറെ നേരം ഇരുന്നു കഴിയുമ്പോള്‍ ആപ്പിളിന്റെ ജോലിക്കാര്‍ എഴുന്നേറ്റു നില്‍ക്കാന്‍ തോന്നും. ഡിസൈനിങ്ങിലും ഉപയോഗസുഖത്തിനും പേരെടുത്ത ആപ്പിള്‍ എന്തിനാണ് തങ്ങളുടെ പുതിയ ''ഫ്‌ളൈയിങ് സോസര്‍'' ക്യാമ്പസിലെ കസേരകള്‍ ഇങ്ങനെ നിര്‍മിച്ചത് എന്ന് പലര്‍ക്കും സംശയമായി.

അങ്ങനെയിരിക്കെയാണ് ആപ്പിള്‍ മേധാവി ടിം കുക്ക് അതിന്റെ രഹസ്യം ഇന്റര്‍വ്യൂവില്‍ വെളിപ്പെടുത്തിയത്. ഇരിക്കുന്നതാണ് ''പുതിയ ക്യാന്‍സര്‍'' എന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങളുടെ ജോലിക്കാരുടെ ആരോഗ്യത്തിനു വേണ്ടിയാണ് കമ്പനി ഇങ്ങനെ ചെയ്തിരിക്കുന്നതത്രെ. ദീര്‍ഘനേരത്തേക്ക് ഇരിക്കുന്നത് ക്യാന്‍സര്‍ ആണ് എന്നാണ് കുക്ക് പറയുന്നത്. അത് ഒഴിവാക്കാനാണ് ഒട്ടും സുഖം നല്‍കാത്ത ഇരിപ്പിടങ്ങള്‍ തങ്ങളുടെ പുതിയ തൊഴിലിടത്തില്‍ കമ്പനി മനപ്പൂര്‍വ്വം സൃഷ്ടിച്ചത്. കുറച്ചു സമയം എങ്കിലും തങ്ങളുടെ ജോലിക്കാര്‍ എഴുന്നേറ്റു നിന്നു പണിയെടുക്കണമെന്നാണ് ആപ്പിള്‍ പറയുന്നത്. ആരോഗ്യപ്രശ്‌നം കൂടാതെ എപ്പോഴും ഉള്ള ഇരുപ്പ് ജോലിക്കാരെ അലസരാക്കും എന്നതും മറ്റൊരു കാര്യമാണത്രെ.

പുതിയ ആപ്പിള്‍ ക്യാമ്പസില്‍ സ്റ്റാന്‍ഡിങ് ഡെസ്‌കുകള്‍ ഉണ്ട്. ''നില്‍പ്പന്‍'' ജോലിയും ഇനി ആപ്പിള്‍ ജോലിക്കാര്‍ക്കു ചെയ്യാം. തങ്ങളുടെ 100 ശതമാനം ജോലിക്കാര്‍ക്കും സ്റ്റാന്‍ഡിങ് ഡെസ്‌കുകള്‍ നല്‍കിയിരിക്കുന്നതായി കുക്ക് വെളിപ്പെടുത്തി. കുറച്ചു സമയം എഴുന്നേറ്റു നിന്നു ജോലി ചെയ്യുക. പിന്നെ ഇരിക്കുക. പിന്നെയും എഴുന്നേറ്റു നില്‍ക്കുക അങ്ങനെ പണിയെടുക്കുന്നതാണ് ജോലിക്കാരുടെ ആരോഗ്യത്തിനു നല്ലത് എന്നാണ് ആപ്പിള്‍ കണ്ടെത്തിയിരിക്കുന്നത്. ജോലിക്കാരുടെ അലസത കുറയ്ക്കുക എന്ന ''പാര്‍ശ്വഫലം'' ആപ്പിള്‍ ആസ്വദിക്കുകയും ചെയ്യും. 2015ല്‍ തന്നെ കുറേ നേരത്തേക്ക് ഇരിക്കുന്നത് ക്യാന്‍സറാണ് എന്ന തന്റെ വാദമുഖം കുക്ക് വെളിപ്പെടുത്തിയിരുന്നു. ആപ്പിള്‍ വാച്ചിന് നജ് (nudge) ഫീച്ചര്‍ നല്‍കിയതും ഇതിനാലാണ്.

താന്‍ കുറേ നേരത്തേക്ക് ഇരിക്കുകയാണെങ്കില്‍ കണങ്കൈയില്‍ സ്വയം തട്ടി എഴുന്നേല്‍പ്പിച്ച് കുറച്ചു നേരം നടക്കും. കാരണം ഇരിക്കുന്നതാണ് ക്യാന്‍സര്‍ എന്ന് വളരെയധികം ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഒരു മണിക്കൂറാകാന്‍ 10 മിനിറ്റു ശേഷിക്കുമ്പോള്‍ ചലിക്കാന്‍ ആവശ്യപ്പെടുന്ന രീതിയില്‍ കാര്യങ്ങള്‍ ക്രമീകരിക്കണം. ആപ്പിള്‍ വാച്ചില്‍ ഇത് ചെയ്യാം. ആദ്യം തനിക്കത് വിഷമമായിരുന്നു. പക്ഷേ, ക്രമേണ താന്‍ അത് ആസ്വദിക്കാന്‍ തുടങ്ങി. ഈ ഐഡിയ ഗംഭീരമാണ്, കുക്ക് പറയുന്നു.