ആപ്പിള്‍ മാപ്‌സിന്റെ നിലച്ച സര്‍വീസ് പുന:സ്ഥാപിച്ചു

കഴിഞ്ഞ ദിവസം ആപ്പിള്‍ മാപ്‌സില്‍ (Apple Maps) എന്തെങ്കിലും അന്വേഷിച്ചവര്‍ക്ക് ലഭിച്ച മറുപടി 'നോ റിസള്‍ട്‌സ് ഫൗണ്ട്'' ('No Results Found') എന്നാണ്. ലോകത്തെല്ലായിടത്തുമുള്ളവര്‍ക്ക് ഈ സന്ദേശമാണ് ലഭിച്ചത്.

ആപ്പിളിന്റെ മാപ്‌സ് അല്ലെങ്കല്‍ നാവിഗേഷന്‍ ഉപയോഗിക്കാന്‍ ശ്രമിച്ചവര്‍ക്കെല്ലാം ഇതായിരുന്നു അനുഭവം. ഇതിനെ തുടര്‍ന്ന് കമ്പനി തങ്ങളുടെ സിസ്റ്റം സ്റ്റെയ്റ്റസ് വെബ്‌സൈറ്റില്‍ തങ്ങളുടെ മാപ്‌സ് ആപ്പിന് പ്രശ്‌നങ്ങള്‍ നേരിടുകയാണ് എന്ന് ഉപയോക്താക്കളെ അറിയിക്കുകയും ചെയ്തു. എന്താണ് സംഭവിച്ചത് എന്ന് കമ്പനി ഇപ്പോഴും കണ്ടെത്തിയിട്ടില്ല. 

ഈ വിവരം ട്വിറ്ററിലൂടെയും ആപ്പിള്‍ അറിയിക്കുകയുണ്ടായി. എന്നാല്‍, കുറച്ചു സമയത്തിനു ശേഷം മാപ്‌സിന്റെ പ്രവര്‍ത്തനം പഴയ രീതിയിലാക്കാന്‍ ആപ്പിളിനു സാധിക്കുകയും ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

ഗൂഗിള്‍ മാപ്‌സിനു ബദലായി കമ്പനി ഇറക്കിയതാണ് ഈ സേവനം. ആദ്യകാലത്ത് ധാരാളം പഴി കേട്ടുവെങ്കിലും പിന്നീട് പല രാജ്യങ്ങളിലും നല്ല പ്രകടനം നടത്താന്‍ ശേഷിയുള്ള ഒന്നായി മാപ്‌സ് വളരുകയായിരുന്നു. സ്വകാര്യതയെ കുറിച്ച് ബോധമുള്ള ഉപയോക്താക്കള്‍ ഗൂഗിളിന്റെ സേവനം ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നില്ല. ഇവരില്‍ വലിയൊരു ശതമാനം ആളുകളും ആശ്രയിക്കുന്നത് ആപ്പിള്‍ മാപ്‌സിനെയായിരുന്നു. 3D ടെക്‌നോളജിയടക്കം പില്‍ക്കാലത്ത് മാപ്‌സില്‍ കൊണ്ടുവരാന്‍ കമ്പനിക്കു സാധിച്ചിരുന്നു. ഗൂഗിള്‍, ആപ്പിള്‍ മാപ്‌സ് സേവനം കൂടാതെ മൈക്രോസോഫ്റ്റിന്റെ ബിങ് മാപ്‌സും സേവനം നല്‍കുന്നുണ്ട്.