വിസാറ്റ്: 100 Mbps ബ്രോഡ്ബാൻഡുമായി ബിഎസ്എൻഎൽ, നിരക്ക് കുറയും

രാജ്യത്തെ പൊതുമേഖ ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് മികച്ച ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കാൻ പുതിയ ടെക്നോളജി വ്യാപകമാക്കും. വിസാറ്റ് സാറ്റ്‌ലൈറ്റ് ഗേറ്റ്‌വേയ്സ് സംവിധാനം മഹാരാഷ്ട്രയിലെ യേർ, യുപിയിലെ സിക്കന്ദ്രബാദ് എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്.

വിസാറ്റ് ടെക്നോളജിയിലൂടെ 100 എംബിപിഎസ് വേഗത്തിൽ വരെ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാൻ സാധിക്കും. ഗ്രാമങ്ങളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും 100 എംബിപിഎസ് വേഗമുള്ള ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കാൻ വിസാറ്റ് ടെക്നോളജിക്ക് സാധിക്കും. വടക്കു കിഴക്ക് സംസ്ഥാനങ്ങൾ, ജമ്മു കശ്മീർ, ഹിമാചൽ എന്നിവിടങ്ങളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാൻ വിസാറ്റ് ഉപയോഗിക്കാം.

പരിഷ്കരിച്ച എച്ച്ടിഎസ് വിസാറ്റ് ടെക്നോളജി രാജ്യത്ത് എല്ലായിടത്തും 100 എംബിപിഎസ് ഡൗൺലോഡ് വേഗവും 12 എംബിപിഎസ് അപ്‌ലോഡ് വേഗവും സ്വന്തമാക്കാനാകും. ഇതിനാൽ തന്നെ കുറഞ്ഞ നിരക്കിൽ നെറ്റ്‌വർക്ക് സേവനം നൽകാനും ബിഎസ്എൻഎല്ലിന് സാധിക്കും.

ബിഎസ്എൻഎല്ലിന് നിലവിൽ ഒരു കോടി ബ്രോഡ്ബാൻഡ് വരിക്കാരും 11 കോടി മൊബൈൽ വരിക്കാരുമുണ്ട്. സാറ്റ്‌ലൈറ്റ് വഴി ഇന്റർനെറ്റ് ലഭ്യമാക്കാൻ കേന്ദ്ര സർക്കാരും ശ്രമിക്കുന്നുണ്ട്.